| Monday, 11th May 2020, 2:30 pm

'ഇല്ല, ഈ ലോക്ഡൗൺ ജയിൽ വാസത്തിന് സമാനമാവില്ല,' വ്യാജ തീവ്രവാദക്കേസിൽ 14 വർഷം തടവിൽക്കിടന്ന ആമിർ പറയുന്നു

മുഹമ്മദ് ആമിര്‍ ഖാന്‍

കഴിഞ്ഞ നാല്പതു ദിവസമായി പുറത്തെ സൂര്യനെ നോക്കി പുഞ്ചിരിച്ചും വല്ലപ്പോഴുമുള്ള ദല്‍ഹിയുടെ ആകാശനീലിമയെ മതിയാവോളം ആസ്വദിച്ചും രണ്ടു മുറികളുള്ള എന്റെ വീടിന്റെ ജനാലയുടെ സമീപം ഞാന്‍ നിലയുറപ്പിക്കാറുണ്ട്.

ഇന്നേവരെ കേട്ടുകേള്‍വിപോലുമില്ലാത്ത തരത്തില്‍ കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാന്‍ ലോകം അടച്ചിടുന്നത് കണ്ട് സര്‍വരും സ്തബ്ധരായി നില്‍ക്കുന്ന ഈ സമത്ത്, ഈ ഒറ്റപ്പെടലും നിശബ്ദദതയും എന്നെയും അങ്ങേയറ്റം അസ്വസ്ഥനാക്കുന്നുണ്ട്.

എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ഇത് ആദ്യമായല്ല.

ജീവിതത്തിന്റെ പച്ചപ്പുകള്‍ തേടി ഇതിനു മുന്‍പും ഞാന്‍ പുറത്തേക്കു നോക്കിയിരുന്നിട്ടുണ്ട്. ജനാലയിലൂടെയല്ല, ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഞാന്‍ ഏകാന്ത തടവനുഭവിച്ച കുടുസ്സുമുറിയുടെ ഇരുമ്പഴികള്‍ക്കിടയിലൂടെയായിരുന്നു ഞാന്‍ പുറംലോകത്തെ കൊതിയോടെ നോക്കിയിരുന്നത്. ഈ ഒന്നരമാസം വിവിധ ജയിലുകളിലായി എനിക്കുനഷ്ടമായ പതിനാല് വര്‍ഷത്തിന്റെ ഓര്‍മകളിലേക്കുള്ള ഒരു മടക്കയാത്രയായിരുന്നു ഈ ലോക്ക്ഡൗണ്‍ കാലം.

രാജ്യം അടച്ചിടല്‍ പ്രഖ്യാപിച്ചത് മുതല്‍ സ്വന്തം വീടിന്റെ ചുവരുകള്‍ക്കുള്ളിലെ ജീവിതാനുഭവങ്ങളെ ജയിലിനോട് ചേര്‍ത്തുവായിക്കുന്ന നിരവധി ഉപമകള്‍ ഞാന്‍ ശ്രദ്ദിച്ചു. ‘ജയില് പോലെ തോന്നുന്നു’, ‘എന്നാണ് ഇനി സുഹൃത്തുക്കളെയും കുടുംബത്തെയും കാണാന്‍ കഴിയുക’, ‘ഈ നാല് ചുവരുകള്‍ക്കുള്ളില്‍ എനിക്ക് ശ്വാസംമുട്ടുന്നു’ എന്നൊക്കെയാണ് പലരും പറയുന്നത്.

എന്നാല്‍, ജയിലിന് തുല്യം എന്ന് വാദിക്കുന്നതിനെ പൂര്‍ണ്ണമായി എനിക്ക് അംഗീകരിക്കാനാവില്ല.

