| Friday, 29th November 2019, 9:17 pm

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നു; ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കനത്ത ഇടിവ്. രണ്ടാം പാദ സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പി 4.5 ശതമാനമായാണ് ഇടിഞ്ഞത്. ആറ് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളര്‍ച്ചാനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ജി.ഡി.പി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 2012 ആക്കിയതിന് ശേഷം സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുന്നത് ഇത് ആദ്യമായാണ്. അഞ്ച് ശതമാനമായിരുന്നു ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ പാദത്തിലെ സാമ്പത്തിക വളര്‍ച്ച.

റിസര്‍വ് ബാങ്ക്, ഐ.എം.എഫ്, ലോകബാങ്ക് എന്നിവ വളര്‍ച്ചനിരക്കില്‍ ഇടിവുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ഇവയില്‍ ആറു വ്യവസായങ്ങള്‍ ഉല്‍പ്പാദനത്തില്‍ പ്രതിസന്ധി നേരിടുകയാണ്.

കല്‍ക്കരി മേഖലയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 17.6 ശതമാനമാണ് ഇടിവ് സംഭവിച്ചത്. സ്വകാര്യ ഉപഭോഗം, നിക്ഷേപം, കയറ്റുമതി എന്നിവയിലെ മാന്ദ്യമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായത്. ജി.ഡി.പി നിരക്ക് ഇടിഞ്ഞതോടെ റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്കിന് വീണ്ടും കുറവ് വരുത്തേണ്ടി വരും.

എസ്.ബി.ഐ, നൊമുറ ഹോള്‍ഡിങ്‌സ്, ക്യാപിറ്റല്‍ എകണോമിക്‌സ് ലിമിറ്റഡ് എന്നിവയുടെ വളര്‍ച്ചാ നിരക്ക് സെപ്തംബറിലെ സാമ്പത്തിക പാദത്തില്‍ 4.2 ശതമാനത്തിനും 4.7 ശതമാനത്തിനും ഇടയിലാണ്.

വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ആര്‍.ബി.ഐ ഈ വര്‍ഷം അഞ്ചു തവണ പലിശ നിരക്ക് കുറച്ചിരുന്നു. കമ്പനികള്‍ക്ക് 2000 കോടി ഡോളറിന്റെ നികുതി ആനുകൂല്യമടക്കം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ ജി.ഡി.പി 7.5 ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വര്‍ഷം ഏപ്രില്‍-സെപ്തംബര്‍ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് അഞ്ച് ശതമാനമായിരുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഞ്ച് ശതമാനമായിരുന്നു ജി.ഡി.പി വളര്‍ച്ച. തുടര്‍ച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. 2012-2013, ജനുവരി-മാര്‍ച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു ശതമാനം വളര്‍ച്ചാ നിരക്ക് രാജ്യത്തിന് ലഭിക്കണമെങ്കില്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ ശേഷിക്കുന്ന രണ്ട് പാദങ്ങളില്‍ 5.2 ശതമാനമെങ്കിലും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്.

We use cookies to give you the best possible experience. Learn more