2003 ലോകകപ്പിലെ ഓസ്‌ട്രേലിയ-കെനിയ സൂപ്പര്‍ സിക്‌സ് മത്സരം ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ല. ആസിഫ് യൂസഫ് കരീം എന്ന മുന്‍ കെനിയന്‍ നായകന് മുമ്പില്‍ മൈറ്റി ഓസീസ് ഒന്നുമല്ലാതായ മത്സരമായിരുന്നു അത്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ കെനിയയെ ബാറ്റിങ്ങിനയച്ചു. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഗില്‍ക്രിസിന്റെ വെടിക്കെട്ടില്‍ അനായാസം വിജയത്തിലേക്ക് ഓടിയടുക്കുകയായിരുന്നു. 15 ഓവര്‍ പിന്നിട്ടപ്പോഴേക്കും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ ഓസീസ് 109 റണ്‍സ് നേടി.
തോല്‍വി മുന്നില്‍ കണ്ട ക്യാപ്റ്റന്‍ സ്റ്റീവ് നിക്കോളോ ഒരു വെറ്ററന്‍ ബൗളറെ പന്തെറിയാന്‍ വിളിക്കുന്നു. കെനിയയുടെ അവസാന പ്രതീക്ഷയായ ആ നാല്പതുകാരന്റെ പേര് ആസിഫ് കരീം എന്നായിരുന്നു. കെനിയയുടെ മുന്‍ നായകന്‍.
1999 ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും എന്നാല്‍ 2003 ലോകകപ്പിന് വേണ്ടി കെനിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിച്ച് തിരിച്ചുകൈാണ്ടുവരികയും ചെയ്ത ആ ഇന്ത്യന്‍ വംശജന്‍ പന്തുമായി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക്.
ആസിഫിന്റെ ആദ്യ ഓവറില്‍ രണ്ടാം പന്തില്‍ തന്നെ റിക്കി പോണ്ടിങ്ങിന് അപകടം മണത്തു. സ്ലിപ്പിലെ ആ ക്യാച്ച് വിട്ടു കളഞ്ഞിരുന്നില്ലെങ്കില്‍ ഭാവിയിലെ ക്രിക്കറ്റ് ലെജന്‍ഡിന് മൈതാനം വിടേണ്ടി വരുമായിരുന്നു. ആ അവസരം നഷ്ടപ്പെട്ടതിന്റെ ഫ്രസ്‌ട്രേഷന്‍ ലവലേശമില്ലാതെ അയാള്‍ പന്തുമായി വീണ്ടും പോണ്ടിങ്ങിനെ ആക്രമിച്ചു.
തുടര്‍ന്നുള്ള പന്തുകളിലും പോണ്ടിങ്ങിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഓവറിലെ അഞ്ചാം പന്ത്, ആസിഫ് കരീം എന്ന താരത്തിന്റെ പ്രതിഭ വ്യക്തമാക്കിയ പന്ത്. ബാക്ക് ഫൂട്ടിലേക്കിറങ്ങിയ പോണ്ടിങ്ങിന് പിഴച്ചു, എല്‍.ബി.ഡബ്ല്യൂവിനായി അപ്പീല്‍. ഒരു സങ്കോചവും കൂടാതെ അമ്പയര്‍ സ്റ്റീവ് ബക്‌നര്‍ കൈ ഉയര്‍ത്തുന്നു. പോണ്ടിങ് പുറത്തേക്ക്.
അവസാന പന്തില്‍ ഡാരന്‍ ലെമാന് റണ്ണെടുക്കാന്‍ സാധിക്കാതെ വന്നതോടെ ഓസീസ് ഇന്നിങ്‌സിലെ ആദ്യ മെയ്ഡന്‍ ഓവര്‍ പിറന്നു.
കോളിന്‍സ് ഓബുയോ എറിഞ്ഞ അടുത്ത ഓവറില്‍ ഓസീസ് എട്ട് റണ്‍സ് നേടി. തന്റെ രണ്ടാം ഓവര്‍ എറിയാനായി പന്തുമായി ആസിഫ് കരീം വീണ്ടും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക്.