1998 മുതല്‍ 2012 വരെ രാജ്യത്തെ മൂന്ന് വ്യത്യസ്ത ജയിലുകളില്‍ ആയിരുന്നു എന്നെ തടവിലിട്ടിരുന്നത്. ദല്‍ഹിയിലെ തിഹാര്‍ സെന്‍ട്രല്‍ ജയില്‍, ഗാസിയാബാദിലെ ദസ്ന ജിലാ ജയില്‍, റോഹ്ത്തക് ജില്ലാ ജയില്‍. എന്റെ പത്തൊമ്പതാമത്തെ വയസില്‍ കെട്ടിച്ചമച്ച തീവ്രവാദ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് എന്റെ ജീവിതത്തിന്റെ നീണ്ട പതിനാല് വര്‍ഷമാണ് നശിപ്പിക്കപ്പെട്ടത്.

ഇന്ന് വീണ്ടും, സമയമോ കാലമോ തീയതിയോ ഒന്നും ബോധ്യമില്ലാതെ നാലു ചുവരുകള്‍ക്കുള്ളില്‍.

ജയിലിലേതു പോലെ ഞാന്‍ ഹസ്തദാനങ്ങള്‍ ഒഴിവാകുന്നു. തടവറകളുടെ അധികാര ശ്രേണികള്‍ തെറ്റിക്കപ്പെടുമോ എന്ന ഭയത്താലല്ല, കൊവിഡ് പകരുന്നത് ഒഴിവാക്കാന്‍ വേണ്ടി. എല്ലാ ജയില്‍പ്പുള്ളികള്‍ക്കും അതിന് ഭാഗ്യമുണ്ടാകാറില്ല എന്നിരുന്നാല്‍ക്കൂടിയും, പുറത്തിറങ്ങാന്‍ പാസ് അനുവദിക്കുന്ന ഇപ്പോഴത്തെ സമ്പ്രദായം എനിക്ക് പരോളിന് സമാനമായാണ് തോന്നുന്നത്. വെട്ടിയൊതുക്കാത്ത എന്റെ തലമുടിയും വൃത്തിയില്ലാത്ത ഷേവിങ്ങും ജയില്‍കാലത്തിന്റെ ഓര്‍മ്മകള്‍ തന്നെയാണ്.

ഈ സാദൃശ്യങ്ങള്‍ നിലനില്‍ക്കെ തന്നെ, നിലവിലെ അടച്ചിടല്‍ ഒരിക്കലും ജയിലുപോലെയല്ല. തടവറകള്‍ നശിപ്പിക്കുന്നതുപോലെ മനുഷ്യന്റെ ഇച്ഛാശക്തിയെയും പ്രസരിപ്പിനെയും ഉത്സാഹത്തെയും മറ്റൊന്നും നശിപ്പിക്കുന്നില്ല.

ഇന്ന് വീടിനുളളില്‍ ഒതുങ്ങി കഴിയുകയാണെകിലും, കുടുംബത്തിന്റെ, മാതാപിതാക്കളുടെ, ഇണയുടെയും മക്കളുടെയും സാന്ത്വന-സ്‌നേഹ വലയത്തിന്റെ സുഖലോലുപതക്കുള്ളിലാണ് നമ്മള്‍. ജയിലുകളില്‍ കുടുംബം നിങ്ങള്‍ക്ക് ഓര്‍മ്മകള്‍ മാത്രമായിരിക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കുടുംബത്തെ കാണാന്‍ കഴിഞ്ഞേക്കാം.

നൂറുനൂറു വ്യത്യസ്ത ശബ്ദങ്ങളും സംഭാഷങ്ങളും തട്ടിത്തെറിച്ചുപോകുന്ന ചെറിയൊരു കുടുസ്സുമുറിയില്‍ സ്വകാര്യതയുടെ നേര്‍ത്ത മൂടുപടം പോലുമില്ലാതെ അല്പസമയം അകലെ നിന്ന് കുടുംബത്തെ കാണാം. നിങ്ങളുടെ പ്രിയരെ ഒന്ന് സ്പര്ശിക്കുവാനോ, കെട്ടിപ്പിടിക്കുവാനോ, ഒന്ന് തോളുചേര്‍ത്തു പൊട്ടിക്കരയുവാനോ, എന്തിനേറെ ഒന്ന് അടുത്ത് കാണുവാനോ സാധിക്കില്ല. പതിനാല് വര്‍ഷമാണ് ഞാന്‍ ഇങ്ങനെ കഴിഞ്ഞത്.

