ഇന്ത്യയുടെ ക്രിക്കറ്റ് കലണ്ടറിലെ മോശം വര്‍ഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ് 2022. ഏഷ്യാ കപ്പ് തോല്‍വിയും ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട് തോറ്റതുമടക്കം നിരവധി മത്സരങ്ങളിലാണ് ഇന്ത്യക്ക് പരാജയമറിയേണ്ടി വന്നിട്ടുള്ളത്.
ഈ വര്‍ഷം തന്നെ വിവിധ ടീമുകള്‍ക്കൊപ്പം സീരീസ് വിജയങ്ങളുണ്ടെങ്കിലും അതൊന്നും ഈ തോല്‍വിയെ മറികടക്കാന്‍ പോന്നതല്ല.
2022ലെ ആദ്യ പരമ്പരയില്‍ തന്നെ തോറ്റാണ് ഇന്ത്യ തുടങ്ങിയത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ആ തോല്‍വി പിറന്നത്. ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റായിരുന്നു ഇന്ത്യ പരമ്പര അടിയറ വെച്ചത്.
2021 ഡിസംബര്‍ 26നായിരുന്നു ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം നടന്നത്. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ രണ്ട്, മൂന്ന് ടെസ്റ്റുകളില്‍ പരാജയപ്പെടുകയും പരമ്പര നഷ്ടപ്പെടുത്തുകയുമായിരുന്നു.
ടെസ്റ്റ് പരമ്പരയിലെ പരാജയം മറികടക്കാനായിട്ടായിരുന്നു ഇന്ത്യ ജനുവരി 19ന് ബോളണ്ട് പാര്‍ക്കില്‍ വെച്ച് നടന്ന ആദ്യ ഏകദിനത്തിനിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 296 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 265ല്‍ അവസാനിച്ചതോടെ പ്രോട്ടീസ് 31 റണ്‍സിന്റെ വിജയം തങ്ങളുടെ പേരില്‍ കുറിച്ചു.
രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തില്‍ നാല് റണ്‍സിനും തോല്‍വിയടഞ്ഞു. ഇതോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കാനും സൗത്ത് ആഫ്രിക്കക്കായി.
തുടര്‍ന്ന് നടന്ന പല പരമ്പരകളും പര്യടനങ്ങളും ജയിച്ചുകൊണ്ടായിരുന്നു ഇന്ത്യ തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്നത്. എന്നാല്‍ നവബംറില്‍ ന്യൂസിലാന്‍ഡ് ആ കുതിപ്പിന് തടയിട്ടു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരവും മഴ കൊണ്ടുപോയപ്പോള്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ അഡ്വാന്റേജില്‍ ന്യൂസിലാന്‍ഡ് 1-0ന് സീരീസ് സ്വന്തമാക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യ 2022ലെ തങ്ങളുടെ അവസാന പര്യടനത്തിനായി ബംഗ്ലാദേശിലേക്ക് പറന്നത്. എന്നാല്‍ നിര്‍ഭാഗ്യം ഇന്ത്യയെ അവിടെയും തുണച്ചില്ല.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഇന്ത്യ പരമ്പര ബംഗ്ലാ കടുവകള്‍ക്ക് മുമ്പില്‍ അടിയറ വെക്കുകായിരുന്നു.
മൂന്നാം മത്സരത്തിലെങ്കിലും ജയിച്ച് മുഖം രക്ഷിക്കാനാവും ഇന്ത്യ ശ്രമിക്കുന്നത്. ഡിസംബര്‍ പത്തിന് മിര്‍പൂരിലെ ഷേര്‍-ഇ-ബംഗ്ലയില്‍ വെച്ചുതന്നെയാണ് ഡെഡ് റബ്ബര്‍ മാച്ച്.
Content highlight: India’s series losses in 2022