| Sunday, 3rd September 2023, 9:22 am

വിന്‍ഡീസില്‍ വന്നില്ലേ... അയര്‍ലന്‍ഡിലും വന്നില്ലേ... പിന്നെ എന്തുകൊണ്ട് ശ്രീലങ്കയില്‍ വരാതിരിക്കണം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കാന്‍ഡിയിലെ പല്ലേക്കലേ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ഇന്ത്യന്‍ ഇന്നിങ്‌സിന് പിന്നാലെ തോരാമഴ പെയ്തതതോടെ മത്സരം ഉപേക്ഷിക്കുകയും ഇരു ടീമുകളും പോയിന്റ് പങ്കുവെക്കുകയുമായിരുന്നു.

അടുത്തിടെ നടന്ന ഇന്ത്യയുടെ പര്യടനങ്ങളിലെല്ലാം തന്നെ മഴ വില്ലനായി എത്തിയിരുന്നു. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലും ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലുമെല്ലാം മഴ ശാപം ഇന്ത്യയെ വിടാതെ പിടിച്ചിരുന്നു.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കിടെയായിരുന്നു മഴയെത്തിയത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച്, രണ്ടാം ടെസ്റ്റിലേക്കും വിജയത്തോട് അടുക്കവെയായിരുന്നു മഴയെത്തിയത്.

രണ്ടാം ടെസ്റ്റിലെ അഞ്ചാം ദിവസം, 365 റണ്‍സ് ടാര്‍ഗെറ്റിലേക്ക് ബാറ്റ് വീശിയ വിന്‍ഡീസ് രണ്ട് വിക്കറ്റിന് 76 എന്ന നിലയില്‍ തുടരവെയാണ് മഴയെത്തിയത്. ഇതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കിയെങ്കിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയിലെ ഇന്ത്യയുടെ കുതിപ്പിന് രണ്ടാം മത്സരത്തിലെ സമനില വിലങ്ങുതടിയായിരുന്നു. രണ്ട് മത്സരത്തില്‍ നിന്നും 16 പോയിന്റും 66.67 ശതമാനം വിജയവുമായി പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. ഒരുപക്ഷേ മഴയെത്തിയിരുന്നില്ലെങ്കില്‍ പാകിസ്ഥാനൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും ഇന്ത്യക്ക് സാധിക്കുമായിരുന്നു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ട് മത്സരത്തില്‍ നിന്നും ഒരു സമനിലയുമായി നാലാം സ്ഥാനത്താണ് വിന്‍ഡീസ്.

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ആദ്യ ടി-20യിലും അവസാന ടി-20യിലും മഴയെത്തിയിരുന്നു. ആദ്യ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചപ്പോള്‍ മൂന്നാം മത്സരം മഴയെടുക്കുകയായിരുന്നു.

ഇതോടെ പരമ്പര വൈറ്റ്‌വാഷ് ചെയ്യാമെന്ന മോഹമാണ് ഇന്ത്യക്ക് നഷ്ടമായത്. 2-0നാണ് ഇന്ത്യ പരമ്പര നേടിയത്.

ഇതിന് പിന്നാലെയാണ് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിലും മഴ ഇന്ത്യയെ ചതിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച രീതിയിലായിരുന്നില്ല ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ് വീശിയത്. ആദ്യ ഓവറുകളില്‍ മഴയെത്തിയതോടെ മത്സരം അല്‍പസമയം തടസ്സപ്പെട്ടിരുന്നു. മഴ മാറി മത്സരം പുനരാരംഭിച്ചെങ്കിലും ടോപ് ഓര്‍ഡറിന് താളം കണ്ടെത്താന്‍ സാധിച്ചില്ല.

രോഹിത് ശര്‍മ 22 പന്തില്‍ 11 റണ്‍സടിച്ചപ്പോള്‍ ശുഭ്മന്‍ ഗില്‍ 32 പന്തില്‍ നിന്നും പത്ത് റണ്‍സായിരുന്നു നേടിയത്. വിരാട് കോഹ്‌ലി (ഏഴ് പന്തില്‍ നാല്) ശ്രേയസ് അയ്യര്‍ (ഒമ്പത് പന്തില്‍ 14) എന്നിവര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ പതറി.

എന്നാല്‍ മിഡില്‍ ഓര്‍ഡറില്‍ ഇഷാന്‍ കിഷനും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യ താങ്ങി നിര്‍ത്തുകയായിരുന്നു. ഇഷാന്‍ 81 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 82 റണ്‍സടിച്ചപ്പോള്‍ 90 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമായി 87 റണ്‍സായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.

ഒടുവില്‍ 48.5 ഓവറില്‍ 266 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രിദി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും സ്വന്തമാക്കി.

സെപ്റ്റംബര്‍ നാലിന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സൂപ്പര്‍ ഫോറിലെത്തണമെങ്കില്‍ നേപ്പാളിനെതിരെ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

Content highlight: India’s recent matches abandoned due to rain

Latest Stories

We use cookies to give you the best possible experience. Learn more