ന്യൂദൽഹി: ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്തുന്നതിൽ നിന്ന് ഇവിടുത്തെ നികുതി ഘടന യു.എസ് കമ്പനികളെ പിന്തിരിപ്പിക്കുന്നുവെന്ന് ഇന്ത്യയിലെ യു.എസ് അംബാസിഡർ എറിക് ഗാർസെറ്റി.
ഇന്ത്യയെ പരിഗണിച്ചിരുന്ന യു.എസിലെ ഒരു ഷൂ നിർമാണ കമ്പനി വ്യാപാരം നടത്താനുള്ള എളുപ്പം കണക്കിലെടുത്ത് ഇന്ത്യക്ക് പകരം വിയറ്റ്നാമിനെ തെരഞ്ഞെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കോർപ്പറേറ്റ് നികുതി സമ്പ്രദായങ്ങൾ ധാരാളം കമ്പനികൾക്ക് ഇവിടെ വരുന്നതിൽ തടസ്സമാകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറ് ബില്യൺ ഡോളർ ആസ്തിയോടെ ഇന്ത്യയിലെ വിദേശ നിക്ഷേപത്തിൽ യു.എസ് മൂന്നാം സ്ഥാനത്താണുള്ളത്.
‘ വിദേശനിക്ഷേപം ചൈനയിൽ നിന്ന് മാറണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ഞങ്ങൾ ഉദ്ദേശിച്ച വേഗതയിൽ അല്ല ഇന്ത്യയിൽ അത് നടക്കുന്നത്. പകരം വിദേശനിക്ഷേപം വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്നു,’ ഗാർസെറ്റി പറഞ്ഞു.
ഇന്ത്യയുടെയും യു.എസിന്റെയും വ്യാപാര പങ്കാളിത്തം വികസിപ്പിക്കണമെങ്കിൽ കയറ്റുമതി നയങ്ങളിലും കയറ്റുമതി നിയന്ത്രണങ്ങളിലും ഭേദഗതികൾ വരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ദക്ഷിണേഷ്യയിലെ അമേരിക്കയാണ് ഇന്ത്യ എന്നും ഇന്ത്യയിലെ മൂന്നു മില്യൺ ജനങ്ങൾക്ക് തൊഴിൽ നൽകുന്നത് യു.എസ് കമ്പനികളാണ് എന്നും അദ്ദേഹം പറഞ്ഞു.
Content Highlight: India’s opaque corporate tax practices are a barrier to companies: US Ambassador