ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം വരെ പോരാടിയ ഒരു ടോട്ടല്‍ സഞ്ജു ഷോ; വാലറ്റം ഒരു ചെറിയ പിന്തുണ നല്‍കിയിരുന്നെങ്കില്‍?
Sports News
ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം വരെ പോരാടിയ ഒരു ടോട്ടല്‍ സഞ്ജു ഷോ; വാലറ്റം ഒരു ചെറിയ പിന്തുണ നല്‍കിയിരുന്നെങ്കില്‍?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th October 2022, 11:13 pm

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയം. മഴ കാരണം 40 ഓവറാക്കി ചുരുക്കിയ കളിയില്‍ ദക്ഷിണാഫ്രക്ക ഉയര്‍ത്തിയ 250 എന്ന വിജയലക്ഷ്യം ഇന്ത്യക്ക് മറികടക്കാനായില്ല. ഒമ്പത് റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 249. ഇന്ത്യ 40 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ്.

അവസാന നിമഷം വരെ മികച്ച പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ കളിയില്‍ പുറത്തെടുത്തത്. താരം 63 പന്തില്‍ നിന്ന് 86 റണ്‍സ് അടിച്ചുകൂട്ടി. ഒമ്പത് ഫോറും മൂന്ന് സിക്‌സറും അടങ്ങിയതാണ് സഞ്ജുവിന്റെ ഗോള്‍ഡന്‍ ഇന്നിങ്‌സ്. 50 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ്പ് സ്‌കോറര്‍.

അവസാന ഓവറുകളില്‍ കൂറ്റന്‍ അടിക്ക് ശ്രമിച്ച സഞ്ജുവിന് മത്സരം വിജയത്തിലെത്തിക്കാനായില്ല. താരത്തിന് വാലറ്റം പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ത്യക്ക് വിജയിക്കാമായിരുന്നു. ഇന്ത്യന്‍ ടീമിലെ തന്റെ സാന്നിധ്യത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയായി സഞ്ജുവിന്റെ ഈ ഇന്നിങ്ങ്‌സ്.

63 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഹെന്റിച് ക്ലാസന്‍ 65 പന്തില്‍ 74 റണ്‍സോടെയും പുറത്താകാതെ നിന്നു.

40 ഓവറായി ചുരുക്കിയ കളിയില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ 249 റണ്‍സ്. ശാര്‍ദുല്‍ താകുര്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവും രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റും നേടി.

ടീം ഇന്ത്യ

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഷാര്‍ദൂല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയി, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്.

ടീം ദക്ഷിണാഫ്രിക്ക

തെംബ ബാവുമ (ക്യാപ്റ്റന്‍), ജാനേമന്‍ മലന്‍, ക്വിന്റന്‍ ഡി കോക്ക്, എയ്ഡന്‍ മര്‍ക്രം, ഹെന്റിച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍ണല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ലുങ്കി എന്‍ഗിഡി, ടബ്രിസ് ഷംസി.