| Tuesday, 8th August 2023, 6:35 pm

സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചേക്കുമോ? ഏഷ്യാ കപ്പ് സാധ്യതാ ടീം ഇങ്ങനെ...

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ടീമിനെ പുറത്തുവിട്ട് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ. പി.ടി.ഐ പുറത്തുവിട്ട ലിസ്റ്റില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചിട്ടുണ്ട്. നിലവില്‍ നടക്കുന്ന വിന്‍ഡീസ് പരമ്പരയില്‍ മോശം പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. എങ്കിലും 19 അംഗ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരുമുണ്ട്.

പരീക്ഷണങ്ങളൊന്നുമില്ലാതെ കോര്‍ ടീമിനെ തന്നെ ഏഷ്യാ കപ്പില്‍ അയക്കാനായിരിക്കണം ഇന്ത്യന്‍ ടീം പ്ലാന്‍ ചെയ്യുന്നത്. പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനായി തിരിച്ചുവരുന്ന കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരും ഏഷ്യാ കപ്പ് ടീമിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരക്കുള്ള ടീമിന്റെ നായകനായി ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിന് ശേഷമാണ് അദ്ദേഹം ഇന്ത്യക്കായി കളിക്കാന്‍ ഒരുങ്ങുന്നത്.

നായകന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നീ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്കൊപ്പം മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനും ടീമിലുണ്ടാകും. വിക്കറ്റ് കീപ്പര്‍മാരായി കിഷന്‍. സഞ്ജു, രാഹുല്‍ എന്നിവരാണുള്ളത്.

ബുംറ നയിക്കുന്ന പേസ് അറ്റാക്കില്‍ ഷമി, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട്ട്, മുകേഷ് കുമാര്‍ എന്നിവരുണ്ട്. ലെഫ് ഹാന്‍ഡ് പേസ് ബൗളറായ അര്‍ഷ്ദീപ് സിങ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്ത ടീമിലില്ല. ഉനദ്കട്ടിന് പകരം അദ്ദേഹം ടീമിലെത്തുമോ എന്ന് കണ്ടറിയണം.

ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ,ഷര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരായിരിക്കും ഓള്‍റൗണ്ടര്‍മാര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലുള്ളത്.

മിഡില്‍ ഓര്‍ഡറില്‍ ആരൊക്കെ കളിക്കുമെന്ന കാര്യത്തിലായിരിക്കും ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ ആശങ്ക. മികച്ച പ്രതിഭകളുണ്ടായിട്ടും ആര്‍ക്കും അവസരത്തിനൊത്തുയരാന്‍ സാധിക്കാത്ത കാഴ്ചയാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്.

ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബര്‍ 17നാണ് അവസാനിക്കുക. പാകിസ്ഥാനിലും ശ്രീലങ്കയിലുമായിട്ടാണ് ഇത്തവണ ഏഷ്യാ കപ്പ് അരങ്ങേറുന്നത്.

പി.ടി.ഐ പുറത്തുവിട്ട ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഷമി, ജയദേവ് ഉനദ്കട്ട്, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍.

Content Highlight: India’s likely core group for Asia Cup and World Cup by PTI

We use cookies to give you the best possible experience. Learn more