ഗുഡ് ലെങ്ത്തില്‍ പിച്ച് ചെയ്ത് ഉള്ളിലേക്ക് തിരിഞ്ഞ ആദ്യ രണ്ട് പന്തിലും റണ്ണില്ല. മൂന്നാം പന്ത് ബാറ്ററെ കബളിപ്പിച്ച് ഗുഡ് ലെങ്തില്‍ പിച്ച് ചെയ്ത് പുറത്തേക്ക് ടേണ്‍ ചെയ്തു. ഡിഫന്‍സീഫ് ഷോട്ട് കളിച്ച ലെമാന് പിഴച്ചു. വിക്കറ്റ് കീപ്പര്‍ ഡേവിഡ് ഒബുയക്ക് ക്യാച്ച് നല്‍കിയ ലെമാന്‍ മടങ്ങി. അടുത്ത ബാറ്ററായി ബ്രാഡ് ഹോഗ് ക്രീസിലേക്ക്. അതേ ഓവറില്‍ തന്നെ റിട്ടേണ്‍ ക്യാച്ചായി ഹോഗും പുറത്തേക്ക്. മത്സരത്തിലെ മൂന്നാം വിക്കറ്റുമായി ആസിഫ് തിളങ്ങി.
ആസിഫിന്റെ മൂന്നാം ഓവറില്‍ സ്‌ട്രൈക്കിലുണ്ടായിരുന്നത് ആന്‍ഡ്രൂ സൈമണ്ട്‌സായിരുന്നു. ആദ്യ പന്തില്‍ മിഡ് വിക്കറ്റിലൂടെ ഒരു സിംഗിള്‍. ആസിഫ് കരീം എറിഞ്ഞ 13ാം പന്തില്‍ മാത്രമാണ് ഓസ്‌ട്രേലിയക്ക് ഒരു റണ്‍ നേടാന്‍ സാധിച്ചത്. ശേഷം സ്‌ട്രൈക്കിലെത്തിയത് ഇയാന്‍ ഹാര്‍വി. അടുത്ത അഞ്ച് പന്തും ഡോട്ട്. മൂന്നാം ഓവറും പന്തെറിഞ്ഞ് കഴിഞ്ഞപ്പോള്‍ ആസിഫിന്റെ പേരിന് നേരെ 3-2-1-3 എന്നിങ്ങനെ എഴുതിക്കാണിച്ചു.
അന്നേ ദിവസം സ്വപ്ന ഫോമിന്റെ പാരമ്യതയില്‍ പന്തെറിയുന്ന ആസിഫിനെ തൊടാന്‍ പോലും കഴിയില്ല എന്ന് മനസിലാക്കിയ ഓസീസ്, ആസിഫിനെ ബഹുമാനിച്ചുകൊണ്ട് മറുവശത്തെ ആക്രമിക്കാനായി ഗെയിം പ്ലാന്‍ പൊളിച്ചെഴുതി.
ആസിഫിന്റെ നാലാം ഓവറില്‍ ഓസീസിന് നേടാനായത് വെറും ഒരു റണ്‍സ്. അതിന് ശേഷം അദ്ദേഹം എറിഞ്ഞ നാല് ഓവറും മെയ്ഡന്‍. ആസിഫ് കരീം എന്ന വീരനായകന് മുമ്പില്‍ ഓസീസ് ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു.
പക്ഷെ കൃത്യമായി ആവിഷ്‌കരിച്ച ഗെയിം പ്ലാന്‍ പ്രകാരം ആസിഫിനെ ഒഴിവാക്കി മറുഭാഗത്തെ ആക്രമിച്ച ഓസീസ് വിജയത്തിന്റ പടിവാതിലില്‍ എത്തിനിന്നു.
