'2014ന്' ശേഷം ഒറ്റ കിരീടമില്ല; ടീം ഇന്ത്യയുടെ നാണംകെട്ട തോല്‍വികളിങ്ങനെ...
Sports News
'2014ന്' ശേഷം ഒറ്റ കിരീടമില്ല; ടീം ഇന്ത്യയുടെ നാണംകെട്ട തോല്‍വികളിങ്ങനെ...
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th June 2023, 7:04 pm

ഐ.സി.സിയുടെ മേജര്‍ കിരീടമില്ലാതെ പത്താമത് വര്‍ഷമാണ് ഇന്ത്യന്‍ ക്രിക്കറ്റിന് മുമ്പിലൂടെ കടന്നുപോകുന്നത്. 2013ല്‍ ധോണിക്ക് കീഴില്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിന് ശേഷം ഒറ്റത്തവണ പോലും ഇന്ത്യ ഐ.സി.സിയുടെ ഒരു കിരീടത്തിലും മുത്തമിട്ടിട്ടില്ല.

2014 മുതലുള്ള എല്ലാ ടൂര്‍ണമെന്റിലും ഇന്ത്യ നോക്ക് ഔട്ട് ഘട്ടത്തിലാണ് പുറത്തായിട്ടുള്ളത്. 2014 ടി-20 ലോകകപ്പിന്റെ ഫൈനലില്‍ മലിംഗയുടെ ശ്രീലങ്കക്ക് മുമ്പില്‍ തോല്‍വിയുടെ പരമ്പരയാരംഭിച്ച ഇന്ത്യ ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

 

2014ന് ശേഷം ഐ.സി.സി ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ തോല്‍വികള്‍ പരിശോധിക്കാം.

2014 ടി-20 ലോകകപ്പ് – ഫൈനലില്‍ ശ്രീലങ്കയോട് ആറ് വിക്കറ്റിന്റെ തോല്‍വി

2015 ഏകദിന ലോകകപ്പ് – സെമി ഫൈനലില്‍ ഓസീസിനോട് 95 റണ്‍സിന്റെ തോല്‍വി.

2016 ടി-20 ലോകകപ്പ് – സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഏഴ് വിക്കറ്റിന്റെ തോല്‍വി.

2017 ചാമ്പ്യന്‍സ് ട്രോഫി – ഫൈനലില്‍ പാകിസ്ഥാനോട് 180 റണ്‍സിന്റെ തോല്‍വി.

2019 ഏകദിന ലോകകപ്പ് – സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വി

2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് – ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് എട്ട് വിക്കറ്റിന്റെ തോല്‍വി.

2022 ടി-20 ലോകകപ്പ് – സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന്റെ തോല്‍വി.

2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് – ഫൈനലില്‍ ഓസ്‌ട്രേലിയയോട് 209 റണ്‍സിന്റെ തോല്‍വി.

2003 ലോകകപ്പിലേറ്റ തോല്‍വിക്ക് മധുരപ്രതികാരമെന്നോണമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനെ നോക്കിക്കണ്ടത്. എന്നാല്‍ ഏറെ നാളുകളായി ഇന്ത്യക്ക് മേല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ അധീശത്വം സ്ഥാപിക്കാന്‍ സാധിക്കാതിരുന്ന മൈറ്റി ഓസീസിന്റെ പ്രതികാരത്തിനുള്ള വേദിയായി ഓവല്‍ മാറുകയായിരുന്നു.

ഓവലില്‍ 209 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ചോദിച്ചുവാങ്ങിയത്. അഞ്ചാം ദിവസം ആദ്യ സെഷനില്‍ തന്നെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞാണ് ഇന്ത്യ തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.

വിരാട് കോഹ്‌ലിയെ പുറത്താക്കി സ്‌കോട് ബോളണ്ട് തുടങ്ങിവെച്ച വിക്കറ്റ് വേട്ട നഥാന്‍ ലിയോണും ഏറ്റെടുത്തപ്പോള്‍ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി.

റിഷബ് പന്ത്, കെ.എല്‍. രാഹുല്‍, ജസ്പ്രീത് ബുംറ അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ പരിക്കും ടീം സെലക്ഷനിലെ അപാകതകളും ഫൈനലില്‍ ഇന്ത്യക്ക് തിരിച്ചടിയായി.

മറ്റേത് ടീമിനെക്കാളും മോശം അവസ്ഥയിലാണ് ഇന്ത്യ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. പേ ടിഎം ട്രോഫികളും റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും രാപ്പനി പോലെ കൂട്ടിനുണ്ടെങ്കിലും ഐ.സി.സി ട്രോഫികളുടെ കണക്കെടുമ്പോള്‍ ഭൂതകാലത്തിന്റെ ഓര്‍മകള്‍ മാത്രമാണ് ഇന്ത്യക്കുള്ളത്.

ഈ വര്‍ഷം തന്നെ ഏകദിന ലോകകപ്പും ഇന്ത്യ കളിക്കും. സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരാകണമെന്ന് ക്രിക്കറ്റ് ബോര്‍ഡിന് ആഗ്രഹമില്ലെങ്കിലും അതാഗ്രഹിക്കുന്ന കോടിക്കണക്കിന് ആളുകള്‍ ഈ രാജ്യത്തുണ്ടെന്നും അവര്‍ക്ക് വേണ്ടിയെങ്കിലും കപ്പുയര്‍ത്താന്‍ ടീം ശ്രമിക്കണമെന്നും നിറകണ്ണുകളോടെ ആരാധകര്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിടെ ബി.ജെ.പിയുടെ പതാകയുമായി ഓവലിലെത്തിയ ആരാധകരും വിമര്‍ശനമേറ്റുവാങ്ങിയിരുന്നു. ഇതോടെ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കരുതെന്ന ആവശ്യവും ശക്തമാവുകയാണ്. ബി.സി.സി.ഐ പോലും രാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്ന ആരോപണങ്ങള്‍ക്കിടയിലാണ് ആരാധകരുടെ ഈ പ്രവൃത്തിയും വിമര്‍ശനമേറ്റുവാങ്ങുന്നത്.

 

 

Content Highlight: India’s ICC tournament losses since 2014