| Sunday, 10th December 2023, 4:57 pm

മറ്റൊരു ഷമിയെ സൃഷ്ടിക്കാന്‍ ഇനി ആര്‍ക്കും കഴിയില്ല: ഇന്ത്യന്‍ ബൗളിങ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടത് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഷമിയുടെ ഐതിഹാസ പ്രകടനത്തില്‍ ഇന്ത്യയുടെ ബൗളിങ് കോച്ച് പരാസ് മാംബ്രെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

‘ഷമിയെപോലെ മറ്റൊരു ബൗളറെ ഇനി സൃഷ്ടിക്കുന്നത് അസാധ്യമാണ്. ഒരു ബൗളര്‍ പന്ത് ശരിയായ സീമില്‍ ലാന്‍ഡ് ചെയ്യിപ്പിക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്കും ഷമിയെപോലെയാകാം,’ പരാസ് മാംബ്രെ പി.ടി.ഐയോട് പറഞ്ഞു.

ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 23 വിക്കറ്റുകളാണ് മുഹമ്മദ് ഷമി നേടിയത്. തന്റെ ആക്രമണ ബൗളിങ്ങില്‍ നിരവധി വിക്കറ്റുകള്‍ വീഴ്ത്തുക മാത്രമല്ല ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കി പുതിയ ചരിത്രം കുറിക്കാനും ഷമിക്ക് കഴിഞ്ഞിരുന്നു. ലോകകപ്പിലെ വിക്കറ്റ് വേട്ടയിലും ഷമിതന്നെയാണ് മുന്നില്‍. ഷമിയെപോലെ ഒരു ബൗളറെ സൃഷ്ടിക്കുന്നത് പരിശീലനത്തിന്റെയും അപ്പുറത്താണെന്നും മാംബ്രെ പറഞ്ഞു.

‘ഷമിയുടെ കഴിവ് കഠിനമായ അധ്വാനത്തിലൂടെയാണ് ഉണ്ടായത്. ഇത് അവനെ ഒരു മികച്ച ബൗളറാക്കി. ഓരോ പന്തും കൃത്യമായ പൊസിഷനിലാണ് അവന്‍ എറിയുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ നാലു മത്സരങ്ങളില്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ ഹര്‍ദിക്ക് പാണ്ഡ്യക്ക് പരിക്ക് പറ്റിയതിനുശേഷമാണ് ഷമി ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഷമിയുടെ കൂടെ പന്ത് എറിഞ്ഞ സഹ പേസര്‍ ജസ്പ്രിത് ബുംറയും തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് മാംബ്രെ കൂട്ടിച്ചേര്‍ത്തു.

‘സത്യസന്ധമായി പറയുകയാണ്, ബൗളിങ്ങില്‍ ഇത്രയും ആധിപത്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ശ്രീലങ്കയേയും സൗത്ത് ആഫ്രിക്കയേയും തകര്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഏറ്റവും വലിയ വേദിയില്‍ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു, അത് ശ്രദ്ധേയമാണ്,’ അദ്ദേഹം അവസാനിപ്പിച്ചു.

സൗത്ത് ആഫ്രിക്കയുമായി ഓള്‍ ഫോര്‍മാറ്റ് പരമ്പര നടക്കാനിരിക്കുകയാണ് എന്നാല്‍ വൈറ്റ് ബൗളില്‍ നിന്ന് ഷമി മാറി നില്‍ക്കുകയും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുമെന്നും ഷമി ഇതിനോടകം പറഞ്ഞിരുന്നു. കാലിന് പറ്റിയ പരിക്കില്‍ വിശ്രമത്തിലായിരുന്നു താരം.

Content Highlight: India’s bowling coach Paras Mambre praised Mohammad Shami’s legendary performance

We use cookies to give you the best possible experience. Learn more