ഡിസംബര്‍ 19 എന്ന ദിവസം ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ രണ്ട് രീതിയിലാകും അടയാളപ്പെടുത്തപ്പെടുക. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഏറ്റവും മോശം സ്‌കോറും പിറവിയെടുത്തത് ഡിസംബര്‍ 19നാണ്.
2016ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റാണ് പശ്ചാത്തലം. ഡിസംബര്‍ 16ന് ചെപ്പോക്കില്‍ ആരംഭിച്ച മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ മോയിന്‍ അലിയുടെ സെഞ്ച്വറി (146) കരുത്തില്‍ 477 റണ്‍സ് നേടി. അലിക്ക് പുറമെ അര്‍ധ സെഞ്ച്വറി നേടിയ ജോ റൂട്ട് (88), ലിയാം ഡോവ്‌സണ്‍ (66), ആദില്‍ റഷീദ് (60) എന്നിവരും ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ നിര്‍ണായകമായി.
മോയിന്‍ അലിയുടെ സെഞ്ച്വറിക്കുള്ള മറുപടി നല്‍കിയത് കരുണ്‍ നായരായിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് കരുണ്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. 381 പന്ത് നേരിട്ട് പുറത്താകാതെ 303 റണ്‍സാണ് കരുണ്‍ നായര്‍ സ്വന്തമാക്കിയത്. ഇതോടെ വിരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായും കരുണ്‍ നായര്‍ മാറി.
ഒടുവില്‍ മത്സരത്തിന്റെ നാലാം ദിനമായ ഡിസംബര്‍ 19ന് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 759 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലിന്റെ റെക്കോഡാണ് അന്ന് ചെപ്പോക്കില്‍ കുറിക്കപ്പെട്ടത്.
കരുണ്‍ നായരിന് പുറമെ ഇരട്ട സെഞ്ച്വറിക്ക് ഒരു റണ്‍സകലെ പുറത്തായ കെ.എല്‍. രാഹുലും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
നാലാം ദിനം രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 12 റണ്‍സ് നേടി. എന്നാല്‍ അവസാന ദിവസം രവീന്ദ്ര ജഡേജ ഏഴ് വിക്കറ്റുമായി തിളങ്ങിയതോടെ ഇന്നിങ്‌സിനും 75 റണ്‍സിനും ഇന്ത്യ വിജയം സ്വന്തമാക്കി.
നാല് വര്‍ഷത്തിനിപ്പുറം 2020 ഡിസംബര്‍ 19നാണ് ഇന്ത്യന്‍ ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന ആ മോശം നേട്ടം പിറവിയെടുത്തത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വെറും 36 റണ്‍സിന് പുറത്തായി ഇന്ത്യ അനാവശ്യ റെക്കോഡ് സൃഷ്ടിച്ചു.
ഡിസംബര്‍ 17ന് ആരംഭിച്ച മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 244 റണ്‍സ് നേടി. 74 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സിനിറങ്ങിയ ആതിഥേയരെ 191 റണ്‍സിന് പുറത്താക്കി ഇന്ത്യ ലീഡും നേടി.
മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ എതിരാളികളെ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങും ആരംഭിച്ചു. ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിപ്പിക്കുന്നത്.
മൂന്നാം ദിവസമായ ഡിസംബര്‍ 19ന് ആദ്യ സെഷന്‍ മുതല്‍ക്കുതന്നെ ജോഷ് ഹെയ്‌സല്‍വുഡും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഇന്ത്യയെ വളഞ്ഞിട്ടാക്രമിച്ചു. ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ ആറ് വിക്കറ്റിന് 26 എന്ന നിലയിലായിരുന്നു ഇന്ത്യ. സ്‌കോര്‍ ബോര്‍ഡില്‍ 36 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കവെ അവസാന ബാറ്ററായ മുഹമ്മദ് ഷമി റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്തായതോടെ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഇന്നിങ്‌സ് ടോട്ടലും പിറവിയെടുത്തു.
ഒടുവില്‍ ഇന്ത്യ ഉയര്‍ത്തിയ 90 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.
Content highlight: India’s highest innings total and worst total in Tests came on December 19