ബംഗ്ലാദേശിനെ അടിച്ചുപറത്താന്‍ സഞ്ജു; ആവേശത്തില്‍ ക്രിക്കറ്റ് ലോകം, ഇന്ത്യയുടെ ടി-20 ഐ സ്‌ക്വാഡ് പുറത്ത്
Sports News
ബംഗ്ലാദേശിനെ അടിച്ചുപറത്താന്‍ സഞ്ജു; ആവേശത്തില്‍ ക്രിക്കറ്റ് ലോകം, ഇന്ത്യയുടെ ടി-20 ഐ സ്‌ക്വാഡ് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th September 2024, 10:38 pm

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടി-20 ഐ സ്‌ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ. മലയാളികളുടെ സ്വന്തം സഞ്ജു സാംസണും ടീമില്‍ ഇടം നേടിയത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്.

മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ ആറിന് ഗ്വാളിയോറിലാണ് തുടങ്ങുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തിലുമാണ്.

15 അംഗങ്ങളുള്ള ഇന്ത്യന്‍ സ്‌ക്വാഡിനേയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. യുവ പേസര്‍ മായങ്ക് യാദവും ഹര്‍ഷിദ് റാണയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. മിഡില്‍ ഓര്‍ഡറില്‍ കളിക്കാന്‍ റിങ്കു സിങ്ങും അഗ്രസീവ് ഓപ്പണര്‍ അഭിഷേക് ശര്‍മയും സ്‌ക്വാഡില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ മികച്ച സ്‌ക്വാഡാണ് പുറത്ത് വിട്ടിരിക്കുന്നത്.

സൂപ്പര്‍താരങ്ങളായ ശുഭ്മന്‍ ഗില്‍, യശ്വസി ജെയ്‌സ്വാള്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. മാത്രമല്ല ഏറെ കാലത്തിന് ശേഷ് സ്പിന്‍ ബൗളര്‍ വരുണ്‍ ചക്രവര്‍ത്തിയും ഇന്ത്യയുടെ സ്‌ക്വാഡില്‍ ഇടം നേടിയിട്ടിണ്ട്.

നിലവില്‍ ഇഷാന്‍ കിഷന്‍ ഇറാനി കപ്പില്‍ കളിക്കുന്നത് കൊണ്ട് താരത്തെ ഒഴുവാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി നേടി മിന്നും പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസനെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കഴിയില്ല.

വിക്കറ്റ് കീപ്പര്‍ ബാറ്ററായി താരം പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ്.

ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ടി-20 ഐ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.

 

Content Highlight: India’s T20I squad against Bangladesh released