| Friday, 4th October 2024, 8:12 pm

ഇസ്രഈലിന്റെ വെബ്‌സൈറ്റില്‍ ജമ്മു കശ്മീരിനെ തെറ്റായി ചിത്രീകരിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഭൂപടം; ഒഴിവാക്കി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ വീവ്: ജമ്മു കശ്മീരിനെ തെറ്റായി ചിത്രീകരിച്ചുകൊണ്ടുള്ള ഇന്ത്യയുടെ മാപ്പ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഒഴിവാക്കി ഇസ്രഈല്‍. സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം കനത്തതോടെയാണ് ഇസ്രഈല്‍ അധികൃതരുടെ നീക്കം.

ജമ്മുകശ്മീരിനെ തെറ്റായി ചിത്രീകരിച്ചത് എഡിറ്ററുടെ പിഴവാണെന്നും വെബ്‌സൈറ്റില്‍ നിന്നും ഇത് എടുത്തുമാറ്റിയതായും ഇന്ത്യയിലെ ഇസ്രഈല്‍ അംബാസിഡര്‍ റൂവന്‍ അസര്‍ പറഞ്ഞു.

‘വെബ്‌സൈറ്റ് എഡിറ്ററുടെ പിഴവുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ശ്രദ്ധിച്ചതിന് നന്ദി. പിഴവ് പറ്റിയ മാപ്പ് വെബ്‌സൈറ്റില്‍ നീക്കം ചെയ്തിട്ടുണ്ട്,’ അംബാസിഡര്‍ പ്രതികരിച്ചു.

ഇന്ത്യയുടെ മാപ്പില്‍ തെറ്റുണ്ടെന്ന് ചുണ്ടിക്കാട്ടി എക്‌സില്‍ ഉപയോക്താവ് പ്രതികരിച്ചതോടെയാണ് പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇന്ത്യ ഇസ്രഈലിനൊപ്പം നിന്നിട്ടും തിരിച്ച് അതുണ്ടാവുന്നുണ്ടോ എന്നും ഇസ്രഈലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ശ്രദ്ധിക്കൂ എന്നുമായിരുന്നു എക്‌സിലൂടെ ഉപയോക്താവിന്റെ ആദ്യ പ്രതികരണം.

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നെത്‌ന്യാഹു സംസാരിക്കുന്നതിനിടെയില്‍ രണ്ട് മാപ്പുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതില്‍ ഒന്ന് ഇറാന്‍, ഇറാഖ്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് ശാപമാണെന്നും എന്നാല്‍ ഈജിപ്ത്, സുഡാന്‍, സൗദി അറേബ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ അനുഗ്രഹമാണെന്നുമായിരുന്നു നെതന്യാഹു പറഞ്ഞത്.

അതേസമയം ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറുല്ല ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രഈല്‍ ഗസക്കെതിരെയും ലെബനിനെതിരെയും രൂക്ഷമായ രീതിയില്‍ ആക്രമണം നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Content Highlight: India’s map misrepresents on center of jammu kashmir on isreal’s website; except isreal

We use cookies to give you the best possible experience. Learn more