ഒരു മുട്ട, രണ്ട് മുട്ട, മൂന്ന് മുട്ട; ഇന്ത്യയുടെ അടിത്തറയിളകി, തിരിച്ചടിച്ച് ഓസീസ്
icc world cup
ഒരു മുട്ട, രണ്ട് മുട്ട, മൂന്ന് മുട്ട; ഇന്ത്യയുടെ അടിത്തറയിളകി, തിരിച്ചടിച്ച് ഓസീസ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th October 2023, 7:06 pm

ഐ.സി.സി ലോകകപ്പിലെ ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ഓസീസ് ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ പൂര്‍ണമായും തകരുന്ന കാഴ്ചയാണ് ചെപ്പോക്കില്‍ കണ്ടത്.

സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.

 

ആദ് ഓവറിലെ നാലാം പന്തില്‍ ഗോള്‍ഡന്‍ ഡക്കായിട്ടായിരുന്നു ഇഷാന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയാണ് ഇഷാന്‍ കിഷന്‍ പുറത്തായത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കായിരുന്നു അടുത്തതായി പൂജ്യത്തിന് പുറത്താകാനുള്ള വിധിയുണ്ടായത്. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു രോഹിത്തിന്റെ മടക്കം. ഓസീസ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ പോലെ ആറ് പന്ത് നേരിട്ട് പൂജ്യം റണ്‍സിനാണ് രോഹിത് മടങ്ങിയത്.

രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ രോഹിത്തിനെ പുറത്താക്കിയ ഹെയ്‌സല്‍വുഡ് അതേ ഓവറില്‍ ഇന്ത്യക്ക് അടുത്ത ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി. ശ്രേയസ് അയ്യരിനെ ബ്രോണ്‍സ് ഡക്കാക്കിയാണ് ഹെയ്‌സല്‍വുഡ് പുറത്താക്കിയത്. ഡേവിഡ് വാര്‍ണറിന് ക്യാച്ച് നല്‍കിയായിരുന്നു അയ്യരിന്റെ മടക്കം.

അതേയമയം, അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. മൂന്ന് പന്തില്‍ നാല് റണ്‍സ് നേടിയ കെ.എല്‍. രാഹുലും 17 പന്തില്‍ അഞ്ച് റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് 199 റണ്‍സ് നേടിയത്. 71 പന്തില്‍ 46 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിനായി ഏറ്റവുമധികം റണ്‍സ് നേടിയത്. 52 പന്തില്‍ 41 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും മികച്ച പിന്തുണ നല്‍കി.

എന്നാല്‍ മറ്റൊരു ബാറ്റര്‍ക്കും തിളങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് ഓസീസ് 200ല്‍ താഴെ റണ്‍സിന് പുറത്തായത്.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

Content highlight: India’s top order collapse against Australia