| Thursday, 11th August 2022, 3:56 pm

പരിക്കുകള്‍ തുടര്‍ക്കഥയാകുന്നു, കരിയര്‍ പോലും ചോദ്യചിഹ്നത്തില്‍; ഇന്ത്യക്കിത്‌ മോശം കാലം

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ്‌വേ ടൂറിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് വമ്പന്‍ തിരിച്ചടി. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ പരിക്കേറ്റ് പുറത്തായതാണ് ഇന്ത്യന്‍ ടീമിന് ക്ഷീണമായിരിക്കുന്നത്.

കൗണ്ടി ക്രിക്കറ്റിലെ റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പിനിടെയാണ് താരത്തിന് പരിക്കേറ്റത്. തോളിനാണ് വാഷിങ്ടണ്ണിന് പരിക്കേറ്റിരിക്കുന്നത്.

താരത്തിന്റെ പരിക്കുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പരിക്കുകള്‍ തുടര്‍ക്കഥയായത് താരത്തിന്റെ കരിയറിനെ തന്നെ വല്ലാതെ ബാധിക്കുന്നുണ്ട്.

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ ടീമിലെ പ്രധാന താരം എന്ന നിലയില്‍ വാഷിങ്ടണ്ണിന്റെ പരിക്ക് ഇന്ത്യയ്ക്കും തലവേദനയാണ്.

ഐ.പി.എല്ലിനിടെയാണ് താരത്തിന് ഇതിന് മുമ്പ് പരിക്കേറ്റത്. ഒമ്പത് മത്സരങ്ങള്‍ മാത്രം കളിച്ച് നില്‍ക്കവെയായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ അദ്ദേഹം പരിക്കേറ്റ് പുറത്താവുന്നത്.

ഫെബ്രുവരിയിലാണ് വാഷിങ്ടണ്‍ ഇന്ത്യക്കായി അവസാനം ഏകദിനം കളിച്ചത്. അന്ന് വിന്‍ഡീസായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.

ശേഷം കൗണ്ടി ക്രിക്കറ്റിലായിരുന്നു താരം തന്റെ പ്രതിഭ തെളിയിച്ചത്. 2022ല്‍ കൗണ്ടിയില്‍ മികച്ച പ്രകടനം നടത്തിയവരില്‍ പ്രധാനിയായിരുന്നു സുന്ദര്‍.

കൗണ്ടി ഡിവിഷന്‍ വണ്ണിലെ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നുമായി എട്ട് വിക്കറ്റാണ് താരം പിഴുതെറിഞ്ഞത്. ഇതിന് പിന്നാലെ റോയല്‍ ലണ്ടന്‍ കപ്പിലെ മൂന്ന് ലിസ്റ്റ് എ മത്സരത്തിലും താരം ക്ലബ്ബിനായി പന്തെറിഞ്ഞു.

കഴിഞ്ഞ ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന പേരുകാരില്‍ ഒരാളാവാന്‍ സാധ്യത കല്‍പിച്ചിരുന്ന വാഷിങ്ടണ്ണിനെ അന്നും പുറത്തിരുത്തിയത് പരിക്കായിരുന്നു. ഐ.പി.എല്ലിന്റെ രണ്ടാം പാദത്തിനിടെ കൈവിരലിനേറ്റ പരിക്കായിരുന്നു താരത്തിന് വിനയായത്.

സിംബാബ്‌വേ പര്യടനം അടുത്തുവരുന്നതിനിടെ താരത്തിന് കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ ഷെവ്‌റോണ്‍സിനെതിരെ കളിക്കുന്നത്.

ഓഗസ്റ്റ് 18, 20, 22 ദിവസങ്ങളിലാണ് മത്സരം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.

സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍.

Content highlight:  India’s star all-rounder Washington Sunder suffers another injury ahead Zimbabwe Tour

We use cookies to give you the best possible experience. Learn more