ന്യൂദല്‍ഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യത്തോടെ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ വര്‍ധന്‍. എന്നാല്‍ ഇതിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ ‘സണ്‍ഡെ സംവാദ്’ ലൂടെയായിരുന്നു ഹര്‍ഷ വര്‍ധന്റെ പ്രതികരണം. വാക്‌സിന്‍ ലഭ്യതയ്ക്ക് അനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ആദ്യമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ വാക്സിനിന്‍റെ വിശ്വാസ്യതയില്‍ ആളുകള്‍ക്ക് പേടിയുണ്ടെങ്കില്‍ ആദ്യ ഡോസ് എടുക്കാന്‍ താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച ശേഷം മാത്രമേ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുവെന്നും മന്ത്രി പറഞ്ഞു.
വാക്സിന്‍ സുരക്ഷ, ചെലവ്, ആവശ്യകത എന്നീ പ്രശ്നങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തുവരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രമായിരിക്കില്ല കയറ്റുമതിക്ക് കൂടി വേണ്ടിയുള്ള വാക്‌സിനുകള്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ ആകെ രോഗികളുടെ എണ്ണം 47 ലക്ഷം കടന്നു. ഇതില്‍ 9,58,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തത് 97,570 കേസുകളാണ്.
ഇതില്‍ 24.000 ലധികം കേസുകള്‍ മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം പത്തു ലക്ഷം കടന്നു. രാജ്യത്ത് ആകെ 77,768 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്.
അതേസമയം, ഇന്ത്യയില്‍ രോഗമുക്തരാകുന്നവരുടെ നിരക്ക് ഉയരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം 81,533 പേരാണ് കൊവിഡ് ഭേദമായി ആശുപത്രിവിട്ടത്.
പ്രതിദിന കൊവിഡ് മുക്തരുടെ കണക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്തെ രോഗമുക്തി നിരക്ക് 77.77 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 36,48,534 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക