രാജ്യത്ത് പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ മൂലം ലെതര്‍ (തുകല്‍) വിപണി വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. 2016-17 സാമ്പത്തിക വര്‍ഷം മാത്രം മൂന്ന് ശതമാനത്തിലധികം ഇടിവാണുണ്ടായത്. 2017-18 സാമ്പത്തിക വര്‍ഷം ആദ്യ കാല്‍ഭാഗം പിന്നിട്ടപ്പോള്‍ 1.30 ശതമാനം ഇടിവുണ്ടായി. ഇന്ത്യാ സ്‌പെന്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്താകമാനം 2.5 മില്യണ്‍ തൊഴിലാളികളാണ് ലെതര്‍ വ്യവസായത്തിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലീങ്ങളോ ദളിതരോ ആണ്. ലോകത്തെ ഒമ്പത് ശതമാനം ലെതര്‍ ഉത്പാദനം ഇന്ത്യയില്‍നിന്നാണ്. തുകല്‍ ഉല്‍പാദത്തില്‍ 12.93 ശതമാനവും ഇന്ത്യയില്‍നിന്നാണ്.
പല സ്ഥലങ്ങളിലും പശു വില്‍പന നിരോധിക്കപ്പെട്ടത് ലെതര്‍ ഉല്‍പാദന മേഖലയെയും അവിടെ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളെയും (പ്രധാനമായും അവിടെ കൂടുതലായുള്ള മുസ് ലീങ്ങളും ദളിതരുമായ തൊഴിലാളികള്‍) ഗുരുതരമായി ബാധിച്ചെന്ന് 2017ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2015ല്‍ ലെതര്‍ വ്യവസായത്തില്‍ 6.49 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായി. 2016-17ല്‍ ഇടിവ് 5.66 ബില്യണ്‍ ഡോളറായിരുന്നു. ഇത് 2014-15 സാമ്പത്തിക വര്‍ഷത്തിലുണ്ടായിരുന്ന വിപണിയെക്കാള്‍ 12.78 ശതമാനം കുറവാണ്. അതേസമയം, ചൈനയിലെ ലെതര്‍, ചെരുപ്പ് എന്നിവയുടെ കയറ്റുമതി വര്‍ദ്ധിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
‘പശു കശാപ്പ് നിരോധനത്തിന് പിന്നാലെ രാജ്യത്തെ പ്രാദേശിക വിപണിയില്‍ത്തന്നെ അഞ്ചുമുതല്‍ ആറ് ശതമാനം വരെ കുറവുണ്ടായി’, ലെതര്‍ കയറ്റുമതി കൗണ്‍സില്‍ ചെയര്‍മാന്‍ റഫീഖ് അഹമ്മദ് 2016ല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലെതര്‍ ഉല്‍പന്നങ്ങളുടെ വ്യാവസായിക ഉല്‍പാദനം 2014-15 വര്‍ഷം ഉയര്‍ച്ച കൈവരിച്ചിരുന്നെങ്കിലും പശു കൊലപാതകങ്ങള്‍ നിരന്തര സംഭവങ്ങളായതിന് പിന്നാലെ ഇതില്‍ ക്രമാതീതമായ കുറവ് രേഖപ്പെടുത്തി.
പശുക്കടത്ത് ആരോപിച്ചും കശാപ്പ് ആരോപിച്ചും 37 കൊലപാതകങ്ങള്‍ നടന്ന 2017ല്‍ ലെതര്‍ ഉല്‍പാദവും കയറ്റുമതിയും ഗണ്യമായി കുറഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ‘പശു ഭീകരത’ രാജ്യത്താകമാനം ഭീതി നിറച്ച വര്‍ഷമായിരുന്നു 2017.
2015ല്‍ ഉത്തര്‍പ്രദേശില്‍ പശുമാംസം വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ അക്രമികള്‍ കൊലപ്പെടുത്തിയ 2015ഓടെയാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ചര്‍ച്ചയായതും. അഖ്‌ലാഖിന്റെ കൊലപാതകത്തിന് പിന്നാലെ 2015ല്‍ 12 പശു സംബന്ധിയായ വിഷയങ്ങളില്‍ പത്ത് കൊലപാതകങ്ങള്‍ ഉണ്ടായി. 24 സംഭവങ്ങളിലായി 2016ല്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 2017ല്‍ പലപ്പോഴായി നടന്ന സമാന സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയിരുന്നു. 2018ല്‍ ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഫാക്ട്‌ചെക്ക് ഡോട്ട് ഇന്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019ല്‍ ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്.
പശു വിഷയമാരോപിച്ചുള്ള അക്രമ സംഭവങ്ങളും ലെതര്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലുണ്ടായ ഇടിവും സര്‍ക്കാരിന്റെ നയങ്ങളുടെ പ്രതിഫലനമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
2020ഓടെ ഇന്ത്യന്‍ ലെതര്‍ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്കിങ് ഇന്ത്യ പ്രഖ്യാപനങ്ങളിലൊന്ന്. പ്രാദേശിക വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഇന്ത്യന്‍ ലെതറിന്റെ വിപണനം വന്‍ നേട്ടം കൈവരിക്കുമെന്നായിരുന്നു അദ്ദേഹം എടുത്തുപറഞ്ഞിരുന്നത്.
പശുവിന്റെ പേരില്‍ ആദ്യ കൊലപാതകം നടന്ന 2015 ഒക്ടോബര്‍ എട്ടിന് പ്രധാനമന്ത്രി മോദി എങ്ങനെയാണ് പ്രതികരിക്കുകയെന്ന് രാജ്യം ഉദ്വേഗത്തോടെ നോക്കിയിരുന്നു. ക്രമസമാധാനത്തെയും ദാരിദ്ര്യത്തെയും മുന്‍നിര്‍ത്തിയായിരുന്നു ഈ ഉദ്വേഗം.
ഇവയില്‍ 51 ശതമാനം അക്രമങ്ങളും നടന്നിട്ടുള്ളത് ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സ്ഥലങ്ങളില്‍ 11 ശതമാനം അക്രമങ്ങളും അരങ്ങേറി.
കൃഷിയെയോ കാലിവളര്‍ത്തലിനെയോ ഇറച്ചി കച്ചവടത്തെയോ പശുക്കച്ചവടത്തെയോ ആശ്രയിച്ച് ജീവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളുടെ ദൈനംദിന ജീവിതത്തെയായിരുന്നു ഈ അക്രമസംഭവങ്ങള്‍ താറുമാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ലാണ് കേന്ദ്രം മൃഗസംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവന്നത്. ഇതോടെ മൃഗങ്ങളെ കൈമാറ്റം ചെയ്യുന്നതും വില്‍ക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണം വന്നു. ഇന്ത്യയിലെ ഇറച്ചി കച്ചവടശാലകളിലേക്ക് കശാപ്പിനായി മാടുകളെ വില്‍ക്കുന്നത് ഇതോടെ വലിയ തോതില്‍ കുറഞ്ഞു. ഇത് ലെതര്‍ വ്യവസായത്തെ താറുമാറാക്കി.
2018 ജൂലൈ 24ന് ‘മിന്റ്’ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് 18 ശതമാനം മുസ്‌ലീം കുടുംബങ്ങളും 40 ശതമാനം സിഖ് കുടുംബങ്ങളും 32 ശതമാനം ഹിന്ദു കുടുംബങ്ങളും 13 ശതമാനം ക്രിസ്ത്യന്‍ കുടുംബങ്ങളും കാലികൃഷി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ്.
ഇന്ത്യയില്‍ കന്നുകാലികളുടെ കശാപ്പ് പൂര്‍ണമായും നിരോധിക്കുകയാണെങ്കില്‍, അത് ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഗുരുതര പ്രത്യാഘാതമായിരിക്കുമെന്ന് ഹിന്ദു ബിസിനസ് ലൈന്‍ 2017 ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. 34 മില്യണ്‍ കാളക്കുട്ടികളാണ് ഓരോ വര്‍ഷവും രാജ്യത്തുണ്ടാവുന്നത്. അവ എട്ടു വര്‍ഷം ജീവിക്കുമെന്ന് കരുതുക, അത് വളരെ ചുരുങ്ങിയ കണക്കാണെങ്കില്‍ക്കൂടിയും. ഉപയോഗമില്ലാത്ത 270 മില്യണ്‍ കാളക്കുട്ടികളാകും എട്ടുവര്‍ഷമാകുമ്പോളേക്കും രാജ്യത്ത് പെരുകുക’, സാമ്പത്തിക വിദഗ്ധന്‍ വികാസ് റവാലിനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇത് സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.