| Thursday, 27th July 2023, 9:54 am

2024 ല്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും; അതേത് സര്‍ക്കാര്‍ വന്നാലും: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 ല്‍ ഏത് സര്‍ക്കാര്‍ വന്നാലും ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന കാര്യം ഉറപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. തന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാരില്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ജയറാം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് അടുത്ത കാലങ്ങളിലായി പ്രവചിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

‘ഗണിതപരമായ ഒരു ഉറപ്പാണ് നരേന്ദ്ര മോദി നല്‍കിയിരിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് അടുത്ത കാലങ്ങളിലായി പ്രവചിക്കപ്പെട്ടതാണ്. അതേത് സര്‍ക്കാര്‍ വന്നാലും അങ്ങനെ തന്നെയായിരിക്കും,’ ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ വളര്‍ച്ചയിലുണ്ടാകുന്ന വ്യത്യാസമായിരിക്കും തങ്ങളെ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തരാക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു. സാമൂഹിക വളര്‍ച്ചയും, ജോലി സൃഷ്ടിക്കുന്ന വളര്‍ച്ചയും വരുമാന വളര്‍ച്ചയുമാണ് പ്രതിപക്ഷം ഉറപ്പുനല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ സഖ്യം വളര്‍ച്ചയെ കുറിച്ച് നല്‍കുന്ന ഉറപ്പാണ് സര്‍ക്കാരില്‍ നിന്നുമുള്ള പ്രധാന വ്യത്യാസം. വളര്‍ച്ചയെന്ന് പറയുന്നത് ജോലികള്‍ ഉണ്ടാക്കുന്നതാണ്, അവ ഇല്ലാതാക്കുന്നതല്ല. സാമൂഹികപരമായ വളര്‍ച്ച, വരുമാനം വര്‍ധിപ്പിക്കുന്ന വളര്‍ച്ച, പാരിസ്ഥിതിക സുസ്ഥിര വളര്‍ച്ചയെല്ലാമാണ് ഇന്ത്യ സഖ്യം ഉറപ്പ് നല്‍കുന്നത്,’ ജയറാം രമേശ് പറഞ്ഞു.

അടുത്ത എന്‍.ഡി.എ സര്‍ക്കാരിനെയും താന്‍ തന്നെ നയിക്കുമെന്നും തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയായി മാറുമെന്നുമായിരുന്നു ബുധനാഴ്ച പ്രധാനമന്ത്രി പറഞ്ഞത്. ദല്‍ഹിയില്‍ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡലം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

കഴിഞ്ഞ വര്‍ഷം യു.കെയെ പിന്തള്ളി അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരുന്നു. യു.എസ്, ചൈന, ജപ്പാന്‍, ജര്‍മനി എന്നിവയാണ് ആദ്യ നാലിലുള്ളത്.

Content Highlight: India’s emergence as the world’s third-largest economy is guaranteed: jayaram ramesh

We use cookies to give you the best possible experience. Learn more