| Sunday, 7th June 2020, 10:42 am

കൊവിഡ് കേസുകള്‍ രണ്ടുമൂന്നു മാസത്തിനുള്ളില്‍ വര്‍ദ്ധിക്കാന്‍ സാധ്യത; ജാഗ്രത വേണമെന്ന് എയിംസ് മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വൈറസ് കേസുകള്‍ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ കൂടാന്‍ സാധ്യതയുണ്ടെന്ന് ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ദേശീയതലത്തില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും ഗുലേറിയ പറഞ്ഞു. എന്‍.ഡി.ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗുലേറിയയുടെ പ്രതികരണം.

അതേസമയം ഹോട്ട്സ്‌പോട്ട് പ്രദേശങ്ങളില്‍ സമൂഹ വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക അകലം പാലിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഗുലേറിയ പറഞ്ഞു.

ദല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ അതിര്‍ത്തി അടച്ച് ദല്‍ഹിയിലെ ആളുകള്‍ക്ക് മാത്രം ദല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ നല്‍കിയാല്‍ മതിഎന്ന ഉദ്ദേശ്യത്തോടെ അതിര്‍ത്തി അടയ്ക്കാനുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നീക്കം ശരിയായ തീരുമാനമല്ലെന്നും ഗുലേറിയ പറഞ്ഞു. ഇന്ത്യയിലെ എല്ലാവരും ഒന്നാണെന്നും ഒരാള്‍ക്കും ചികിത്സ നിഷേധിക്കുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ സ്പെയിനിനെയും മറികടന്നു. 2,43,733 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. സ്പെയിനില്‍ 2,40,978 പേര്‍ക്കും. ഇതോടെ ഏറ്റവുമധികം കോവിഡ് രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more