| Friday, 24th July 2020, 5:47 pm

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കാലഹരണപ്പെട്ടതാണ് ഇന്ത്യയുടെ ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍; കൊവിഡ് അത് കൂടുതല്‍ വഷളാക്കി

പൂജ പാണ്ഡേ

ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം എല്ലായ്‌പ്പോഴും സങ്കീര്‍ണമാണ്‌. കൊവിഡ് മഹാമാരി വിദ്യാഭ്യാസ മോഡലുകളെയും സാധാരണ ക്ലാസ് മുറികളെയും ഡിജിറ്റല്‍ മോഡുകളിലേക്ക് പെട്ടെന്ന് മാറ്റി. 2011-19 ലെ സെന്‍സസ് പ്രകാരമുള്ള കണക്കനുസരിച്ച് നോക്കിയാല്‍ 5 വയസ്സിനും 19 വയസ്സിനുമിടയില്‍ വരുന്ന ഏകദേശം 40 ലക്ഷം ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇവിടെയുണ്ട്. ഇവരെ വലിയ രീതിയില്‍  ഈ പ്രശ്‌നങ്ങള്‍ ബാധിച്ചിട്ടിട്ടുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ‘പ്രധാനമന്ത്രി ഇ വിദ്യ’ പ്ലാറ്റ്‌ഫോം കാഴ്ച പരിമിതിയുള്ളവര്‍ക്കും ശ്രവണ പരിമിതിയുള്ളവര്‍ക്കും പഠനത്തിന് സഹായമാകുമെങ്കിലും, ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് റൂം ഉള്‍പ്പെടെയുള്ളവ എങ്ങിനെ ലഭ്യമാക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഈ പ്രഖ്യാപനത്തിലില്ല.

അതുപോലെ, സാമൂഹ്യനീതി, ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്ന ശേഷിക്കാരുടെ ശാക്തീകരണ വകുപ്പ്, കൊവിഡ് -19 സമയത്ത് എല്ലാ വിഭാഗത്തില്‍ പെടുന്ന ഭിന്നശേഷിക്കാരെയും ഉള്‍കൊള്ളിച്ചു കൊണ്ട് സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളും സഹായങ്ങളും നല്‍കുന്നതിനാണ് ഇതില്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതേസമയം ഇതില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഒരിടത്തും കണക്കിലെടുക്കുന്നില്ല. കുട്ടികള്‍ക്ക് വിദൂരമോ വീട് കേന്ദ്രീകരിച്ചുള്ളതോ ആയ എതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുവാനുള്ള വ്യവസ്ഥകളൊന്നും തന്നെ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നില്ല.

എന്തുകൊണ്ട് ഇത് പ്രാധാന്യം അര്‍ഹിക്കുന്നു

സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം ഭിന്നശേഷിക്കാര്‍ക്ക്, മെച്ചപ്പെട്ട വിദ്യാഭ്യാസ, സാമൂഹിക- സാംസ്കാരിക, സാമ്പത്തിക അവസരങ്ങള്‍ നേടുന്നതിന് സഹായകമാകും. ഡിജിറ്റല്‍ വിദ്യാഭ്യാസം സാങ്കേതികമായും അതിന്റെ രൂപകല്‍പ്പനയിലും ഭിന്നശേഷിക്കാര്‍ക്ക് കൂടി അനുയോജ്യമാകുന്നതാവുക എന്നുള്ളത്അന്തരാഷ്ടട്ര, അഭ്യന്തര, നിയമപരമായ ഉത്തരവാദിത്തം കൂടിയാണ്

ഭിന്നശേഷിരുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ 9 പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് വിവരങ്ങള്‍, ആശയവിനിമയം, വിവര സാങ്കേതികവിദ്യ (ഐ.സി.ടി) സംവിധാനങ്ങള്‍ സ്വായത്തമാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട് എന്ന് പറയുന്നുണ്ട്. 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ സെക്ഷന്‍ 42 പ്രകാരം ”ഓഡിയോ, പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളില്‍ ലഭ്യമായ എല്ലാ ഉള്ളടക്കങ്ങളും ഭിന്നശേഷിക്കാരെ പരിഗണിച്ചുള്ള ഫോര്‍മാറ്റിലാണെന്ന്” ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

പ്രശ്‌നം

ഡിജിറ്റല്‍ വിദ്യാഭ്യാസം ലഭ്യമാക്കേണ്ട രീതി കാലഹരണപ്പെട്ടതും ഏകോപിപ്പിക്കാത്തതുമാണ്. 2012ല്‍ മാനവ വിഭവശേഷി വികസന മന്ത്രാലയം (എം.എച്ച്. ആര്‍.ഡി) സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ ഐ.സി.ടിയെക്കുറിച്ചുള്ള ഒരു ദേശീയ നയം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനായുള്ള സാര്‍വത്രിക രൂപകല്‍പ്പന തത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. മാത്രമല്ല 2018 ല്‍ പുറത്തിറങ്ങിയ ആനുകാലിക വെബ് ഉള്ളടക്ക പ്രവേശനക്ഷമത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ (ഡബ്ല്യു.സി.എ.ജി) കുറിച്ചും പരാമര്‍ശമൊന്നുമില്ല.

2018 ല്‍ ഭിന്നശേഷിക്കാര്‍ക്ക് വിവരസാങ്കേതിക വിദ്യ (ഐ.സി.ടി) ലഭ്യമാക്കുന്നതിനെക്കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ ശുപാര്‍ശകളുടെ കൂട്ടത്തില്‍ എം.എച്ച്. ആര്‍.ഡി നയത്തെ പ്രതിപാദിക്കുന്നില്ല. മാത്രമല്ല, ട്രായ് ശുപാര്‍ശകള്‍ സജ്ജീകരിക്കുന്ന ഇന്റര്‍ മിനിസ്റ്റീരിയല്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ എം.എച്ച്.ആര്‍.ഡി ഉള്‍പ്പെടുന്നില്ല.

പരിഹാരം

ഒരു അനുബന്ധ വ്യായാമത്തിലുപരി എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സാര്‍വത്രികമായ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ഏകോപന സമീപനമാണ് വേണ്ടത്. ഉള്ളടക്കം സൃഷ്ടിക്കുന്നതും സാര്‍വത്രിക പ്രവേശനക്ഷമത മാനദണ്ഡങ്ങള്‍ പരിഗണിച്ചായിരിക്കണം.
ഭിന്ന ശേഷിക്കാരുടെ അവകാശ നിയമപ്രകാരം ഭിന്നശേഷിക്കാരായ പഠിതാക്കള്‍ക്ക് വേണ്ടി ഡിജിറ്റല്‍ വിദ്യാഭ്യാസ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നതിന് അനുയോജ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി നിര്‍ബന്ധമായും ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രാലയങ്ങള ഭിന്നശേഷിക്കാരുടെ ശാക്തീകരണ വകുപ്പുമായി ഏകോപിപ്പിക്കേണ്ടതുണ്ട്.

പൊതു, സ്വകാര്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള എല്ലാ ഐ.സി.ടി സേവന ദാതാക്കള്‍ക്കും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമാക്കുക എന്നതാണ് അടുത്ത ഘട്ടം. 2008 ലെ TRAI മുതല്‍ ഭിന്നശേഷിക്കാര്‍ക്ക് ലഭ്യമായ എല്ലാ സര്‍ക്കാര്‍ വെബ്സൈറ്റുകളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ പ്രവേശനക്ഷമതയെക്കുറിച്ച് സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുന്നതിന്, നിര്‍ദ്ദിഷ്ട നിയമങ്ങളും നയങ്ങളും പ്രകാരമുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ ഐ.സി.ടിയെ സംബന്ധിച്ചുള്ള ദേശീയ നയത്തിന് ഒരു അവലോകനവും നവീകരണവും ആവശ്യമാണ്. അതുപോലെ, സ്‌കൂളുകള്‍ക്ക് ബാധകമായ ഇന്‍ക്ലൂസീവ് ഡിജിറ്റല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തുന്നതിന് വിദ്യാഭ്യാസവകാശ നിയമത്തിലെ പട്ടികയില്‍ ഭേദഗതി വരുത്തുക എന്നത് പ്രധാനമാണ്.

ഇത് കൂടാതെ, ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ സെക്ഷന്‍ 40 നിര്‍ബന്ധമായും അറിഞ്ഞായിരിക്കണം വിദ്യാഭ്യാസത്തിലെ ഐ.സി.ടിയുടെ പ്രവേശനക്ഷമത മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തേണ്ടത്.

മുന്നോട്ടുള്ള വഴികള്‍

സാമൂഹിക അകലവും ക്വാറന്റിനും നിര്‍ബന്ധമാക്കുന്ന കൊവിഡ് -19 ഭിന്നശേഷിക്കാരായ കുട്ടികളുടെ സങ്കീര്‍ണതകള്‍ വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. ഇത് മാനവികതയ്ക്ക് അഭൂതപൂര്‍വമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുവെങ്കിലും ആത്മപരിശോധനയ്ക്കും പുതുമയ്ക്കും വഴിതുറന്നു.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ഉള്‍ചേര്‍ന്ന വിദ്യാഭ്യാസവും സ്‌കൂള്‍ പ്രവേശനവും കൂടുതല്‍ പ്രയാസകരമായാണ് സാധാരണ കണ്ടുവരുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനത്തിലൂടെ വിദ്യാഭ്യാസത്തില്‍ പൊതുവായ അടിത്തറ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇ-ലേണിംഗ് രീതികള്‍ വിന്യസിക്കുന്നതിലൂടെ ഒരേ സമയം നിരവധി കുട്ടികളിലേക്ക് എത്തിക്കുവാന്‍ പ്രത്യേക അധ്യാപകര്‍ക്ക് സാധിക്കുന്നു.

വിദ്യാഭ്യാസം യഥാര്‍ഥത്തില്‍ ഉള്‍ചേര്‍ക്കുന്നതിനും സാര്‍വത്രികമാക്കുന്നതിനും സാങ്കേതികവിദ്യകളും കഴിവുകളും വളര്‍ത്തിയെടുക്കാന്‍ മോദി സര്‍ക്കാര്‍ സജീവമായ താത്പര്യം കാണിക്കുമ്പോഴാണ് ഇതെല്ലാം സാധ്യമാകുന്നത്.

മൊഴിമാറ്റം: ഷാരിഭ.കെ

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി പ്രിന്റിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

പൂജ പാണ്ഡേ

The author is Project Fellow, Vidhi Centre for Legal Policy. Views are personal

We use cookies to give you the best possible experience. Learn more