ഇംഫാല്‍: ഇന്ത്യ സഖ്യ എം.പിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ച് സത്യങ്ങള്‍ മനസിലാക്കുമെന്നും ഈ സത്യങ്ങള്‍ പാര്‍ലമെന്റിന് മുന്‍പില്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് എം.പി നസീര്‍ ഹുസൈന്‍. മണിപ്പൂരില്‍ എല്ലാം ശാന്തമാണെന്ന ചിത്രം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ അവിടെ അക്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘മണിപ്പൂരില്‍ എല്ലാം ശാന്തമാണെന്ന ചിത്രം നല്‍കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍ അങ്ങനെ അല്ല, അവിടെയിപ്പോഴും അക്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ പരാജയപ്പെട്ടുവെന്നതിനെ കുറിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ കീഴില്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. നൂറിലധികം എഫ്.ഐ.ആറുകള്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് തന്നെ പറയുന്നു. ഈ രണ്ട് മാസകാലം ഭരണകൂടം ഉറങ്ങുകയായിരുന്നു. ഇന്ത്യ മണിപ്പൂര്‍ സന്ദര്‍ശിച്ച് സത്യങ്ങള്‍ മനസിലാക്കും. ആ സത്യങ്ങളെ പാര്‍ലമെന്റിന് മുന്‍പില്‍ കൊണ്ടുവരും,’ നസീര്‍ ഹുസൈന്‍ പറഞ്ഞു.
പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാര്‍ പിടിവാശികാണിക്കുകയാണ്. മണിപ്പൂരില്‍ നിരവധി അക്രമങ്ങള്‍ ഉണ്ടായി, നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായി. എന്നാല്‍ സംസ്ഥാനത്തിന് വേണ്ടി ചെലവഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശും രാജസ്ഥാനും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ട്, അവിടെയെല്ലാം അദ്ദേഹം പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സംസാരിക്കുകയും ചെയ്യുന്നു. എന്നാല്‍ മണിപ്പൂരിലെ ജനങ്ങളെ കുറിച്ച് പ്രധാന മന്ത്രി ഒരക്ഷരം മിണ്ടുന്നില്ല,’ നസീര്‍ ഹുസൈന്‍ പറഞ്ഞു.
എം.പിമാര്‍ ശനിയാഴ്ച രാവിലെയോടെ മണിപ്പൂരിലേക്ക് പുറപ്പെടുമെന്നും ഉച്ചക്ക് ഇംഫാലില്‍ എത്തുമെന്നും നസീര്‍ ഹുസൈന്‍ പറഞ്ഞു. സംസ്ഥാനത്തെ അക്രമബാധിത താഴ്‌വര മേഖലയിലും മലയോര മേഖലയിലും എം.പിമാര്‍ സന്ദര്‍ശനം നടത്തും. ഞായറാഴ്ച ഗവര്‍ണര്‍ അനുസൂയ യുകെയെയുമായി സംഘം കൂടിക്കാഴ്ച നടത്തും. മണിപ്പൂരിലെ സ്ഥിതിഗതികള്‍ മനസിലാക്കി പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താനാണ് എം.പിമാര്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ എം.പിമാര്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും ഹുസൈന്‍ പറഞ്ഞു.
പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ 20 എം.പിമാരാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എം.പിമാര്‍ മണിപ്പൂരില്‍ എത്തുന്നത്. നേതാക്കള്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. എം.പിമാരില്ലാത്ത ചില പാര്‍ട്ടി അവരുടെ പ്രതിനിധികളെയും സംഘത്തിനൊപ്പം അയക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ്, ഫുലോ ദേവി നേതം(കോണ്‍ഗ്രസ്), ശുഷ്മിത ദേവ്, സുശീല്‍ ഗുപ്ത(എ.എ.പി), അരവിന്ദ് സാവന്ത്(യു.ബി.ടി), കനിമൊഴി കരുണാനിധി(ഡി.എം.കെ),രാജീവ് രഞ്ജന്‍ സിങ്, അനീല്‍ പ്രസാദ് ഹെഡ്ജ്( ജെ.ഡി.യു), സന്തോഷ് കുമാര്‍(സി.പി.ഐ), എ.എ റഹീം(സി.പി.ഐ.എം), മനോജ് കുമാര്‍ ജാ(ആര്‍.ജെ.ഡി), ജാവേദ് അലി ഖാന്‍(സമാജ്‌വാദി പാര്‍ട്ടി), മഹുവ മാജി (ജെ.എം.എം), പി.പി മുഹമ്മദ് ഫൈസല്‍ (എന്‍.സി.പി), ഇ.ടി മുഹമ്മദ് ബഷീര്‍ (ഐ.യു.എം.എല്‍), എന്‍.കെ പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി), ഡി.രവികുമാര്‍ ,തിരു തോല്‍ തിരുമവലാവന്‍ (വി.സി.കെ), ജയന്ത് സിങ് (ആര്‍.എല്‍.ഡി) എന്നീ എം.പിമാരാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.
അതേസമയം,സംസ്ഥാനത്ത് കൂടുതല്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. എം.പിമാരുടെ സന്ദര്‍ശനത്തിന് എതിരാണെന്നും സ്ഥിതിഗതികള്‍ വഷളാക്കരുതെന്നും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
Content Highlight: India’s MPs visit manipur today