ന്യൂദല്‍ഹി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു മതവിഭാഗത്തില്‍ പെട്ട ഒരു യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം.
പാകിസ്ഥാന്‍ തങ്ങളുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ പരിപാലിക്കുകയും അവരെ സുരക്ഷിതമാക്കുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യണമെന്നാണ് ബി.ജെ.പി സര്‍ക്കാരിലെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി (Arindam Bagchi) വ്യാഴാഴ്ച പ്രതികരിച്ചത്.
യുവതിയുടെ കൊലപാതകത്തെകുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തന്റെ പക്കലില്ലെന്നും ബാഗ്ചി പറഞ്ഞു. ഒരു പ്രത്യേക കേസിനെക്കുറിച്ച് മാത്രമായി പ്രതികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”പാകിസ്ഥാന്‍ അവരുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ പരിപാലിക്കണമെന്നും അവരുടെ സുരക്ഷയുടെയും ക്ഷേമത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഞങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അത് വീണ്ടും ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” ബാഗ്ചി പ്രതികരിച്ചു.
സിന്ധ് പ്രവിശ്യയിലെ കടുക് പാടത്തായിരുന്നു 44കാരിയായ സ്ത്രീയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.
സിന്ധ് പ്രവിശ്യയിലെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്ററായ കൃഷ്ണ കുമാരിയായിരുന്നു സംഗര്‍ ജില്ലയിലെ നഗരമായ സിന്‍ജോറോയില്‍ (Sinjhoro) ദയാ ഭീല്‍ (Daya Bheel) എന്ന യുവതി കൊല്ലപ്പെട്ടതിന്റെ വാര്‍ത്ത വ്യാഴാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്നും സെനറ്ററെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ 27നായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം പ്രവിശ്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്. സിന്ധ് പൊലീസ് വിഷയത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.