| Thursday, 17th March 2022, 7:49 am

റഷ്യക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ വോട്ട് ചെയ്ത് മുന്‍ സുപ്രീംകോടതി ജസ്റ്റിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആംസ്റ്റര്‍ഡാം: ഉക്രൈനിലെ എല്ലാ സൈനിക ഓപ്പറേഷനുകളും റഷ്യ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശിച്ച് അന്താരാഷ്ട്ര കോടതി.

ഇന്ത്യയില്‍ നിന്നും, സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി ഉക്രൈനിലെ റഷ്യന്‍ ഓപ്പറേഷനുകള്‍ക്ക് എതിരായി വോട്ട് ചെയ്തു.

ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ അന്താരാഷ്ട്ര കോടതിയിലെ 15 സിറ്റിങ് ജഡ്ജിമാരില്‍ ഒരാളാണ് ഭണ്ഡാരി. കൊവിഡ് സാഹചര്യം കാരണം ഓണ്‍ലൈനായിട്ടായിരുന്നു അദ്ദേഹം കോടതി നടപടികളില്‍ പങ്കെടുത്തത്.

ഉക്രൈനില്‍ നടക്കുന്ന മാനുഷിക ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായി അറിയാമെന്നും ഉക്രൈനിനെതിരെ റഷ്യ സേനയെ ഉപയോഗിക്കുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് കീഴില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി നിരീക്ഷിച്ചു.

15ല്‍ 13 ജഡ്ജിമാരും റഷ്യക്കെതിരായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. ഇതോടെ 2ന് എതിരെ 13 വോട്ടുകള്‍ക്ക് റഷ്യക്കെതിരായ ഉത്തരവ് പാസായി.

അമേരിക്ക, സ്ലൊവാക്യ, ഫ്രാന്‍സ്, മൊറോക്കോ, സൊമാലിയ, ഉഗാണ്ട, ജമൈക്ക, ലെബനന്‍, ജപ്പാന്‍, ജര്‍മനി, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജസ്റ്റിസുമാര്‍ ഉക്രൈനിലെ ഓപ്പറേഷനുകള്‍ റഷ്യ നിര്‍ത്തലാക്കണമെന്ന് വോട്ട് ചെയ്തപ്പോള്‍ റഷ്യയും ചൈനയുമാണ് എതിര്‍ത്ത രാജ്യങ്ങള്‍.

നെതര്‍ലന്‍ഡ്‌സിലെ ഹാഗിലാണ് ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് അഥവാ അന്താരാഷ്ട്ര കോടതി സ്ഥിതി ചെയ്യുന്നത്.


Content Highlight: India’s former Supreme Court Justice votes against Russia’s military operation in Ukraine at UN court

We use cookies to give you the best possible experience. Learn more