ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ഭാരോദ്വഹനത്തില്‍ ലഭിച്ച വെള്ളി മെഡല്‍ സ്വര്‍ണ്ണമാകില്ല. വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാഭായ് ചനുവിനെ മറികടന്ന് സ്വര്‍ണം നേടിയ ചൈനീസ് താരം സിഹു ഉത്തേജകം
ഉപയോഗിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്ട്ര ഉത്തേജക പരിശോധന ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ചനുവിന് സ്വര്‍ണം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണം നേടിയ ചൈനയുടെ സിഹു ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നുള്ള തരത്തിലായിരുന്നു വാര്‍ത്ത.
പരിശോധന ഫലത്തില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയാല്‍ സിഹുവിന്റെ വിജയം റദ്ദാക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ഏജന്‍സി.
ഉത്തേജകം ഉപയോഗിച്ചവരുടെ പേര് രഹസ്യമാക്കി വെക്കാറില്ലെന്നും സിഹു ഉത്തേജകം ഉപയോഗിച്ചതായി വിവരമില്ലെന്നും ഏജന്‍സി
പ്രസ്താവനയില്‍ പറഞ്ഞു.
49 കിലോ വിഭാഗത്തിലാണ് ചനു മെഡല്‍ നേടിയത്. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ് ചനു.
സ്‌നാച്ചില്‍ 84, 87 കിലോകള്‍ ഉയര്‍ത്തിയ ചനുവിന് 89 കിലോ ഉയര്‍ത്താനായില്ല. ഇതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് മാറിയത്.
അതേസമയം ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയാണ് മീരാഭായ് ചനു ഉയര്‍ത്തിയത്. 94 കിലോയാണ് സ്‌നാച്ചില്‍ ചൈനീസ് താരം ഉയര്‍ത്തിയത്. നേരത്തെ സിഡ്‌നി ഒളിംപിക്സിലാണ് ഇന്ത്യന്‍ താരമായ കര്‍ണം മല്ലേശ്വരി വെള്ളി മെഡല്‍ നേടിയിരുന്നത്. 2000ത്തിലായിരുന്നു ഇത്.