തന്റെ ഒമ്പതാം ഓവര്‍ എറിയാനായി ആസിഫ് എത്തിയപ്പോള്‍ ഓസീസ് വിജയത്തിന് രണ്ട് റണ്‍സ് മാത്രം അകലെ. ഓവറിലെ ആദ്യ പന്ത് സിംഗിള്‍. സ്‌കോര്‍ ലെവല്‍. അടുത്ത പന്തില്‍ സൈമണ്ട്‌സ് ഒരു ബൗണ്ടറി നേടി വിജയം പൂര്‍ത്തിയാക്കുന്നു. വിജയമുറപ്പിച്ച ശേഷം മാത്രമേ ഒരു അഗ്രസ്സീവ് ഷോട്ട് കളിക്കാന്‍ ഓസീസ് മുതിര്‍ന്നിരുന്നുള്ളൂ. ഒടുവില്‍ ദി മൈറ്റി ഓസീസിനെ വിറപ്പിച്ച് കെനിയ പരാജയം സമ്മതിച്ചു. പരാജയത്തിലും കെനിയക്ക് അഭിമാനിക്കാനായി മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തത് ആസിഫ് കരീമിനെ തന്നെയായിരുന്നു.
2003ല്‍ ഓസ്‌ട്രേലിയ എങ്ങനെ ആസിഫ് കരീമിനെ ഒഴിവാക്കി മറുഭാഗത്തെ ആക്രമിച്ചോ, അതിന് സമാനമായ തന്ത്രം തന്നെയായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയും പുറത്തെടുത്തത്.
നാഗ്പൂര്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ സ്റ്റാന്‍ഡ് ചെയ്ത് കളിക്കുന്ന സ്റ്റീവ് സ്മിത്തിനെ ഒരറ്റത്ത് നിര്‍ത്തി മറുവശത്തെ ബാറ്റര്‍മാരെ പുറത്താക്കിയായിരുന്നു ഇന്ത്യ വിജയം പിടിച്ചെടുത്തത്.
മാര്‍നസ് ലബുഷാന്‍ പുറത്തായതിന് പിന്നാലെ നാലാമനായി ആയിരുന്നു സ്മിത്ത് ക്രീസിലെത്തിയത്. വെറുതെയല്ല താന്‍ മോഡേണ്‍ ഡേ ക്രിക്കറ്റിലെ വണ്‍ ഓഫ് ദി ബെസ്റ്റ് ആയതെന്ന് തെളിയിക്കാനുള്ള ഒരു അവസരമായിട്ടായിരുന്നു സ്മിത് ആ ഇന്നിങ്‌സിനെ കണ്ടത്.
എന്നാല്‍ ഒരറ്റത്ത് സ്മിത്തിനെ കാഴ്ചക്കാരനാക്കി മറുവശത്തെ വിക്കറ്റുകള്‍ ഇന്ത്യ പിഴുതുകൊണ്ടിരുന്നു. ആദ്യ ഊഴം ഡേവിഡ് വാര്‍ണറിനായിരുന്നു. അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി പുറത്തേക്ക്.
പിന്നാലെയെത്തിയ മാറ്റ് റെന്‍ഷോയുടെയും പീറ്റര്‍ഹാന്‍ഡ്‌സ്‌കോംബിന്റെയും വിധി മറ്റൊന്നായിരുന്നില്ല. അശ്വിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യൂവായി പുറത്തേക്ക്.
അശ്വിനൊപ്പം ചേര്‍ന്ന് രവീന്ദ്ര ജഡേജയും വിക്കറ്റ് വീഴ്ത്തി തുടങ്ങിയതോടെ ഓസ്‌ട്രേലിയ 91 റണ്‍സിന് ഓള്‍ ഔട്ടായി. 51 പന്തില്‍ നിന്നും 25 റണ്‍സുമായി ഒരറ്റത്ത് പുറത്താകാതെ സ്റ്റീവ് സ്മിത് നിരാശയോടെ തലകുനിച്ചുനിന്നു. ഇന്ത്യക്ക് ഇന്നിങ്‌സിന്റെയും 132 റണ്‍സിന്റെയും വിജയം.
ഇന്ത്യയുടെ ഈ പ്രകടനം കണ്ടപ്പോള്‍ തങ്ങളുടെ ഭൂതകാലത്തെ ആ തന്ത്രം ചില ഓസീസ് താരങ്ങളെങ്കിലും ഓര്‍ത്തുകാണണം. ചില സ്ട്രാറ്റജികള്‍ അത് എന്നെന്നും നിലനില്‍ക്കും. കാരണം ഇത് ക്രിക്കറ്റാണ്.
Content highlight: India’s strategy against Steve Smith in India vs Australia 1st test