ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ സിംബാബ്‌വേ അമേരിക്കയെ തോല്‍പിച്ചതോടെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – ശ്രീലങ്ക മത്സരവും വീണ്ടും ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുകയാണ്. ഹരാരെയില്‍ ഷെവ്‌റോണ്‍സ് 304 റണ്‍സിന് അമേരിക്കയെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയും കാര്യവട്ടം സ്‌റ്റേഡിയവും ചര്‍ച്ചയുടെ ഭാഗമായത്.
304 റണ്‍സിന്റെ മാര്‍ജിനില്‍ വിജയിച്ചിട്ടും ഏകദിനത്തിലെ ഏറ്റവും വലിയ വിജയമായി ആഘോഷിക്കാന്‍ സിംബാബ്‌വേക്ക് സാധിച്ചിരുന്നില്ല. ഏകദിനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വിജയമാണിത്.
ഇതോടെ ഏകദിനത്തിലെ ഏറ്റവും വലിയ വിജയമെന്ന ഇന്ത്യയുടെ റെക്കോഡാണ് വീണ്ടും ചര്‍ച്ചയുടെ ഭാഗമായത്. 2023 ജനുവരിയില്‍, തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ നേടിയ 317 റണ്‍സിന്റെ വിജയമാണ് വണ്‍ ഡേയിലെ റെക്കോഡ് വിജയം.
അന്ന് വിരാട് കോഹ്‌ലിയുടെ അപരാജിത സെഞ്ച്വറിയും മുഹമ്മദ് സിറാജിന്റെ അവിശ്വസനീയമായ സ്‌പെല്ലിന്റെ കരുത്തിലുമാണ് ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്.
ലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനമായിരുന്നു അത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമ്മര്‍ദമേതുമില്ലാതെയാണ് കളത്തിലിറങ്ങിയത്.
ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. ടീം സ്‌കോര്‍ 95ല്‍ നില്‍ക്കവെ 42 റണ്‍സ് നേടിയ രോഹിത് പുറത്തായി. പിന്നാലെയെത്തിയ വിരാട് കോഹ്‌ലി ഗില്ലിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തി. ഇരുവരുടെയും സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ റണ്‍മല തന്നെ പടുത്തുയര്‍ത്തി.
97 പന്തില്‍ നിന്നും 116 റണ്‍സുമായി ഗില്‍ മടങ്ങിയപ്പോള്‍, 110 പന്തില്‍ നിന്നും എട്ട് സിക്‌സറും 13 ബൗണ്ടറിയുടെയും അകമ്പടിയോടെ 166 റണ്‍സ് നേടിയ വിരാട് പുറത്താകാതെ നിന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 390 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ സിറാജും ഷമിയും കുല്‍ദീപ് യാദവും ചേര്‍ന്ന് എറിഞ്ഞിട്ടപ്പോള്‍ പിറന്നത് ചരിത്രമാണ്. സിറാജ് 32 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി 20 റണ്‍സിന് രണ്ടും കുല്‍ദീപ് യാദവ് 16 റണ്‍സിന് രണ്ടും വിക്കറ്റും വീഴ്ത്തി. ഒടുവില്‍ 22 ഓവറില്‍ ലങ്ക 73 റണ്‍സിന് ഓള്‍ ഔട്ടായി.
19 റണ്‍സ് നേടിയ നുവാനിന്ദു ഫെര്‍ണാണ്ടോ ആയിരുന്നു ലങ്കയുടെ ടോപ് സ്‌കോറര്‍. 317 റണ്‍സിന് മത്സരം വിജയിച്ച ഇന്ത്യ 3-0ന് പരമ്പര വൈറ്റ് വാഷ് ചെയ്യുകയും ചെയ്തു.
ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വിജയ മാര്‍ജിനുകള്‍ (റണ്‍ അടിസ്ഥാനത്തില്‍)
(ടീം – മാര്‍ജിന്‍ – ടാര്‍ഗെറ്റ് – എതിരാളികള്‍ എന്ന ക്രമത്തില്‍)
ഇന്ത്യ – 317 റണ്‍സ് – 391 – ശ്രീലങ്ക
സിംബാബ്‌വേ – 304 റണ്‍സ് – 409 – യു.എസ്.എ
ന്യൂസിലാന്‍ഡ് – 290 റണ്‍സ് – 403 – അയര്‍ലാന്‍ഡ്
ഓസ്‌ട്രേലിയ – 275 റണ്‍സ് – 418 – അഫ്ഗാനിസ്ഥാന്‍
സൗത്ത് ആഫ്രിക്ക – 272 റണ്‍സ് – 400 – സിംബാബ്‌വേ
സൗത്ത് ആഫ്രിക്ക – 258 റണ്‍സ് – 302 – ശ്രീലങ്ക
ഇന്ത്യ – 257 റണ്‍സ് – 414 – ബെര്‍മുഡ
സൗത്ത് ആഫ്രിക്ക – 257 റണ്‍സ് – 409 – വെസ്റ്റ് ഇന്‍ഡീസ്
ഓസ്‌ട്രേലിയ – 256 റണ്‍സ് – 302 – നമീബിയ
ഇന്ത്യ – 256 റണ്‍സ് – 375 – ഹോങ് കോങ്
Content highlight: India’s biggest victory in Green Field Stadium