കളിക്കളത്തില്‍ നിന്ന് ഏറെക്കാലം വിട്ടുനില്‍ക്കുന്ന ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫിയില്‍ തിരിച്ചുവരും. തമിഴ്നാടിനെതിരെ നടക്കാനിരിക്കുന്ന സെമി-ഫൈനല്‍ മത്സരത്തില്‍ താരം മുംബൈക്ക് വേണ്ടി കളിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ ബി.കെ.സി ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രൗണ്ടിലാണ് മത്സരം ആരംഭിക്കുന്നത്.
‘അതെ, താന്‍ ഇപ്പോള്‍ ഫിറ്റാണെന്നും മുംബൈയുടെ രഞ്ജി സെമി ഫൈനല്‍ മത്സരത്തിന് ഉണ്ടാകുമെന്നും അയ്യര്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് സ്ഥിരീകരിച്ചിട്ടുണ്ട്,’ ബി.സി.സി.ഐ വൃത്തങ്ങള്‍ ടൈമ്‌സ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
എന്നാല്‍ രഞ്ജിയില്‍ നിന്നും വിട്ടു നിന്ന താരങ്ങള്‍ക്ക് ബി.സി.സി.ഐ പ്രസിഡണ്ട് ജെയ് ഷാ രൂക്ഷ വിമര്‍ശനവുമായി കത്ത് എഴുതിയിരുന്നു. താരങ്ങള്‍ എത്രയും പെട്ടന്ന് ടീമില്‍ കളിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഷാ പറഞ്ഞിരുന്നു. രഞ്ജി ട്രോഫിയിലെ പ്രകടനത്തിന്റ അടിസ്ഥാനത്തിലാണ് ദേശീയ ടീമില്‍ കളിക്കാന്‍ താരങ്ങല്‍ക്ക് അവസരം നല്‍കുന്നത്. എന്നാല്‍ ഏറെ കാലമായി മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇഷാന്‍ കിഷനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദിലും വിശാഖപട്ടണത്തും നടന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ അദ്ദേഹം 35, 13, 27, 29 സ്‌കോര്‍ ചെയ്തു. അതിന് ശേഷം ആരോഗ്യപ്രശനം ഉണ്ടെന്ന് കാരണം കാണിച്ച് ഏറെ നാള്‍ ഗ്രൗണ്ടില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. എന്നാല്‍ താരം തിരിച്ചെത്തുന്നതോടെ ടീം പ്രതീക്ഷയിലാണ്.
അതേസമയം, മുംബൈയ്ക്കെതിരായ രഞ്ജി സെമിഫൈനലില്‍ ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും സായ് സുദര്‍ശനും തിരിച്ചെത്തുന്നത് തമിഴ്നാടിന് കരുത്ത് പകരും. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മാര്‍ച്ച് ഏഴിന് ധര്‍മ്മശാലയില്‍ ആരംഭിക്കും.
Content Highlight: India’s middle-order batsman Shreyas Iyer will make a comeback in the Ranji Trophy