ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ പരാജയമാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നും വിജയിച്ച ന്യൂസിലാന്‍ഡ് ചരിത്രത്തിലാദ്യമായി ഇന്ത്യക്കെതിരെ ഇന്ത്യയില്‍ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
സ്‌കോര്‍
ന്യൂസിലാന്‍ഡ്: 235 & 174
ഇന്ത്യ: 263 & 121 (T: 147)
ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയതിന് പിന്നാലെയാണ് ഇന്ത്യ മൂന്നാം ടെസ്റ്റില്‍ പരാജയം സമ്മതിച്ചത്.
ന്യൂസിലാന്‍ഡിന് ഇന്ത്യയില്‍ ഇതിന് മുമ്പ് ഒരിക്കല്‍പ്പോലും ഒരു ടെസ്റ്റ് പരമ്പര വിജയിക്കാന്‍ സാധിച്ചിരുന്നില്ല. അവിടെ നിന്നുമാണ് ക്ലീന്‍ സ്വീപ് വിജയത്തിലേക്ക് ബ്ലാക് ക്യാപ്‌സെത്തിയത്.
It’s a rumble for the top two World Test Championship spots after New Zealand’s historic series win over India 👀
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ട പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ട്രാറ്റജികള്‍ പൂര്‍ണമായും പരാജയപ്പെടുന്ന കാഴ്ചയ്ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഗംഭീര്‍ യുഗത്തില്‍ ഇതുവരെയില്ലാത്ത പല മോശം നേട്ടങ്ങളും വന്‍ പരാജയങ്ങളും ഇന്ത്യയെ തേടിയെത്തി.
ഗംഭീറിന് കീഴില്‍ ഇന്ത്യ (ഇതുവരെ)
– 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരമ്പര പരാജയപ്പെട്ടു.
– ചരിത്രത്തിലാദ്യമായി, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് 30 വിക്കറ്റുകളും നഷ്ടമായി.
– 45 വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ ഇയറില്‍ ഒറ്റ ഏകദിന മത്സരം പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല.
– 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ന്യൂസിലാന്‍ഡ് ഇന്ത്യന്‍ സാഹചര്യത്തില്‍ ടെസ്റ്റ് മത്സരം വിജയിച്ചു.
– 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ചിന്നസ്വാമിയില്‍ ഒരു ടെസ്റ്റ് മത്സരം പരാജയപ്പെട്ടു.
– 1983ന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ഹോം ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടു.
– 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചു.
– ചരിത്രത്തിലാദ്യമായി ഹോം ടെസ്റ്റില്‍ 50ല്‍ താഴെ റണ്‍സ് നേടി.
– ചരിത്രത്തിലാദ്യമായി ഇന്ത്യ ഇന്ത്യയില്‍ വെച്ച് ന്യൂസിലാന്‍ഡിനോട് പരമ്പര പരാജയപ്പെട്ടു.
– ചരിത്രത്തിലാദ്യമായി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ 3-0ന് പരാജയപ്പെടുത്തി.
– 2000ന് ശേഷം ഒന്നിലധികം മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പരയില്‍ ഒരു ടെസ്റ്റ് പോലും വിജയിക്കാതെ പരാജയം.
– 2012ന് ശേഷം ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരത്തിലും പരാജയം.
– ഹോം കണ്ടീഷനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം (3-0)
ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരെ ടി-20 പരമ്പരയും ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയും ഗംഭീറിന് കീഴില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ടെങ്കിലും മറ്റ് പരിശീലകരും ഈ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഇതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയെ ഇന്ത്യയിലെത്തി 3-0ന് പരാജയപ്പെടുത്തിയത്. 1958-59ല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0നാണ് കരീബിയന്‍സ് സ്വന്തമാക്കിയത്.
ശേഷം 1983-84ല്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയെ 3-0ന് പരാജയപ്പെടുത്തി. ആറ് മത്സരങ്ങളുടെ പരമ്പരയിലാണ് വിന്‍ഡീസ് ഈ നേട്ടത്തിലെത്തിയത്.
2000ലാണ് ഇന്ത്യ അവസാനമായി ഒരു ഹോം ടെസ്റ്റ് പരമ്പര വിജയമറിയാതെ അവസാനിപ്പിച്ചത്. സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. വാംഖഡെയില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ ബെംഗളൂരുവില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്നിങ്‌സിനും 71 റണ്‍സിനുമാണ് തോല്‍വിയേറ്റുവാങ്ങിയത്.
2011-12ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലാണ് ഇന്ത്യ ഇതിന് മുമ്പ് ടെസ്റ്റ് സീരീസിലെ എല്ലാ മത്സരവും പരാജയപ്പെട്ടത്. നാല് മത്സരങ്ങളുടെ പരമ്പര 4-0നാണ് ഹോം ടീം സ്വന്തമാക്കിയത്. ഈ പരമ്പരയില്‍ ഓപ്പണറായി ഗംഭീറും ഇന്ത്യക്കൊപ്പമുണ്ടായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരം 122 റണ്‍സിന് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരം ഇന്നിങ്‌സിനും 68 റണ്‍സിനും അടിയറവ് വെച്ചു. മൂന്നാം മത്സരത്തിലും ഇന്ത്യ ഇന്നിങ്‌സ് തോല്‍വിയറിഞ്ഞു. അഡ്‌ലെയ്ഡില്‍ നടന്ന അവസാന ടെസ്റ്റില്‍ 298 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി പോണ്ടിങ്ങും സംഘവും പരമ്പര വിജയം പൂര്‍ണമാക്കുകയായിരുന്നു.
Content Highlight: India’s poor performance under Gautam Gambhir’s coaching