ഇന്ന് നമുക്ക് ലോകത്തിന്റെ മാറിലേക്ക് ആഡംബരത്തിന്റെ ജനാലകള്‍ മലര്‍ക്കെ തുറന്നിടാം. ആകാശവും നക്ഷത്രവും നോക്കി കിന്നാരം ചൊല്ലാം. തടവറക്കുള്ളില്‍ പതിനാല് വര്‍ഷം ഞാന്‍ നക്ഷത്രങ്ങളെ കണ്ടിരുന്നില്ല.

(ഞാന്‍ ഇവയൊക്കെ ആഡംബരം എന്ന് വിളിക്കാനാണ് താല്‍പര്യപ്പെടുന്നത്. നമുക്ക് ചുറ്റിലുമുള്ള നിരവധി മനുഷ്യര്‍ക്ക്, ഒരു നേരത്തെ അന്നത്തിനായി സ്വന്തം വീടിന്റെ സാന്ത്വനവും ചൂരും ഉപേക്ഷിച്ചുപോയ അനേകായിരം കുടിയേറ്റ തൊഴിലാളികള്‍ക്ക്, പട്ടിണികൊണ്ടു പുളയുന്ന വലിയൊരു ജനതക്ക് മേല്‍പ്പറഞ്ഞതൊക്കെ ആഡംബരം തന്നെയാണ്.)

നമുക്ക് ഇന്റര്‍നെറ്റ് സൗകര്യങ്ങളുണ്ട്. സുഹൃത്തുക്കളെ വിളിക്കുകയും ലോകത്തിന്റെ ഗതിവിഗതികള്‍ കണ്ടുകൊണ്ടിരിക്കുകയും ചെയ്യാം. എന്നാല്‍ ജയിലില്‍ നിങ്ങള്‍ കൂട്ടിലടക്കപ്പെട്ടിരിക്കുകയാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ല. കോടതി തീയതികള്‍ എണ്ണിയും ‘സാധാരണ ജീവിതത്തിലക്കുള്ള’ തിരിച്ചുപോക്ക് സ്വപ്നംകണ്ടും കാലം കഴിക്കല്‍ മാത്രമാണ് നിങ്ങള്‍ക്ക് സാധ്യമാകുക.

‘വന്ദേ ഭാരത്’ എന്ന കേന്ദ്രത്തിന്റെ വീരവാദത്തിലെ തട്ടിപ്പുകളും പ്രവാസികളോടുള്ള നെറികേടുകളും

നിങ്ങള്‍ എപ്പോഴെങ്കിലും ഏകാന്ത തടവില്‍ ആയിട്ടുണ്ടോ?

നമ്മുടെ ജയില്‍ സംവിധാനങ്ങളില്‍ നിയമാനുസൃതമാണ് ‘ഏകാന്ത തടവ്’. അങ്ങേയറ്റം മനുഷ്യത്വരഹിതമായ, ഒരു മനുഷ്യജീവിയുടെ സകല ഹൃദയവികാരങ്ങളെയും ഞെരിച്ചമര്‍ത്തി നശിപ്പിക്കുന്ന ‘ഏകാന്ത തടവ്’ ഇന്നും നമ്മുടെ ശിക്ഷാ സവിധാനത്തിലുണ്ട്. മറ്റ് മനുഷ്യരോട് ഇടപഴകാനുള്ള ഒരു വ്യക്തിയുടെ ഏറ്റവും അടിസ്ഥാന അവകാശമാണ് ഇവിടെ ഹനിക്കപ്പെടുന്നത്.

