ലോകകപ്പിലെ നിര്‍ണായക സാന്നിധ്യം ഇനി ന്യൂസിലാന്‍ഡില്‍, ഒപ്പം ലങ്കന്‍ ഇതിഹാസവും; ഇന്ത്യയില്‍ കളിക്കാന്‍ കിവികളെത്തുന്നു
Sports News
ലോകകപ്പിലെ നിര്‍ണായക സാന്നിധ്യം ഇനി ന്യൂസിലാന്‍ഡില്‍, ഒപ്പം ലങ്കന്‍ ഇതിഹാസവും; ഇന്ത്യയില്‍ കളിക്കാന്‍ കിവികളെത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th September 2024, 1:57 pm

ഇന്ത്യയുടെ ടി-20 ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ പ്രധാനിയായ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ ഇപ്പോള്‍ പുതിയ ചുമതലയേറ്റെടുത്തിരിക്കുകയാണ്. ന്യൂസിലാന്‍ഡിന്റെ ഏഷ്യന്‍ പര്യടനങ്ങളില്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫായാണ് താരം ചുമതലയേറ്റെടുത്തത്.

ന്യൂസിലാന്‍ഡ് – അഫ്ഗാനിസ്ഥാന്‍ വണ്‍ ഓഫ് ടെസ്റ്റിലാണ് റാത്തോറിന്റെ സേവനം ന്യൂസിലാന്‍ഡ് ടീമിന് ലഭ്യമാവുക.

 

ഗ്രേറ്റര്‍ നോയ്ഡയില്‍ വെച്ചാണ് ഈ മത്സരം നടക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ കൂടുതല്‍ പരിചിതമാകാനാണ് ക്രിക്കറ്റ് ന്യൂസിലാന്‍ഡ് റാത്തോറിനെ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ ഭാഗമാക്കിയിരിക്കുന്നത്.

 

സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 13 വരെയാണ് ന്യൂസിലാന്‍ഡ് – അഫ്ഗാനിസ്ഥാന്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ശേഷം മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്കായി ടീം ശ്രീലങ്കയിലേക്ക് തിരിക്കും.

റാത്തോറിന് പുറമെ ലങ്കന്‍ ഇതിഹാസം രംഗന ഹെറാത്തിനെയും ന്യൂസിലാന്‍ഡ് ഏഷ്യന്‍ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ഇന്ത്യക്ക് വേണ്ടി 90കളില്‍ ആറ് ടെസ്റ്റുകളില്‍ കളത്തിലിറങ്ങിയ താരമാണ് റാത്തോര്‍. ശേഷം 2012ല്‍ ദേശീയ ടീമിന്റെ സെലക്ടറുമായി.

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകസ്ഥാനമേറ്റെടുത്തതോടെയാണ് റാത്തോറും ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായത്. ടി-20 ലോകകപ്പിന് പിന്നാലെ അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കുകയും ചെയ്തിരുന്നു.

 

Content highlight: India’s former batting coach Vikram Rathore appointed as New Zealand’s supporting staff