വാഷിങ്ടണ്‍: വാഷിങ്ടണ്‍ പോസ്റ്റടക്കമുള്ള അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. യു.എസിലെ മാധ്യമങ്ങള്‍ ഇന്ത്യയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് പക്ഷപാതപരമായാണെന്നാണ് ആരോപണം.
ഞായറാഴ്ച യു.എസിലെ ഇന്ത്യന്‍- അമേരിക്കന്‍ വംശജരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞാന്‍ മാധ്യമങ്ങളെ നോക്കുകയാണ്. നിങ്ങള്‍ക്കറിയാവുന്ന ചില പത്രങ്ങളുണ്ട്, ഈ നഗരത്തില്‍ തന്നെയുള്ള ചിലതുണ്ട് (വാഷിങ്ടണ്‍ പോസ്റ്റ്). അവര്‍ എന്താണ് എഴുതിക്കൊണ്ടിരിക്കുന്നത്, എന്താണ് എഴുതാന്‍ പോകുന്നത്.
പക്ഷപാതമുണ്ട് എന്നാണ് ഞാന്‍ പറയുന്നത്. ഇത് നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്, എന്നായിരുന്നു അമേരിക്കയില്‍ ‘ഇന്ത്യാ വിരുദ്ധ ശക്തികള്‍’ വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജയശങ്കര്‍ പറഞ്ഞത്.
കശ്മീര്‍ വിഷയത്തെ ‘തെറ്റായി ചിത്രീകരിക്കുന്ന’ തരത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രീതിയെക്കുറിച്ചുള്ള ചോദ്യത്തിനും വിദേശകാര്യ മന്ത്രി മറുപടി നല്‍കി.
”എത്ര പ്രാവശ്യം ആളുകള്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ട്. വാസ്തവത്തില്‍, മാധ്യമങ്ങളുടെ കവറേജ് നോക്കുക. മാധ്യമങ്ങള്‍ എന്താണ് കവര്‍ ചെയ്യുന്നത്, എന്താണ് കവര്‍ ചെയ്യാത്തത്?
ഇങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ അഭിപ്രായങ്ങളും ധാരണകളും രൂപപ്പെടുന്നത്.
കശ്മീരില്‍ ഇന്റര്‍നെറ്റ് കട്ട് ചെയ്തതിനെക്കുറിച്ച് വലിയ ഒച്ചപ്പാടുണ്ടായിരുന്നു. ഇപ്പോള്‍, ഇന്റര്‍നെറ്റ് കട്ട് ചെയ്യുന്നത് മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ അപകടകരമാണെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍, ഞാന്‍ പിന്നെ എന്ത് ചെയ്യാനാണ്?,” ജയശങ്കര്‍ ചോദിച്ചു.
”ഇവിടെ രാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ അത് വിട്ടുകൊടുക്കരുത്. നമ്മള്‍ എതിര്‍ക്കണം. നമ്മള്‍ ആളുകളെ ബോധവല്‍ക്കരിക്കണം. ഇതൊരു മത്സര ലോകമാണ്. നമുക്ക് നമ്മുടെ സന്ദേശങ്ങള്‍ പുറത്തെത്തിക്കേണ്ടതുണ്ട്. അതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.