വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024 ചാമ്പ്യന്‍മാരായി ഇന്ത്യ ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച ടൂര്‍ണമെന്റിലെ ആദ്യ ചാമ്പ്യന്‍മാരാകാനും ഇന്ത്യക്ക് സാധിച്ചു.
സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്.
ആദ്യ റൗണ്ടില്‍ അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. ആദ്യ രണ്ട് മത്സരത്തിലും പരാജയമറിയാതെ കുതിച്ച ഇന്ത്യ പാകിസ്ഥാനോടും ഓസ്‌ട്രേലിയയോടും പ്രോട്ടിയാസിനോടും തോല്‍ക്കുകയായിരുന്നു.
ആദ്യ റൗണ്ടില്‍ തങ്ങളെ തോല്‍പിച്ച ടീമുകളെയാണ് ഇന്ത്യ നോക്ക് ഔട്ടില്‍ പരാജയപ്പെടുത്തിയത് എന്നതാണ് യുവരാജിന്റെയും സംഘത്തിന്റെയും കിരീട നേട്ടത്തിന് മാറ്റ് കൂട്ടുന്നത്.
നോര്‍താംപ്ടണ്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കങ്കാരുക്കള്‍ക്കെതിരെ 86 റണ്‍സിന്റെ പടുകൂറ്റന്‍ ജയം നേടിയാണ് ഇന്ത്യ കലാശപ്പോരാട്ടതിന് യോഗ്യത നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ 255 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ ഓസ്ട്രേലിയ ചാമ്പ്യന്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് മാത്രമാണ് നേടിയത്.
നാല് ഇന്ത്യന്‍ താരങ്ങളാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഓപ്പണര്‍ റോബിന്‍ ഉത്തപ്പക്കും ക്യാപ്റ്റന്‍ യുവരാജ് സിങ്ങിനും പുറമെ ഇര്‍ഫാന്‍-യൂസുഫ് പത്താന്‍മാരും തകര്‍ത്തടിച്ചപ്പോള്‍ ഓസ്ട്രേലിയ ചാമ്പ്യന്‍സ് കളി മറന്ന അവസ്ഥയിലെത്തി.
റോബിന്‍ ഉത്തപ്പ 35 പന്തില്‍ 65 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 59റണ്‍സാണ് നായകന്‍ യുവരാജ് സിങ് നേടിയത്. 23 പന്തില്‍ പുറത്താകാതെ 51 റണ്‍സുമായി യൂസുഫ് പത്താന്‍ തിളങ്ങിയപ്പോള്‍ 19പന്തില്‍ അമ്പതടിച്ചാണ് ഇര്‍ഫാന്‍ പത്താന്‍ തന്റെ മാസ്റ്റര്‍ ക്ലാസ് വ്യക്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 168 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചാണ് പാകിസ്ഥാന്‍ ഫൈനലിനെത്തിയത്. ടൂര്‍ണമെന്റിലിതുവരെ ഒറ്റ തോല്‍വി മാത്രമായിരുന്നു പാകിസ്ഥാന്റെ പേരിലുണ്ടായിരുന്നത്. എന്നാല്‍ ഫൈനലില്‍ യൂനിസ് ഖാനെയും സംഘത്തെയും കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു.
ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി.
അംബാട്ടി റായിഡുവിന്റെ അര്‍ധ സെഞ്ച്വറിയും ഗുര്‍കിരാത് മന്‍, യൂസുഫ് പത്താന്‍ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവെ സൂപ്പര്‍ താരം ഷര്‍ജീല്‍ ഖാനെ നഷ്ടമായെങ്കിലും ടീമിന്റെ ടോപ് ഓര്‍ഡര്‍ ചെറുത്തുനിന്നു.
ഷോയ്ബ് മഖ്സൂദ് 12 പന്തില്‍ 21 റണ്‍സ് നേടി മടങ്ങിയപ്പോള്‍ കമ്രാന്‍ അക്മല്‍ 19പന്തില്‍ 24 റണ്‍സും നേടി. 36 പന്തില്‍ 41 റണ്‍സ് നേടിയ ഷോയ്ബ് മാലിക്കാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മൂന്ന് സിക്സറാണ് താരത്തിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്.
ഒമ്പതാം നമ്പറില്‍ ക്രീസിലെത്തിയ സൊഹൈല്‍ തന്‍വീറാണ് പാകിസ്ഥാന്റെ മറ്റൊരു റണ്‍ ഗെറ്റര്‍. ഒമ്പത് പന്തില്‍ പുറത്താകാതെ 19 റണ്‍സാണ് താരം നേടിയത്. രണ്ട് ഫോറും ഒരു സിക്സറും തന്‍വീര്‍ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാര്‍ ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
മൂന്നാം ഓവറിലെ നാലാം പന്തില്‍ സെമി ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്ന റോബിന്‍ ഉത്തപ്പയെ ഇന്ത്യക്ക് നഷ്ടമായി. ആമേര്‍ യാമിന്റെ പന്തില്‍ സൊഹൈല്‍ ഖാന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ സുരേഷ് റെയ്ന നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി.
എന്നാല്‍ പിന്നാലെയെത്തിയ ഗുര്‍കിരാത് മന്‍, യൂസുഫ് പത്താന്‍ എന്നിവരുടെ കരുത്തില്‍ അഞ്ച് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Content Highlight: India’s comeback in World Championship of Legends