| Monday, 14th February 2022, 2:01 pm

സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നത്; കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങള്‍ കത്തിനില്‍ക്കെ വിവാദ പ്രസ്താവനയുമായി കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ. ഇന്ത്യയില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണം സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതാണെന്നാണ് എം.എല്‍.എയുടെ പരാമര്‍ശം.

2005 മുതല്‍ ചാംരാജ്‌പേട്ട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ സമീര്‍ അഹമ്മദാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടികളുടെ സൗന്ദര്യം മറയ്ക്കാനാണ് ഹിജാബ് ധരിപ്പിക്കുന്നതെന്നും സമീര്‍ അഹമ്മദ് പറഞ്ഞു.

‘ഇന്ന്, നിങ്ങള്‍ക്കറിയുമായിരിക്കാം ബലാത്സംഗ നിരക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നിരിക്കുകയാണ്. ലോകത്ത് തന്നെ ഏറ്റവും അധികം ബലാത്സംഗം നടക്കുന്നത് ഇന്ത്യയിലാണ്. എന്താണ് ഇതിന് കാരണം? പല സ്ത്രീകളും ഹിജാബ് ധരിക്കാറില്ലെന്നതാണ്. എന്നാല്‍ ഹിജാബ് ധരിക്കുക എന്നത് നിര്‍ബന്ധമുള്ള കാര്യമില്ല.

സ്വയം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും തങ്ങളുടെ സൗന്ദര്യം മറ്റുള്ളവര്‍ക്ക് കാണരുതെന്ന് ആഗ്രഹിക്കുന്നവരുമാണ് ഹിജാബ് ധരിക്കുന്നത്.

നമ്മുടെ ഇടയിലുള്ള ചിലര്‍ ഹിജാബ് ധരിക്കാറില്ല. ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമല്ല, എന്നിരുന്നാലും നമ്മുടെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഹിജാബ് ധരിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ഇസ്‌ലാമനുസരിച്ച് എല്ലാവരും അഞ്ച് തവണ നമസ്‌കരിക്കണം. എന്നാല്‍ പലരും അത് ചെയ്യാറില്ല. സ്ത്രീകള്‍ ഹിജാബ് ധരിച്ചാല്‍ ബലാത്സംഗങ്ങള്‍ കുറയും. രാജ്യത്ത് ബലാത്സംഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ലഭിച്ചതിന് ശേഷം തന്നോട് സംവാദത്തിന് വരൂവെന്നും’ അദ്ദേഹം പറഞ്ഞു.

ഹിജാബ് എന്നാല്‍ ഇസ്‌ലാമില്‍ പര്‍ദ എന്നാണ് അര്‍ത്ഥം. പ്രായപൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടികളുടെ സൗന്ദര്യം മറക്കുകയാണ് ഹിജാബ് ധരിക്കുന്നതിലൂടെ ഇസ്‌ലാം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ ധരിക്കുന്ന ചില വസ്ത്രങ്ങള്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്നതിനാല്‍ ബലാത്സംഗക്കേസുകള്‍ വര്‍ദ്ധിക്കുന്നതായി ഫെബ്രുവരി 9ന് കര്‍ണാടക ബി.ജെ.പി എം.എല്‍.എ എം.പി രേണുകാചാര്യ പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന യൂണിഫോം ധരിക്കണമെന്നായിരുന്നു എം.എല്‍.എ പറഞ്ഞത്.

കര്‍ണാടകയിലെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ ആറ് വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.

ഹിജാബ് നിരോധനത്തെ പിന്തുണച്ച് ഉഡുപ്പിയിലും മറ്റിടങ്ങളിലും ചില വിദ്യാര്‍ഥകള്‍ കാവി ഷാളുകളുമായി ക്ലാസ് മുറികളിലേക്ക് പ്രവേശിച്ചതോടെ സംഘര്‍ഷം കൂടുതല്‍ വഷളായി.

ഇതിന് പിന്നാലെ ഹിജാബ് നിരോധനത്തെ സംബന്ധിച്ച് വിധി വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിടുകയുമായിരുന്നു.

Content Highlight: India’s Rape Rate Highest Because Some Women Don’t Wear Hijab’: Karnataka Congress MLA

We use cookies to give you the best possible experience. Learn more