| Thursday, 30th June 2022, 12:08 pm

അമേരിക്കന്‍ ഡോളറല്ല, റഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതിക്ക് ഇന്ത്യന്‍ സിമന്റ് നിര്‍മാണ കമ്പനി നല്‍കുന്നത് ചൈനീസ് യുവാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മാണ കമ്പനിയായ അള്‍ട്രാടെക് സിമന്റ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് നല്‍കുന്നത് ചൈനീസ് രൂപയായ യുവാന്‍.

ഇന്ത്യന്‍ കസ്റ്റംസ് ഡോക്യുമെന്റ് ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ അഞ്ച് ഇന്‍വോയ്‌സ് രേഖപ്പെടുത്തിയ ഡോക്യുമെന്റില്‍ 172,652,900 യുവാന്‍ (25.81 മില്യണ്‍) മൂല്യമുള്ള കാര്‍ഗോ ട്രാന്‍സാക്ഷനാണ് നടന്നിരിക്കുന്നത്.

റഷ്യന്‍ നിര്‍മാണകമ്പനിയായ SUEKല്‍ നിന്നും 1,57,000 ടണ്‍ കല്‍ക്കരിയാണ് അള്‍ട്രാടെക് വാങ്ങുന്നത്. ചൈനീസ് യുവാന്‍ വഴിയുള്ള ഈ പേയ്‌മെന്റ് സിസ്റ്റം കൂടുതല്‍ വ്യാപകമാകാന്‍ സാധ്യതയുള്ളതായും ട്രേഡര്‍മാര്‍ പറയുന്നു.

അള്‍ട്രാടെക്കിന് പുറമെ മറ്റ് കമ്പനികള്‍ കൂടി യുവാന്‍ ഉപയോഗിച്ച് റഷ്യന്‍ കല്‍ക്കരി വാങ്ങാന്‍ ഓര്‍ഡറുകള്‍ നല്‍കിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് കറന്‍സിയായ യുവാന്റെ ഉപയോഗം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വര്‍ധിക്കുന്നതിലൂടെ അമേരിക്കന്‍ ഡോളറിന് മാര്‍ക്കറ്റിലുള്ള മേധാവിത്തത്തിന് ഇടിവ് വരും. സ്വാഭാവികമായും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ ചുമത്തിയിട്ടുള്ള വിവിധ സാമ്പത്തിക ഉപരോധങ്ങളെ ഇത് കൂടുതല്‍ നിഷ്ഫലമാക്കും.

ക്രോസ് ബോര്‍ഡര്‍ ഇടപാടുകള്‍ക്ക് ചൈനീസ് കറന്‍സി ഉപയോഗിക്കാന്‍ തുടങ്ങുന്നത് അമേരിക്കന്‍ സാമ്പത്തിക ശക്തിക്ക് വലിയ വെല്ലുവിളിയായേക്കാം. യുവാന് അന്താരാഷ്ട്ര തലത്തില്‍ സ്വാധീനം കൂടുകയും ചെയ്യും.

സാമ്പത്തിക ശക്തി എന്ന നിലയില്‍ അമേരിക്കയുടെ നേരിട്ടുള്ള കോംപറ്റീറ്റര്‍ കൂടിയായ ചൈന, ഉക്രൈന്‍ വിഷയത്തില്‍ റഷ്യയെ ശക്തമായി പിന്തുണക്കുന്ന രാജ്യം കൂടിയാണ്.

നേരത്തെ, എണ്ണ വില്‍പനയില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ യുവാന്റെ മൂല്യം കുത്തനെ കൂടിയിരുന്നു.

ഉക്രൈന്‍- റഷ്യ യുദ്ധം ആരംഭിക്കുകയും റഷ്യക്ക് മേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തത് മുതല്‍തന്നെ അമേരിക്കന്‍ ഡോളര്‍ കേന്ദ്രീകൃത ആഗോള എക്കണോമിയില്‍ നിന്നും മാറി ചിന്തിക്കേണ്ടതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

അമേരിക്കയടക്കം ഉപരോധം പ്രഖ്യാപിച്ചിരുന്നെങ്കിലും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നിരുന്നു.

റഷ്യയുമായുള്ള വ്യാപാര ഇടപാടുകള്‍ക്ക് ഇന്ത്യന്‍ രൂപയിലൂടെ പേയ്‌മെന്റ് നടത്താന്‍ ഇന്ത്യ ആലോചിച്ചിരുന്നെങ്കിലും അത് പ്രാവര്‍ത്തികമായിരുന്നില്ല. അതേസമയം വര്‍ഷങ്ങളായി റഷ്യയുമായുള്ള വ്യാപാര ഇടപാടുകള്‍ ചൈന നടത്തുന്നത് യുവാനിലൂടെയാണ്.

Content Highlight: India’s biggest cement producer is paying for Russian coal in Chinese yuan

We use cookies to give you the best possible experience. Learn more