| Thursday, 24th October 2024, 11:55 am

സമ്പന്ന സൂചികയില്‍ താഴോട്ട്; രണ്ടുദിവസത്തിനിടെ അംബാനിക്ക് നഷ്ടം 17,600 കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ ശതകോടീശ്വരനായ അംബാനിയുടെ ആസ്തികളില്‍ ഇടിവ് സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസനത്തിനിടെ അംബാനിക്ക് 17,600 കോടി രൂപ (2.1 ബില്യണ്‍ ഡോളര്‍) യുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ സമ്പന്നരുടെ പട്ടികയില്‍ അംബാനിയുടെ സ്ഥാനം ദിനംപ്രതി താഴുകയാണ്. ഒക്ടോബര്‍ 21ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബ്ലൂംബെര്‍ഗിന്റെ ബില്യണര്‍ സൂചികയില്‍ അംബാനി 15-ാം സ്ഥാനത്തായിരുന്നു. 8,55,900 കോടി രൂപ (103 ബില്യണ്‍ ഡോളര്‍)യുടെ സമ്പത്തായിരുന്നു ആ ദിവസത്തെ അംബാനിയുടെ ആസ്തി.

നിലവില്‍ ലോക സമ്പന്നരില്‍ അംബാനി 17 സ്ഥാനത്താണ്. 8,38,300 കോടി രൂപയാണ് അംബാനിയുടെ ഇപ്പോഴത്തെ ആസ്തി. അതേസമയം ബ്ലൂംബെര്‍ഗിന്റെ ബില്യണര്‍ സൂചികയില്‍ മുന്നിലുള്ള ഇന്ത്യക്കാരന്‍ അംബാനി തന്നെയാണ്.

അംബാനിയ്ക്ക് ശേഷം ഗൗതം അദാനിയാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. 7,71,900 കോടി രൂപയുടെ ആസ്തിയാണ് അദാനിക്കുള്ളത്. 98.7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി അംബാനി 18-ാം സ്ഥാനത്താണ്.

സമ്പന്ന സൂചികയില്‍ ശതകോടീശ്വരന്മാര്‍ക്ക് ഒരു ദിവസം ആയിരക്കണക്കിന് കോടികള്‍ നഷ്ടപ്പെടുകയോ നേടുകയോ ചെയ്യുന്നത് സാധാരണമായ ഒന്നാണ്. എന്നാല്‍ തുടര്‍ച്ചയായ ഇടിവ് കാര്യമായി നിരീക്ഷിക്കപ്പെടുന്നതുമാണ്. ഒക്ടോബര്‍ 15ന് പുറത്തുവന്ന വരുമാന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അംബാനിയുടെ സമ്പത്തില്‍ ഇടിവുണ്ടായത്.

അംബാനി ഇടിവ് നേരിട്ടപ്പോള്‍ അദാനി 266 കോടി രൂപ മൂല്യമുള്ള സ്വത്തുസമ്പാദനം നടത്തിയിട്ടുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേരിട്ട പ്രതിസന്ധിയാണ് അംബാനിയ്ക്ക് തിരിച്ചടിയായത്.

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക അനുസരിച്ച്, ലോകത്തിലെ ഏറ്റവും ധനികന്‍ ടെസ്ലയും സ്പേസ് എക്സ് സി.ഇ.ഒയുമായ എലോണ്‍ മസ്‌ക്കാണ്. 242 ബില്യണ്‍ ഡോളറാണ് (20 ലക്ഷം കോടി രൂപ) മസ്‌ക്കിന്റെ ആസ്തി.

ആമസോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ജെഫ് ബെസോസിനും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനും യഥാക്രമം 210 ബില്യണ്‍ ഡോളറും (17.6 ലക്ഷം കോടി രൂപ) 204 ബില്യണ്‍ ഡോളറും (17 ലക്ഷം കോടി രൂപ) ആസ്തിയുണ്ട്.

Content Highlight: India’s billionaire Ambani’s assets are reportedly on the decline

We use cookies to give you the best possible experience. Learn more