റായ്പൂരില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലെ ആധികാരിക വിജയത്തോടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
കിവികള്‍ ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം 20.1 ഓവറില്‍ ഇന്ത്യക്ക് മറികടക്കാനായി. ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ടീം ഇന്ത്യക്ക് തുണയായത്. 34.3 ഓവറില്‍ ന്യൂസിലാന്‍ഡിനെ 108 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യയുടെ ബൗളേഴ്സ് കളം നിറഞ്ഞാടിയത്.
ഈ മികച്ച പ്രകടത്തിന് നേതൃത്വം നല്‍കിയതാകട്ടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയു. ആറ് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് തകര്‍പ്പന്‍ പ്രകടനമാണ് മുഹമ്മദ് ഷമി നടത്തിയത്. 3.00 എക്കോണമി റേറ്റിലാണ് ഷമി പന്തെറിഞ്ഞത്. ഈ മിന്നും പെര്‍ഫോമന്‍സോടെ കളിയിലെ താരമാകാനും(player of the match) ഷമിക്കായി.
For his impactful 3️⃣-wicket haul in the first innings, @MdShami11 bagged the Player of the Match award as #TeamIndia won the second #INDvNZ ODI by eight wickets 👏👏
Scorecard ▶️ https://t.co/tdhWDoSwrZ@mastercardindiapic.twitter.com/Nxb3Q0dQE5
— BCCI (@BCCI) January 21, 2023
ഷമി എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍സ് പോലും നേടാന്‍ ന്യൂസിലാന്‍ഡിനായില്ല. മാത്രമല്ല ഈ ഓവറില്‍ ഓപ്പണര്‍ ഫിന്‍ അലനെ പൂജ്യത്തിന് പുറത്താക്കാനും താരത്തിനായി. ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്വെല്‍ എന്നിവരായിരുന്നു ഷമിയുടെ ബൗളിങ്ങിന് മുന്നില്‍ വീണുപോയ മറ്റ് രണ്ട് താരങ്ങള്‍.
ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെയുള്ള മറ്റ് ബൗളേഴ്‌സും ഷമിക്കൊപ്പം ഇന്ത്യന്‍ വിജയത്തിനായി കട്ടക്ക് നിന്നു. ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും രണ്ട് വീതം വിക്കറ്റുകളെടുത്തപ്പോള്‍ മുഹമ്മദ് സിറാജും ഷര്‍ദുല്‍ താക്കുറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ബാറ്റിങ്ങ് നിരയില്‍ ഇന്ത്യക്കായി തിളങ്ങിയത്. 50 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 51 റണ്‍സാണ് നായകന്‍ സ്വന്തമാക്കിയത്.
72 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ശുഭ്മാന്‍ ഗില്ലിനൊപ്പം പങ്കിടാനും ഇന്ത്യന്‍ നായകനായി. ഗില്‍ 40 റണ്‍സെടുത്തും ഇഷാന്‍ കിഷന്‍ എട്ട് റണ്‍സെമെടുത്തും പുറത്താകാതെ നിന്നു. വിരാട് കോഹ്‌ലി 11 റണ്‍സെടുത്ത് പുറത്തായി.
പരമ്പരയില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ 12 റണ്‍സിന്റെ വിജയം നേടാന്‍ ഇന്ത്യക്കായിരുന്നു.
Content Highlight: India’s mohammed shami’s performance in the second ODI against New Zealand at Raipur