| Thursday, 18th August 2022, 7:09 pm

കുറച്ചു റണ്‍സല്ലേ വേണ്ടിയുള്ളൂ, നീ അറ്റാക്ക് ചെയ്യ് ഞാന്‍ പതിയെ നീങ്ങാം; ഇത് ബംഗ്ലാദേശ് അല്ല മോനെ ഇന്ത്യയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്‌വെ പര്യടനത്തിലെ ആദ്യ ഏകദിന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബംഗ്ലാദേശിനെ തോല്‍പിച്ചതിന്റെ കോണ്‍ഫിഡന്‍സില്‍ കളത്തിലെത്തിയ സിംബാബ്‌വെ പക്ഷെ ഇന്ത്യക്ക് മുന്നില്‍ എത്തും പിടിയും കിട്ടാതെ നില്‍ക്കുകയായിരുന്നു.

41ാം ഓവറില്‍ വെറും 189 റണ്‍സില്‍ സിംബാബ്‌വെയെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മറുപടി ബാറ്റിങ്ങിനറിങ്ങിയ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ഓപ്പണിങ്ങിനിറങ്ങിയ വെറ്ററന്‍ താരം ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും അര്‍ധസെഞ്ച്വറികള്‍ നേടിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 72 പന്ത് നേരിട്ട് 82 റണ്‍സുമായി അറ്റാക്ക് ചെയ്താണ് ഗില്‍ കളിച്ചതെങ്കില്‍ ധവാന്‍ സേഫ് ഗെയിമായിരുന്നു കളിച്ചത്.

113 പന്ത് നേരിട്ട് 81 റണ്‍സാണ് ധവാന്‍ നേടിയത്. ചെറിയ സ്‌കോര്‍ ചെയ്‌സ് ചെയ്താല്‍ മതിയെന്ന ബോധത്തിലായിരിക്കാം അദ്ദേഹം പതിഞ്ഞ താളത്തില്‍ ബാറ്റ് വീശിയത്. ഓപ്പണിങ്ങില്‍ നാല് തവണ ഒരുമിച്ചിറങ്ങിയ ധവാന്‍-ഗില്‍ സഖ്യത്തിന്റെ മൂന്നാം സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്നത്തെ മത്സരത്തിലേത്.

കളി ഫിനിഷ് ചെയ്ത ഫോറടക്കം ഒമ്പത് ഫോറാണ് ധവാന്‍ മത്സരത്തില്‍ നേടിയത്. പത്ത് ഫോറും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്.

നേരത്തെ ബൗളിങ്ങില്‍ ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തിയ ദീപക് ചഹറാണ് സിംബാബ്‌വെയുടെ നടുവൊടിച്ചത്. ഏഴ് ഓവറില്‍ 27 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റാണ് അദ്ദേഹം കൊയ്തത്. വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ സിംബാബ്‌വെയുടെ ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് ബാറ്റര്‍മാരെയാണ് അദ്ദേഹം പുറത്താക്കിയത്. സ്പിന്നര്‍ അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റ് നേടിയിരുന്നു.

സിംബാബ്‌വെക്കായി 35 റണ്‍സടിച്ച ക്യാപ്റ്റന്‍ റെജിസ് ചകബ്‌വയും 33 റണ്‍സ് നേടിയ ബ്രഡ് ഇവാന്‍സും 34 റണ്‍സ് നേടിയ റിച്ചാര്‍ഡ് ഗരവയും മാത്രമെ തിളങ്ങിയുള്ളൂ.

ആദ്യ മത്സരം വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യക്ക് അപ്പര്‍ഹാന്‍ഡ് ലഭിച്ചിരിക്കുകയാണ്.

Content Highlight: India’s Easy win over Zimbabwe in first Odi

We use cookies to give you the best possible experience. Learn more