ഇന്ത്യയുടെ ഇരട്ട പ്രഹരത്തില്‍ അയര്‍ലാന്‍ഡ് വീണു; ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ മുന്നോട്ട്
Sports News
ഇന്ത്യയുടെ ഇരട്ട പ്രഹരത്തില്‍ അയര്‍ലാന്‍ഡ് വീണു; ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ മുന്നോട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th July 2024, 10:00 pm

പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് രണ്ടാം വിജയം. അയര്‍ലാഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തകര്‍ത്തത്. വിജയത്തോടെ ഗ്രൂപ് ബിയില്‍ ഇന്ത്യ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ അര്‍ജന്റീനയോട് സമനിലയില്‍ പിരിയുകയായിരുന്നു.

ഹാര്‍മന്‍ പ്രീത് സിങ്ങിന്റെ ഇരട്ട ഗോളിലാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ വമ്പന്‍ മുന്നേറ്റം നടത്തിയത്. പെനാല്‍റ്റി സ്‌ട്രോക്കില്‍ നിന്ന് എതിരാളികളുടെ വല കുലുക്കിയാണ് ഇന്ത്യയ്ക്കുവേണ്ടി ഹര്‍മന്‍ ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റി കോര്‍ണറുകളില്‍ ഗോള്‍ നേടാന്‍ അയര്‍ലാന്‍ഡിന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഇന്ത്യന്‍ പ്രതിരോധ നിരയുടെ മികച്ച പ്രകടനം തുണയാകുകയായിരുന്നു.

നിലവില്‍ രണ്ട് മത്സരത്തില്‍ രണ്ടും വിജയിച്ച് ആറ് പോയിന്റ് നേടിയ ബെല്‍ജിയമാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയ ആറ് പോയിന്റ് നേടി മൂന്നാം സ്ഥാനത്തും അര്‍ജന്റീന വെറും ഒരു പോയിന്റ് നേടി നാലാം സ്ഥാനത്തും ഉണ്ട്. അഞ്ചാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനും ആറാം സ്ഥാനത്തുള്ള അയര്‍ലാന്‍ഡിനും പൂജ്യം പോയിന്റാണ് ഉള്ളത്.

നേരത്തെ ഷൂട്ടിങ്ങില്‍ ഇന്ത്യ രണ്ടാം മെഡല്‍ സ്വന്തമാക്കിയിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് വിഭാഗത്തില്‍ മനു ബാക്കര്‍ – സരബ്‌ജ്യോത് സിങ് സഖ്യമാണ് മെഡല്‍ നേടിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വ്യക്തിഗത ഇനത്തിലും മനു ബാക്കര്‍ വെങ്കലം നേടിയിരുന്നു. ഇതോടെ ഒരു ഒളിമ്പിക്‌സ് സീസണില്‍ 2 മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറാനും മനുവിന് സാധിച്ചിരിക്കുകയാണ്.

 

Content Highlight: India’s second win in Paris Olympics hockey group match


Community-verified icon