| Thursday, 4th May 2023, 11:58 am

മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ അഫ്ഗാനും പിന്നില്‍; മോദി അധികാരത്തിലെത്തിയതിന് ശേഷം സ്ഥിതി മോശമായെന്ന് ആര്‍.എസ്.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും കുത്തനെ ഇടിഞ്ഞു. 180 രാജ്യങ്ങളുടെ പട്ടികയില്‍ 161ാം റാങ്കിലാണ് നിലവില്‍ ഇന്ത്യ. ലോക മാധ്യമസ്വാതന്ത്ര്യ ദിനമായ ബുധനാഴ്ച റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ്(ആര്‍.എസ്.എഫ്- റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ്) എന്ന പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള മാധ്യമ നിരീക്ഷണ സംഘടന പുറത്തുവിട്ട റിപ്പോട്ടിലാണ് ഇന്ത്യയെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകളുള്ളത്.

കഴിഞ്ഞ വര്‍ഷം 150ാം സ്ഥാനത്തായിരുന്ന ഇന്ത്യ. ഈ വര്‍ഷം 150ാം റാങ്കിലുള്ള പാകിസ്ഥാന്‍ കണക്കില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ 152ാം സ്ഥാനത്താണ്.

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയുടെ 21ാം പതിപ്പാണിത്. 2016 മുതല്‍ ഈ കണക്കില്‍ ഇന്ത്യയുടെ സ്ഥാനം പിറകോട്ട് പോകുകയാണ്. 2016ല്‍ 136, 2017ല്‍ 136, 2018ല്‍ 140, 2019ല്‍ 140, 2020ല്‍ 142, 2021ല്‍ 142, 2022ല്‍ 150 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്ഥാനങ്ങള്‍. രാഷ്ട്രീയ പക്ഷപാതമുള്ള മാധ്യമങ്ങളുടെ ആധിക്യവും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം വര്‍ധിച്ചതുമാണ് ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക് പോയെതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2014 മുതല്‍ വലതുപക്ഷ ഹിന്ദു ദേശീയവാദികളുടെ ആരാധ്യപുരുഷനും ബി.ജെ.പി നേതാവുമായ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നത് മുതല്‍ രാജ്യത്തെ മാധ്യമ സ്വാതന്ത്യം വലിയ രീതിയില്‍ പിറകോട്ടടിച്ചെന്ന് ആര്‍.എസ്.എഫ് മാധ്യമ സൂചികയുടെ ആമുഖത്തില്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി ദയനീയമാണെന്നും രാജ്യദ്രോഹക്കുറ്റവും ക്രിമിനല്‍ മാനനഷ്ടക്കേസുകളും ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ രാജ്യത്ത് പീഡിപ്പിക്കുകയാണെന്നും ആര്‍.എസ്.എഫ് കുറ്റപ്പെടുത്തി.

അതേസമയം, നോര്‍വേ, അയര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് സൂചികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. വിയറ്റ്‌നാം, ചൈന, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ 90ാം റാങ്കോടെ ഭൂട്ടാനാണ് മുന്നില്‍. ശ്രീലങ്കക്ക് 135ാം സ്ഥാനമാണ്.

Content Highlight:  India’s ranking in media freedom index has fallen sharply again

We use cookies to give you the best possible experience. Learn more