ഐ.സി.സി അണ്ടര്‍ 19 വുമണ്‍സ് ടി-20 ലോകകപ്പില്‍ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടി ഇന്ത്യ. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രേവശിച്ചത്. കോലാലംപൂരിലെ ബയൂമാസ് ഓവലില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 114 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 30 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
ഇന്ത്യയുടെ ലെഫ്റ്റ് ആം സ്പിന്നേഴ്‌സാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. ഇംഗ്ലണ്ട് നിരയില്‍ വീണ എട്ട് വിക്കറ്റുകളും ഇടം കയ്യന്‍ സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്.
സൂപ്പര്‍ താരം പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ, ആയുഷി ശുക്ല എന്നിവരാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്.
സിസോദിയ നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്താണ് വൈഷ്ണവി ശര്‍മ മൂന്ന് വിക്കറ്റെടുത്തത്.
ഓപ്പണര്‍ ജെമീമ സ്‌പെന്‍സ്, സൂപ്പര്‍ താരം ട്രൂഡി ജോണ്‍സണ്‍, വിക്കറ്റ് കീപ്പര്‍ കെയ്റ്റി ജോണ്‍സ് എന്നിവരെയാണ് പരുണിക സിസോദിയ പുറത്താക്കിയത്. ഷാര്‍ലെറ്റ് സ്റ്റബ്‌സ്, പ്രിഷ തന്‍വാല, ഷാര്‍ലെറ്റ് ലാംബെര്‍ട്ട് എന്നിവരെ വൈഷ്ണവിയും മടക്കി.
പരുണിക സിസോദിയ
വൈഷ്ണവി ശര്‍മ
നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങിയ ആയുഷി ശുക്ല രണ്ട് വിക്കറ്റാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാരായ ഓപ്പണര്‍ ഡാവിന പെറിന്‍, ക്യാപ്റ്റന്‍ ആബിഗേല്‍ നോര്‍ഗ്രോവ് എന്നിവരാണ് ആയുഷിയോട് തോറ്റ് പുറത്തായത്.
ആയുഷി ശുക്ല
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാന്‍ സാധിച്ചത്.
ഡാവിന പെറിന്‍ (40 പന്തില്‍ 45), ക്യാപ്റ്റന്‍ ആബിഗേല്‍ നോര്‍ഗ്രോവ് (25 പന്തില്‍ 30) കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. പുറത്താകാതെ 13 പന്തില്‍ 14 റണ്‍സ് നേടിയ അമൃത സുരന്‍കുമാറാണ് ഇംഗ്ലണ്ട് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു താരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ തൃഷ ഗോംഗാഡിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 29 പന്തില്‍ 35 റണ്‍സ് നേടി നില്‍ക്കവെയാണ് ഗോംഗാഡി പുറത്തായത്. ഫോബ് ബ്രെറ്റാണ് വിക്കറ്റ് നേടിയത്.
വണ്‍ ഡൗണായെത്തിയ സനിക ചാല്‍കയെ ഒപ്പം കൂട്ടി ഓപ്പണര്‍ കമാലിനി ജി. സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ കമാലിനി ഇന്ത്യയെ കലാശപ്പോരാട്ടത്തിലേക്കും നയിച്ചു. കമാലിനി 50 പന്തില്‍ 56 റണ്‍സും ചാല്‍കെ 12 പന്തില്‍ 11 റണ്‍സുമായും പുറത്താകാതെ നിന്നു.
ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്.
ഫെബ്രുവരി രണ്ടിനാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍. സൗത്ത് ആഫ്രിക്കയാണ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. 2023ല്‍ ഷെഫാലി വര്‍മയുടെ നേതൃത്വത്തില്‍ സ്വന്തമാക്കിയ ഐ.സി.സി കിരീടം നിലനിര്‍ത്താനുറച്ചാണ് നിക്കി പ്രസാദും സംഘവും ഫൈനലിന് കച്ചമുറുക്കുന്നത്.
Content highlight: India’s three left-arm spinner’s performance in semi-final versus England