സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ അന്തരിച്ചു
national news
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th November 2022, 10:14 am

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു. 106 വയസ്സായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു നേഗിയുടെ അന്ത്യം.

1917 ജൂലൈ ഒന്നിനാണ് ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ നിവാസിയിയായ നേഗിയുടെ ജനനം. സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു.

രാജ്യത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിങ്ങും നടന്നത് 1952 ഫെബ്രുവരിയിലാണെങ്കിലും ഹിമാചല്‍ പ്രദേശില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തുകയായിരുന്നു. ഇതിനെതുടര്‍ന്ന് 1951 ഒക്ടോബര്‍ 25ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് ശ്യാം ശരണ്‍ നേഗിയായിരുന്നു.

ഏറ്റവും ഒടുവില്‍, നവംബര്‍ 12ന് നടക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായി നവംബര്‍ രണ്ടിന് നേഗി പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിരുന്നു.

നേഗിയുടെ സംസ്‌കാര ചടങ്ങിനുള്ള ക്രമീകരണം ജില്ലാ ഭരണകൂടം നടത്തുകയാണെന്നും, പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരമെന്നും ജില്ല കലക്ടര്‍ ആബിദ് ഹുസൈന്‍ അറിയിച്ചു.

സനം രേ എന്ന ഹിന്ദി ചിത്രത്തില്‍ ശ്യാം ശരണ്‍ നേഗി വേഷമിട്ടിട്ടുണ്ട്.

Content highlight: India’s first voter Shyam Saran Negi dies at 106