| Friday, 26th August 2022, 3:07 pm

സെലന്‍സ്‌കിയുടെ പ്രസംഗത്തിന് അനുമതി നല്‍കി എന്നത് റഷ്യക്കെതിരല്ല; 'നിലപാട് വ്യക്തമാക്കി' ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ ഉക്രൈന് അനുകൂലമായി വോട്ട് ചെയ്തതില്‍ വിശദീകരണവുമായി ഇന്ത്യ. ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്ക് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാനായിരുന്നു ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തത്.

ഇത് ‘ആദ്യമായി റഷ്യക്കെതിരെ ഇന്ത്യ വോട്ട് ചെയ്തു’ എന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ക്കും വഴിവെച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

സെലന്‍സ്‌കിക്ക് പ്രസംഗിക്കാന്‍ അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു എന്നത് റഷ്യക്കെതിരായ നിലപാടല്ല എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്. ‘റഷ്യക്കെതിരെ ഇന്ത്യ വോട്ട് ചെയ്തു’ എന്നതും അദ്ദേഹം നിഷേധിച്ചു.

”ഞങ്ങള്‍ ആര്‍ക്കുമെതിരായി വോട്ട് ചെയ്തിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹത്തെ (സെലന്‍സ്‌കി) വിര്‍ച്വലായി സംസാരിക്കാന്‍ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസലായിരുന്നു അത്. ഞങ്ങള്‍ അത് അനുവദിക്കുകയും ചെയ്തു.

ഇത് മൂന്നാം തവണയാണ് അദ്ദേഹം യു.എന്നില്‍ വിര്‍ച്വലായി സംസാരിച്ചത്, ഞങ്ങള്‍ അതിനെ പിന്തുണച്ചു. അതിനാല്‍ ഞങ്ങള്‍ റഷ്യക്കെതിരെ വോട്ട് ചെയ്തു, എന്ന ഒരു ചോദ്യമേ ഇവിടെ ഉയരുന്നില്ല,” അരിന്ദം ബാഗ്ചി വ്യക്തമാക്കി.

ഇത് ഉക്രൈനോ റഷ്യക്കോ അനുകൂലമോ പ്രതികൂലമോ ആയ വോട്ടല്ലെന്നും സെലന്‍സ്‌കിയെ പ്രസംഗിക്കാന്‍ അനുവദിക്കണമോ വേണ്ടയോ എന്നത് മാത്രമായിരുന്നു ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉക്രൈന്‍ വിഷയത്തില്‍ നടത്തിയ പ്രൊസീജിയറല്‍ വോട്ടിങ്ങിലായിരുന്നു (procedural vote) ഇന്ത്യ ‘റഷ്യക്കെതിരെ’ വോട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ ഉക്രൈനില്‍ സൈനിക അധിനിവേശവും ആക്രമണങ്ങളും ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇന്ത്യ ഉക്രൈന് അനുകൂലമായി വോട്ട് ചെയ്യുന്നത്.

റഷ്യ- ഉക്രൈന്‍ സംഘര്‍ഷം ആറ് മാസം പിന്നിട്ടതിന്റെയും ഉക്രൈന്റെ സ്വാതന്ത്ര്യ ദിനത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു സെക്യൂരിറ്റി കൗണ്‍സില്‍ ഓഗസ്റ്റ് 24ന് യോഗം ചേര്‍ന്നത്. യോഗത്തില്‍ ഓണ്‍ലൈനിലൂടെയായിരുന്നു സെലന്‍സ്‌കി പങ്കെടുത്തത്.

യോഗം ആരംഭിച്ച സമയത്ത്, ഉക്രൈന്‍ പ്രസിഡന്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ അംബാസഡര്‍ വാസിലി എ. നെബെന്‍സിയ പ്രൊസീജിയറല്‍ വോട്ട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതിലാണ് ഇന്ത്യ ഉക്രൈന്‍ പ്രസിഡന്റിനെ പിന്തുണച്ച് വോട്ട് ചെയ്തത്.

റഷ്യ ഇതിനെതിരെ വോട്ട് ചെയ്തപ്പോള്‍ ചൈന വോട്ടില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു.

നിലവില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ താല്‍ക്കാലിക അംഗമാണ് ഇന്ത്യ. രണ്ട് വര്‍ഷത്തെ കാലാവധി ഈ വരുന്ന ഡിസംബറില്‍ അവസാനിക്കും.

റഷ്യ ഉക്രൈനില്‍ അധിനിവേശ ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ ഇതിനെതിരെ ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു.

റഷ്യയും ഉക്രൈനും ചര്‍ച്ചക്ക് തയ്യാറാവണമെന്നും നയതന്ത്രപരമായ രീതിയിലൂടെ മാത്രമേ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂ എന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.

യു.എസും അല്‍ബേനിയയും ചേര്‍ന്നായിരുന്നു ഉക്രൈനില്‍ നിന്നും റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ വീറ്റോ അധികാരമുപയോഗിച്ച് റഷ്യ പ്രമേയം തള്ളിക്കളയുകയായിരുന്നു.

15 അംഗ സെക്യൂരിറ്റി കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഇന്ത്യ, ചൈന, യു.എ.ഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

Content Highlight: India’s ministry of external affairs says vote to allow Ukraine president Zelensky’s speech was not against Russia

We use cookies to give you the best possible experience. Learn more