| Sunday, 30th July 2023, 7:52 am

ഇന്ത്യ യുടെ മുംബൈ യോഗം മാറ്റിവെച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ മൂന്നാം യോഗം മാറ്റിവെക്കാന്‍ സാധ്യത. പല നേതാക്കള്‍ക്കും എത്തിച്ചേരാന്‍ സാധിക്കാത്തതുകൊണ്ടാണ് യോഗം മാറ്റവെക്കാന്‍ മുന്നണി ആലോചിക്കുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 25,26 തിയതികളിലായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. സെപ്റ്റംബര്‍ ആദ്യവാരം യോഗം നടക്കാനാണ് സാധ്യത. യോഗത്തിന്റെ തിയതി പിന്നീട് അറിയിക്കും.

‘ ആഗസ്റ്റ് 25,26 തിയതി ഇപ്പോഴും പരിഗണനയിലുണ്ട്, എന്നാല്‍ പല നേതാക്കള്‍ക്കും എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ ഞങ്ങള്‍ മറ്റൊരു തിയതി നോക്കുന്നുണ്ട്,’ പ്രതിപക്ഷത്തുള്ള ഒരു നേതാവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ സഖ്യത്തിന്റെ കഴിഞ്ഞ യോഗം ബംഗളൂരുവില്‍ വെച്ച് ജൂലൈ 17,18 തിയതികളിലായിരുന്നു നടന്നത്. ആദ്യയോഗം ബിഹാറിലെ പട്‌നയില്‍ വെച്ച് ജൂണ്‍ 12നായിരുന്നു നടത്തിയത്. പട്‌ന യോഗത്തിന് ജനതാ ദളും (യുണൈറ്റഡ്), ബെംഗളൂരുവിലെ യോഗത്തിന് കോണ്‍ഗ്രസുമായിരുന്നു നേതൃത്വം നല്‍കിയത്. മുംബൈയിലെ യോഗത്തിന് മഹാ വികാസ് അഘാടിയാണ് നേതൃത്വം നല്‍കുക.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന് ആഗസ്റ്റ് 25,26 തിയതികളില്‍ യോഗത്തിന് എത്തിച്ചേരാന്‍ സാധിക്കില്ലെന്നാണ് പ്രതിപക്ഷ വൃത്തങ്ങള്‍ അറിയിക്കുന്നത്. മഹാരാഷ്ട്രയിലെ പവാറിന്റെ രാഷ്ട്രീയ പര്യടനം ആഗസ്റ്റ് പകുതിയോടെയാണ് ആരംഭിക്കുന്നത്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടിയിലെ മറ്റ് സഖ്യ കക്ഷികളും പാര്‍ട്ടി പരിപാടിയില്‍ തിരക്കിലായിരിക്കും. ഇതിനാലാണ് തിയതി മാറ്റിവെക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ യോഗത്തിന് നേതൃത്വം നല്‍കുന്നത് ശിവസേനയാണ്. എന്നാല്‍ ആ തിയതികളില്‍ ശരദ് പവാറിന് എത്തിച്ചേരാന്‍ സാധിക്കില്ലെന്നാണ് അറിയുന്നത്. പട്‌നയിലെ യോഗം ആസൂത്രണം ചെയ്തപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നം നേരിട്ടിരുന്നു,’ പ്രതിപക്ഷത്തുള്ള മറ്റൊരു നേതാവിനെ ഉദ്ധരിച്ച് പി.ടി.ഐ പറഞ്ഞു.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പോരാടുന്നതിനായാണ് പ്രതിപക്ഷ സഖ്യം രൂപീകരിച്ചത്. ബെംഗളൂരുവില്‍ വെച്ച് നടന്ന യോഗത്തില്‍ പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന് പേരിട്ടത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു.

ജനാധിപത്യം സംരക്ഷിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒന്നിച്ചതെന്ന് ഖാര്‍ഗെ പറഞ്ഞിരുന്നു. 2024 തെരഞ്ഞെടുപ്പിനെ മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോരാട്ടമെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.

‘ഇന്ത്യ’ സഖ്യത്തെ ജയിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. 26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കള്‍ രണ്ട് ദിവസം ബെംഗളുരുവില്‍ നടന്ന സംയുക്ത പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlight: INDIA’s Mumbai meet may be deferred

We use cookies to give you the best possible experience. Learn more