Asia Cup
ഏഷ്യ കപ്പിലെ നായകനെ നായകനാക്കി നോണ്‍ സെലക്ടഡ് ഇലവന്‍, കരുത്തായി സഞ്ജുവും ടീമില്‍
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ നായകനായും ഹര്‍ദിക് പാണ്ഡ്യയെ ഉപനായകനായും പ്രഖ്യാപിച്ചാണ് ഇന്ത്യ ഏഷ്യ കീഴടക്കാന്‍ ഒരുങ്ങുന്നത്.
ഏറെ നാളായി ക്രിക്കറ്റ് ഫീല്‍ഡിന് പുറത്തുള്ള കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ സ്‌ക്വാഡിന്റെ ഭാഗമായപ്പോള്‍ ഇതുവരെ ഒരു അന്താരാഷ്ട്ര ഏകദിനം പോലും കളിക്കാത്ത തിലക് വര്‍മയുടെ ഇന്‍ക്ലൂഷന്‍ ആരാധകര്‍ക്ക് സര്‍പ്രൈസിങ്ങായിരുന്നു.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ട്രാവലിങ് സ്റ്റാന്‍ഡ് ബൈ ആയും അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 17 അംഗ സ്‌ക്വാഡില്‍ രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ഉണ്ടെന്നിരിക്കെ സഞ്ജുവിനെ ബെഞ്ചിലിരുത്താന്‍ വേണ്ടി മാത്രമാണ് കൊണ്ടുപോകുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ഇഷാനും രാഹുലും ടീമിന്റെ ഭാഗമായിരിക്കെ പ്ലെയിങ് ഇലവനില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
അതേസമയം, ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും സ്‌ക്വാഡിന്റെ ഭാഗമായതുമില്ല. ചഹലും ഭുവിയും അശ്വിനുമെല്ലാം സ്‌ക്വാഡില്‍ സ്ഥാനം പിടിച്ചേക്കുമെന്ന് കരുതിയ ആരാധകര്‍ക്ക് നിരാശരാകേണ്ടി വരികയായിരുന്നു.
ഇപ്പോള്‍ ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രമുഖ കായികമാധ്യമമായ ക്രിക് ട്രാക്കറിന്റെ ഇലവന്‍ ശ്രദ്ധ നേടുകയാണ്. ‘ഇന്ത്യയുടെ നോണ്‍ സെലക്ടഡ് ഇലവന്‍ ഫോര്‍ ഏഷ്യാ കപ്പ് 2023’ എന്ന പേരില്‍ ഇവര്‍ പുറത്തിറക്കിയ ഇലവനാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
ഇന്ത്യ അവസാനം ഏഷ്യാ കപ്പ് നേടിയ 2018ലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ ശിഖര്‍ ധവാന്റെ നേതൃത്വത്തിലാണ് ക്രിക് ട്രാക്കര്‍ ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. യുവ താരങ്ങളുടെ കരുത്തും സീനിയര്‍ താരങ്ങളുടെ അനുഭവ സമ്പത്തും ഒത്തിണങ്ങിയ പെര്‍ഫെക്ട് ബ്ലെന്‍ഡാണ് ഈ ടീം.
ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനൊപ്പം യശസ്വി ജെയ്‌സ്വാളും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ യുവതാരം ഋതുരാജ് ഗെയ്ക്വാദാണ് ഇടം പിടിച്ചിരിക്കുന്നത്. നാലാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജുവെത്തുമ്പോള്‍ അഞ്ച്, ആറ് നമ്പറുകളില്‍ യഥാക്രമം റിങ്കു സിങ്ങും ശിവം ദുബെയും ഇറങ്ങും.
ഏഴാം നമ്പറില്‍ വെറ്ററന്‍ സൂപ്പര്‍ താരം ആര്‍. അശ്വിനും എട്ടാം നമ്പറില്‍ ദീപക് ചഹറുമെത്തും. ഒമ്പതാം നമ്പറില്‍ പേസ് സെന്‍സേഷന്‍ ഭുവനേശ്വര്‍ കുമാറും പത്താം നമ്പറില്‍ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലും പതിനൊന്നാമനായി അര്‍ഷ്ദീപ് സിങ്ങുമെത്തുന്നതോടെ ഈ ഇലവന്‍ പൂര്‍ത്തിയാകും.
ഇന്ത്യയുടെ നോണ്‍ സെലക്ടഡ് ഇലവന്‍ ഫോര്‍ ഏഷ്യ കപ്പ് 2023 (ക്രിക് ട്രാക്കര്‍)
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ശിവം ദുബെ, രവിചന്ദ്രന്‍ അശ്വിന്‍, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്വന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.
അതേസമയം, സെപ്റ്റംബര്‍ രണ്ടിന് ഏഷ്യ കപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കും. കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ.
ട്രാവലിങ് സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍
Content Highlight: India’s Non Selected Eleven For Asia Cup 2023