ജയിലിന്റെ ഒഴിഞ്ഞൊരു മൂലയില്‍, മറ്റു തടവുകാരില്‍നിന്നുമൊക്ക പാടെ അകലെ എട്ടടി നീളവും ആറടി വീതിയുമുള്ള കുടുസ്സുമുറിയിയിലാണ് നിങ്ങളെ തടവിലാക്കുക. മറ്റു തടവകാരുമായി ഇടപഴകാനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവില്ല. ദിനേന ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തേക്ക് മാത്രമായിരിക്കും നിങ്ങള്‍ക്കു സെല്ലിന് പുറത്തിറങ്ങാന്‍ കഴിയുക. കുളിയും നടത്തവും ഭക്ഷണവും ഉറക്കവും മൂത്രവിസര്‍ജ്ജനവും ഒക്കെ ഈ എട്ടടി നീളമുള്ള തടവറയില്‍ ആയിരിക്കും. സ്വാഭാവികമായും ഉത്ക്കണ്ഠയും, വിഷാദവും ആത്മഹത്യാ പ്രേരണയും പോലെയുള്ള കടുത്ത മാനസിക പ്രതിസന്ധികളിലേക്കായിരിക്കും ഏകാന്ത തടവുകാര്‍ എത്തിപ്പെടുക.

അതുകൊണ്ട് തന്നെ, ഈ ലോക്ഡൗണ്‍ ഒരിക്കലും ജയിലിന് സമാനമല്ല. നമ്മള്‍ ഇപ്പോള്‍ ജയിലില്‍ അല്ല. സാമൂഹിക അകലം പാലിക്കുവാനും വീട്ടിലിരിക്കുവാനും അതുവഴി കൊവിഡ് വ്യാപനം തടയുവാനും നമ്മോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തിരിക്കുന്നത്.

ഇന്നത്തെ ഒറ്റപ്പെടലും, അനിശ്ചിതത്വവും, ഭയവും നിശബ്ദതയും നിസ്സഹായതയും ഒക്കെ ഞാന്‍ മനസിലാക്കുന്നുമുണ്ട്.

ഇന്ന് ഒറ്റപ്പെടലിന്റെ അസ്വസ്ഥതകളിലൂടെ ചെറിയ നിലക്കെങ്കിലും ഒട്ടുമിക്ക ആളുകളും കടന്നുപോയിരിക്കെ, നമ്മുടെ ജയില്‍ സംവിധാനങ്ങള്‍ കുറേക്കൂടി മനുഷ്യത്വപരമാക്കുന്നത്തിനെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. വീടില്‍നുള്ളില്‍പോലും ഇടപഴകാനും നടക്കാനും സ്ഥലപരിമിതി അനുഭവപ്പെടുമ്പോള്‍ ചെറിയ ചെറിയ തടവറകളില്‍ അടക്കപ്പെട്ടവരെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ടാന്‍ നമ്മള്‍ അത്യധ്വാനം ചെയ്യുമ്പോള്‍ കലുഷമായ കൂടിക്കാഴ്ചാ മുറികളെക്കുറിച്ചും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.

കൊളോണിയല്‍ സംവിധാങ്ങള്‍ക്ക് കീഴിലാണ് ഇന്ത്യയിലെ ജയിലുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്. അവിടെ ജയില്‍വാസികളുടെ പുനരധിവാസം തീര്‍ത്തും അസാധ്യമായി തുടരുന്നു. കാലതാമസം ഒട്ടുമില്ലാതെ മൗലികമായ പരിഷ്‌കാരങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ അത് നമ്മെ പഠിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

Framed As A Terrorist: My 14 Year Struggle to Prove Innocence’ എന്ന പുസ്തകത്തിന്റെ രചയിതാവും മനുഷ്യാവകാശ പ്രവര്‍ത്തകനും കൂടിയാണ് ആമിര്‍ ഖാന്‍.

കടപ്പാട് : ദി പ്രിന്റ്

മൊഴിമാറ്റം: അജ്മല്‍ ആരാമം

മുഹമ്മദ് ആമിര്‍ ഖാന്‍

എഴുത്തുകാരന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more