ബ്രിട്ടന്‍: യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തിന് യു.കെ പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. യു.എന്‍ ജനറല്‍ അസംബ്ലിയുടെ 79ാമത് സെഷനിലാണ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും സമാനമായി പ്രഖ്യാപിച്ചിരുന്നു.
ലോകരാജ്യങ്ങളിലെ സമാധാനത്തിലും വികസനത്തിനുമായി സംഘടനകളില്‍ പരിഷ്‌കരണം നടത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ഉച്ചകോടിയില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇമ്മാനുവല്‍ മക്രോണ്‍ ഉള്‍പ്പെടെയുള്ളവരുടെ പരാമര്‍ശം.
‘രാഷ്ട്രീയമായി തളര്‍ത്തപ്പെടാത്ത, എന്നാല്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള കൂടുതല്‍ പ്രാധാന്യമുള്ള ഒരു ബോഡിയായി സുരക്ഷാ കൗണ്‍സില്‍ മറേണ്ടതുണ്ട്,’ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ കെയര്‍ പരാമര്‍ശിച്ചു.
ഇന്ത്യയെ കൂടാതെ ബ്രസീല്‍, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാസമിതിയുടെ അടിയന്തരമായ പരിഷ്‌ക്കരണങ്ങളില്‍ ഇന്ത്യയുടെ നേതൃത്വം യു.എന്നില്‍ ഉണ്ടായിരുന്നതായും യു.എന്നില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വത്തിന് അര്‍ഹതയുണ്ടെന്നും കെയര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ 1945 ല്‍ സ്ഥാപിതമായ 15 അംഗ കൗണ്‍സില്‍ കാലഹരണപ്പെട്ടതാണെന്നും നിലവിലെ സാഹചര്യത്തെ പ്രതിനിധീകരിക്കുന്നതില്‍ കൗണ്‍സില്‍ പരാജയപ്പെടുന്നുണ്ടെന്നും ഇന്ത്യ വാദിച്ചിരുന്നു.
യു.എന്‍ ബോഡിയുടെ വിപുലീകരണ ചര്‍ച്ചയില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനായി ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യു.എന്നിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ പ്രാതിനിധ്യം ആവശ്യമാണെന്നും ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ജനറന്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇന്ത്യയോടൊപ്പം ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ അംഗത്വത്തിനും ആഫ്രിക്കയെ പ്രതിനിധീകരിക്കാന്‍ രണ്ട് രാജ്യങ്ങളും വേണമെന്നും ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.
Content Highlight: India’s permanent membership in UN security council; UK Prime minister expressed his support