തൊട്ടതെല്ലാം നാശത്തില്‍; കോച്ചായി കാലെടുത്ത് വച്ചത് മുതല്‍ ഇതുവരെ സംഭവിച്ചത്...
Sports News
തൊട്ടതെല്ലാം നാശത്തില്‍; കോച്ചായി കാലെടുത്ത് വച്ചത് മുതല്‍ ഇതുവരെ സംഭവിച്ചത്...
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th October 2024, 5:00 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട് ആതിഥേയര്‍ പരമ്പര അടിയറവ് വെച്ചിരിക്കുകയാണ്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 113 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.

സ്‌കോര്‍

ന്യൂസിലാന്‍ഡ്: 259 & 255

ഇന്ത്യ: 156 & 245 (T: 359)

പൂനെ ടെസ്റ്റിലും പരാജയപ്പെട്ടതോടെ സ്വന്തം മണ്ണില്‍ ഒരു പതിറ്റാണ്ടിലധികം ടെസ്റ്റ് പരമ്പര പരാജയപ്പെടാതെ കാത്ത റെക്കോഡും ഇന്ത്യക്ക് നഷ്ടമായി. നീണ്ട 4332 ദിവസത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ ടെസ്റ്റ് സീരീസില്‍ തോല്‍വി രുചിക്കുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ട പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ട്രാറ്റജികള്‍ പൂര്‍ണമായും പരാജയപ്പെടുന്ന കാഴ്ചയ്ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഗംഭീര്‍ യുഗത്തില്‍ ഇതുവരെയില്ലാത്ത പല മോശം നേട്ടങ്ങളും വന്‍ പരാജയങ്ങളും ഇന്ത്യയെ തേടിയെത്തി.

ഗംഭീറിന് കീഴില്‍ ഇന്ത്യ (ഇതുവരെ)

– 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരമ്പര പരാജയപ്പെട്ടു.

– ചരിത്രത്തിലാദ്യമായി, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് 30 വിക്കറ്റുകളും നഷ്ടമായി.

– 45 വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ ഇയറില്‍ ഒറ്റ ഏകദിന മത്സരം പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല.

– 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ന്യൂസിലാന്‍ഡ് ഇന്ത്യന്‍ സാഹചര്യത്തില്‍ ടെസ്റ്റ് മത്സരം വിജയിച്ചു.

– 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ചിന്നസ്വാമിയില്‍ ഒരു ടെസ്റ്റ് മത്സരം പരാജയപ്പെട്ടു.

– 1983ന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ഹോം ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടു.

– 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചു.

– ചരിത്രത്തിലാദ്യമായി ഹോം ടെസ്റ്റില്‍ 50ല്‍ താഴെ റണ്‍സ് നേടി.

ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരെ ടി-20 പരമ്പരയും ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയും ഗംഭീറിന് കീഴില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ടെങ്കിലും മറ്റ് പരിശീലകരും ഈ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

പൂനെ ട്രാജഡി

അതേസമയം, പൂനെ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 259 റണ്‍സാണ് നേടിയത്. ഡെവോണ്‍ കോണ്‍വേയുടെയും രചിന്‍ രവീന്ദ്രയുടെയും അര്‍ധ സെഞ്ച്വറികളാണ് ന്യൂസിലാന്‍ഡിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. കോണ്‍വേ 141 പന്തില്‍ 76 റണ്‍സ് നേടി പുറത്തായപ്പോള്‍ രചിന്‍ രവീന്ദ്ര 105 പന്തില്‍ 65 റണ്‍സും നേടി.

ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ ഏഴ് വിക്കറ്റ് നേടിയപ്പോള്‍ ശേഷിച്ച മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍ സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മ പുറത്തായി. ഒമ്പത് പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാതെയാണ് രോഹിത് മടങ്ങിയത്.

രണ്ടാം വിക്കറ്റില്‍ ഗില്ലും ജെയ്‌സ്വാളും ചെറുത്തുനിന്നു. എന്നാല്‍ കാര്യമായ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കും സാധിച്ചില്ല. ശേഷം ക്രീസിലെത്തിയ വിരാട് കോഹ്‌ലി വന്നതുപോലെ തിരിച്ചു നടന്നു. പിന്നാലെയെത്തിയവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ 156ന് പുറത്തായി. 38 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

മിച്ചല്‍ സാന്റ്‌നറാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ നിലംപരിശാക്കിയത്. വെറും 53 റണ്‍സ് മാത്രം വഴങ്ങിയ സാന്റ്‌നര്‍ ഏഴ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞു. ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തി ശേഷിച്ച വിക്കറ്റും നേടി.

103 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കിവികള്‍ ആദ്യ ഇന്നിങ്‌സിലേതിന് സമാനമായ പ്രകടനം തന്നെ പുറത്തെടുത്തു. 133 പന്തില്‍ 86 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ടോം ലാഥമാണ് ടോപ് സ്‌കോറര്‍.

ഗ്ലെന്‍ ഫിലിപ്‌സ് (82 പന്തില്‍ പുറത്താകാതെ 48) വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ (83 പന്തില്‍ 41) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ രണ്ടാം ഇന്നിങ്‌സില്‍ ബ്ലാക് ക്യാപ്‌സ് 255 റണ്‍സ് പടുത്തുയര്‍ത്തി.

രണ്ടാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ നാല് വിക്കറ്റ് നേടി ടെന്‍ഫര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് നേടി.

പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് കിവീസ് സ്പിന്നര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ പരാജയം സമ്മതിക്കാന്‍ മാത്രമാണ് ഇന്ത്യക്ക് സാധിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ മിച്ചല്‍ സാന്റ്‌നര്‍ ആറ് വിക്കറ്റ് നേടി. അജാസ് പട്ടേല്‍ ഒരു വിക്കറ്റും ഗ്ലെന്‍ ഫിലിപ്‌സ് ഒരു വിക്കറ്റും നേടി ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കി.

പരമ്പര നഷ്ടപ്പെട്ടെങ്കിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ അപ്രമാദിത്യം നിലനിര്‍ത്താന്‍ ഇന്ത്യക്ക് അവസാന ടെസ്റ്റില്‍ വിജയിച്ചേ മതിയാകൂ.

നവംബര്‍ ഒന്നിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദി.

 

Content highlight: India’s poor performances under Gautam Gambhir