| Sunday, 26th November 2023, 9:04 pm

ഓസീസിന്റെ റെക്കോഡ് നേടാന്‍ അടിച്ചുകൂട്ടിയത് ഓസീസിനെ തന്നെ; തിരുവനന്തപുരത്ത് റണ്‍ മഴ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 235 റണ്‍സാണ് അടിച്ചുകൂട്ടിയത്.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ യശസ്വി ജെയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഇന്ത്യക്ക് തകര്‍പ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ജെയ്‌സ്വാള്‍ 25 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 53 റണ്‍സ് നേടിയപ്പോള്‍ മൂന്ന് ബൗണ്ടറിയുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 32 പന്തില്‍ 52 റണ്‍സാണ് കിഷന്‍ നേടിയത്.

അവസാന ഓവറിലെ രണ്ടാം പന്തില്‍ നഥാന്‍ എല്ലിസിന് ക്യാച്ച് നല്‍കി പുറത്താകും മുമ്പ് തന്റെ പേരില്‍ 58 റണ്‍സ് എഴുതിച്ചേര്‍ത്താണ് ഗെയ്ക്വാദ് തിരിച്ചുനടന്നത്. 43 പന്തില്‍ നിന്നുമാണ് താരം 58 റണ്‍സ് നേടിയത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

മൂവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡും പിറവിയെടുത്തിരുന്നു. ഫുള്‍ മെമ്പര്‍മാര്‍ക്കിടയില്‍ ടി-20യില്‍ ആദ്യ മൂന്ന് താരങ്ങളും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ചരിത്രത്തിലെ രണ്ടാമത് ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

2019ല്‍ ഓസ്‌ട്രേലിയയാണ് ഈ നേട്ടം ആദ്യമായി കുറിച്ചത്. അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഓസീസിന്റെ നേട്ടം.

അന്ന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഫിഞ്ച് 36 പന്തില്‍ 64 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 62 റണ്‍സാണ് മാക്‌സി സ്വന്തമാക്കിയത്.

56 പന്തില്‍ പത്ത് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ പുറത്താകാതെ 100 റണ്‍സ് ഡേവിഡ് വാര്‍ണറും നേടി. ഇവരുടെ ബാറ്റിങ് കരുത്തില്‍ ഓസീസ് 233 റണ്‍സ് നേടുകയും മത്സരം 134 റണ്‍സിന് വിജയിക്കുകയും ചെയ്തു.

അതേസമയം, ഗ്രീന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ടോപ് ഓര്‍ഡറിന് പുറമെ അഞ്ചാം നമ്പറില്‍ ഇറങ്ങിയ റിങ്കു സിങ്ങും തകര്‍ത്തടിച്ചു. ഒമ്പത് പന്തില്‍ 31 റണ്‍സാണ് റിങ്കു നേടിയത്. നാസ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ വെടിക്കെട്ട്. 344.4 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് റിങ്കു സിങ് റണ്ണടിച്ചുകൂട്ടിയത്.

ഓസ്‌ട്രേലിയക്കായി നഥാന്‍ എല്ലിസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മാര്‍കസ് സ്‌റ്റോയ്‌നിസാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

Content Highlight: India’s Top 3 scored half century against Australia

We use cookies to give you the best possible experience. Learn more