ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി. ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്സ് ബോര്‍ഡ് നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുകയും ടൂര്‍ണമെന്റിന്റെ കാര്യത്തില്‍ വ്യക്തത വരാതെ നില്‍ക്കുകയുമായിരുന്നു.
എന്നാല്‍ പാകിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ് റെവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ പി.സി.ബി തയ്യാറായെന്നാണ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ നടത്തിയപോലെ ദുബായ്, ശ്രീലങ്ക പോലുള്ള ന്യൂട്രല്‍ വേദികളില്‍ ഇന്ത്യയുടെ മത്സരം നടത്തണമെന്നാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിച്ചത്.
‘അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പരമോന്നത ബോഡിയും രണ്ട് ബോര്‍ഡുകളും ഒരു ഹൈബ്രിഡ് മോഡലുമായി മുന്നോട്ട് പോകാന്‍ സമ്മതിച്ചിട്ടുണ്ട്. പി.സി.ബിയെ ഹോസ്റ്റിങ് അവകാശങ്ങളില്‍ നിന്ന് നീക്കം ചെയ്യില്ല, പക്ഷേ ഇന്ത്യ അവരുടെ ഗെയിമുകള്‍ മറ്റൊരു രാജ്യത്ത് കളിക്കും. ഇന്ത്യ നോക്കൗട്ട് ഘട്ടത്തില്‍ എത്തിയാല്‍ ഒരു സെമിഫൈനലും ഫൈനലും പാകിസ്ഥാന് പുറത്ത് നടക്കും,’ ലത്തീഫ് റെവ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് നേരത്തെ കൈമാറിയിരുന്നു.
2008 ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടില്ലെങ്കിലും, മെന്‍ ഇന്‍ ഗ്രീന്‍ മൂന്ന് വ്യത്യസ്ത അവസരങ്ങളില്‍ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. 2012-13 സമയത്താണ് ഇരു ടീമുകളും മത്സരിച്ചത്.
2016ലെ ടി-20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. 2023 ലോകകപ്പില്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ തങ്ങളുടെ മത്സരങ്ങള്‍ കളിച്ചത്.
Content Highlight: India’s matches in 2025 Champions Trophy in hybrid model