ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റതോടെ പരമ്പരയും ഇന്ത്യ ഓസ്‌ട്രേലിയക്ക് മുമ്പില്‍ അടിയറവ് വെച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1നാണ് ആതിഥേയര്‍ വിജയം സ്വന്തമാക്കിയത്.
സിഡ്‌നി ടെസ്റ്റ് സ്‌കോര്‍
ഇന്ത്യ: 185 & 157
ഓസ്‌ട്രേലിയ: 181 & 162/4 (T:162)
After winning back the Border-Gavaskar Trophy, Australia now holds every bilateral Test prize for which their men’s team competes.https://t.co/oa4w8lkNw2
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരം ഒഴിച്ചുനിര്‍ത്തിയാല്‍ പരമ്പരയിലെ ശേഷിച്ച മത്സരങ്ങളുടെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടാന്‍ സാധിക്കാതെ പോയി.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ട പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ട്രാറ്റജികള്‍ പൂര്‍ണമായും പാളുന്ന കാഴ്ചയ്ക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഗംഭീര്‍ യുഗത്തില്‍ ഇതുവരെയില്ലാത്ത പല മോശം നേട്ടങ്ങളും വന്‍ പരാജയങ്ങളും ഇന്ത്യയെ തേടിയെത്തി.
ഗംഭീറിന് കീഴില്‍ ഇന്ത്യ (ഇതുവരെ)
– 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരമ്പര പരാജയപ്പെട്ടു.
– ചരിത്രത്തിലാദ്യമായി, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് 30 വിക്കറ്റുകളും നഷ്ടമായി.
– 45 വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ ഇയറില്‍ ഒറ്റ ഏകദിന മത്സരം പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല.
– 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ന്യൂസിലാന്‍ഡ് ഇന്ത്യന്‍ സാഹചര്യത്തില്‍ ടെസ്റ്റ് മത്സരം വിജയിച്ചു.
– 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യ ചിന്നസ്വാമിയില്‍ ഒരു ടെസ്റ്റ് മത്സരം പരാജയപ്പെട്ടു.
– 1983ന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ഹോം ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടു.
– 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചു.
– ചരിത്രത്തിലാദ്യമായി ഹോം ടെസ്റ്റില്‍ 50ല്‍ താഴെ റണ്‍സ് നേടി.
– ചരിത്രത്തിലാദ്യമായി ഇന്ത്യ ഇന്ത്യയില്‍ വെച്ച് ന്യൂസിലാന്‍ഡിനോട് പരമ്പര പരാജയപ്പെട്ടു.
– ചരിത്രത്തിലാദ്യമായി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ 3-0ന് പരാജയപ്പെടുത്തി.
– 2000ന് ശേഷം ഒന്നിലധികം മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പരയില്‍ ഒരു ടെസ്റ്റ് പോലും വിജയിക്കാതെ പരാജയം.
– 2012ന് ശേഷം ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരത്തിലും പരാജയം.
– ഹോം കണ്ടീഷനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം (3-0).
– 2014-15ന് ശേഷം ഓസ്‌ട്രേലിയക്കെതിരെ ആദ്യമായി ടെസ്റ്റ് പരമ്പര പരാജയപ്പെട്ടു.
– ആദ്യമായി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിച്ചില്ല.
ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമെതിരെ ടി-20 പരമ്പരയും ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയും ഗംഭീറിന് കീഴില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ടെങ്കിലും മറ്റ് പരിശീലകരും ഈ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ പരാജയം തുടര്‍ക്കഥയായതോടെ താരം പരിശീലക സ്ഥാനത്ത് നിന്നും സ്വയം ഒഴിയണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
ഈ മാസം ജനുവരി 22 മുതലാണ് ഇന്ത്യ അടുത്ത പരമ്പരയ്ക്കിറങ്ങുന്നത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയാണ് ഇനി ഇന്ത്യ കളിക്കുക. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ത്രീ ലയണ്‍സിനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ കളിക്കും.