| Monday, 18th May 2020, 10:49 am

രാജ്യത്ത് 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് കൊവിഡ്; ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന വര്‍ധനവ്.

5242 പേര്‍ക്കാണ് പുതുതായി ഒരു ദിവസത്തിനിടെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3029 ആയി. ആകെ രോഗബാധിതരുടെ എണ്ണം 96169 ആണ്. 36823 പേര്‍ക്ക് രോഗം ഭേദമായി. 56316 പേരാണ് ചികിത്സയിലുള്ളത്.

ലോക്ക് ഡൗണിന്റെ നാലാംഘട്ടം കൂടുതല്‍ ഇളവുകളോടെ തുടങ്ങുമ്പോഴാണ് ആശങ്കപ്പെടുത്തുന്ന ഈ കണക്കുകള്‍ പുറത്തുവരുന്നത്. ജൂലൈ മാസത്തോടെ രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം വരെയാകാമെന്നാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ള കണക്ക്.

രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാമതും നീട്ടാന്‍ തീരുമാനിച്ചതിന്റെ പിന്നാലെ ഇന്ന് കേന്ദ്ര മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. രാവിലെ 11 മണിക്കാണ് യോഗം.

അതേസമയം നാലാം ഘട്ട ലോക്ക്ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം ഇന്നിറങ്ങും.

മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷകളുടെ നടത്തിപ്പില്‍ അന്തിമ തീരുമാനവും ഇന്നെടുക്കും. വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. സ്‌കൂളുകള്‍ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദ്ദേശം വന്ന സാഹചര്യത്തില്‍ 26ന് തുടങ്ങേണ്ട പരീക്ഷകള്‍ മാറ്റിവെക്കാനിടയുണ്ട്.

ഇതുവരെ പൂര്‍ത്തിയായ എസ്.എസ്.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയവും ഇന്ന് തുടങ്ങും. പൊതു ഗതാഗതവും യാത്രാ വാഹനങ്ങള്‍ അനുവദിക്കുന്നതിലും സംസ്ഥാന സര്‍ക്കാറിന്റെ നയപരമായ തീരുമാനം ഇന്ന് ഉണ്ടാകും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more