| Friday, 2nd April 2021, 12:13 pm

ധോണി... ഫിനിഷെസ് ഓഫ് ഇന്‍ ഹിസ് സ്റ്റൈല്‍; വിശ്വവിജയത്തിന് പത്ത് വര്‍ഷം

ജിതിന്‍ ടി പി

ധോണി… ഫിനിഷെസ് ഓഫ് ഇന്‍ ഹിസ് സ്റ്റൈല്‍.. ഇന്ത്യ ലിഫ്റ്റ് ദി വേള്‍ഡ് കപ്പ് ആഫ്റ്റര്‍ 28 ഇയേഴ്‌സ്… മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ കമന്ററി ബോക്‌സില്‍ നിന്ന് രവി ശാസ്ത്രി ആര്‍ത്തുവിളിക്കുമ്പോള്‍ ക്രീസില്‍ ധോണിയും യുവരാജും ഒരേ താളത്തില്‍ നീങ്ങി പരസ്പരം വാരിപ്പുണരുകയായിരുന്നു… ശേഷം ക്യാമറക്കണ്ണുകള്‍ പവലിയനിലേക്ക്… രണ്ട് പതിറ്റാണ്ട് ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ അത്യുന്നതിയില്‍ പ്രതിഷ്ഠിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നിറഞ്ഞ മനസോടെ ഗ്രൗണ്ടിലേക്ക്…

ജയവര്‍ധനെയുടെ സെഞ്ച്വറി മികവില്‍ 274 എന്ന ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി, തുടക്കത്തില്‍ തന്നെ സച്ചിനേയും സെവാഗിനേയും വീഴ്ത്തി ജയപ്രതീക്ഷയിലായിരുന്നു ലങ്ക. എന്നാല്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ ശക്തി വിളിച്ചോതുന്ന ചെറുത്തുനില്‍പ്പും പ്രത്യാക്രമണവുമായിരുന്നു പിന്നീട് കണ്ടത്.

കോഹ്‌ലിയെന്ന തുടക്കക്കാരനെ കൂട്ടുപിടിച്ച് ഗംഭീര്‍ നടത്തിയ പ്രകടനം, പിന്നാലെ സ്വയം സ്ഥാനക്കയറ്റം നല്‍കി ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി ക്രീസില്‍ നിലയുറപ്പിച്ച് ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ ചേരുവകളും ചേര്‍ത്ത് അവസാനം കുലശേഖരയെ സിക്‌സര്‍ പറത്തിയ ധോണി എന്ന കപ്പിത്താന്‍… 2011 ഏപ്രില്‍ 2 എന്നാല്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയുടേയും മനസില്‍ ഇതൊക്കെയായിരിക്കും.

ടൂര്‍ണ്ണമെന്റില്‍ ദക്ഷിണാഫ്രിക്കയൊഴികെയുള്ള ടീമുകളോടെല്ലാം ജയിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

9 മത്സരങ്ങളില്‍ നിന്ന രണ്ട് സെഞ്ച്വറിയടക്കം 482 റണ്‍സുമായി സച്ചിന്‍ ബാറ്റിംഗിന്റെ നെടുന്തൂണായപ്പോള്‍ 21 വിക്കറ്റ് വീഴ്ത്തി സഹീര്‍ ഖാന്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്തി. 15 വിക്കറ്റും 362 റണ്‍സുമായി യുവരാജ് സിംഗ് ലോകകപ്പിന്റെ താരവുമായി.

2011 ലെ ഇന്ത്യന്‍ വിജയത്തിന് ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു. തൊട്ടുമുന്‍പത്തെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ടീം, തുടര്‍ച്ചയായ മൂന്ന് ലോകകപ്പ് വിജയത്തിന്റെ പെരുമയുമായി വന്ന ഓസ്‌ട്രേലിയയെ ക്വാര്‍ട്ടറില്‍ തറപറ്റിച്ചത്, പാകിസ്താനെതിരായ ആവേശകരമായ സെമിഫൈനല്‍, സച്ചിനും സെവാഗും വീണ കലാശപ്പോരില്‍ വിജയദൗത്യം ഏറ്റെടുത്ത ഗംഭീറിന്റേയും ധോണിയുടെയും പ്രകടനം.

എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോകളെല്ലാം പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സജീവ ക്രിക്കറ്റില്‍ നിന്ന് മാറിയിരിക്കുകയാണ്. ഇന്ത്യയുടെ രണ്ടാം ലോകകപ്പ് വിജയത്തിന് ഇന്നേക്ക് 10 വര്‍ഷം തികയുമ്പോള്‍ അന്ന് ടീമിലുണ്ടായിരുന്ന രണ്ട് പേര്‍ മാത്രമാണ് ഇപ്പോഴും ടീമിനായി കളി തുടരുന്നത്. വിരാട് കോഹ്‌ലിയും ആര്‍. അശ്വിനും.

മാത്രമല്ല ഫൈനല്‍ കളിച്ച ടീം ഒരിക്കല്‍ പോലും പിന്നീട് മറ്റൊരു മത്സരം കളിച്ചിട്ടില്ല എന്നൊരു അപൂര്‍വ്വതയുമുണ്ട്.

ചരിത്രത്തിലേക്ക് ഇന്ത്യന്‍ ടീമിനെ നയിച്ച ധോണി 2019 ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അതേസമയം ഐ.പി.എല്ലില്‍ ഇപ്പോഴും ധോണി കളിക്കുന്നുണ്ട്.20 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2013 ല്‍ വിരമിച്ചു. സെവാഗ് 2015 ലും ഗംഭീര്‍ 2018 ലും വിരമിച്ചു.

യുവരാജ് 2019 ലും റെയ്‌ന 2020 ലും ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ സഹീര്‍ 2015 ലും നെഹ്‌റ 2017 ലും വിരമിച്ചു.

2011 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരത്തിലും അവസാനമത്സരത്തിലും കളിച്ച ശ്രീശാന്ത് പിന്നീട് വാതുവെയ്പ് കേസില്‍ വിലക്കും നേരിട്ടു. ഇപ്പോള്‍ ശ്രീയുടെ വിലക്ക് നീക്കിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India’s road to World Cup 2011 glory

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more