| Friday, 10th April 2020, 10:02 pm

ആരോഗ്യ മേഖലയ്ക്ക് വീണ്ടും അഭിമാന നേട്ടം; രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ 12 എണ്ണം കേരളത്തില്‍; പ്രതിസന്ധിഘട്ടത്തിലെ അംഗീകാരമെന്ന് കെ.കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ ഈ ബഹുമതി നേടുന്നത്. ഇതോടെ രാജ്യത്തെ മികച്ച പി.എച്ച്.സി ഗണത്തില്‍ ആദ്യ 12 സ്ഥാനവും കേരളം കരസ്ഥമാക്കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ അംഗീകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കുന്നതാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 64 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയത്.

ജില്ലാതലം, സംസ്ഥാനതലം എന്നീ പരിശോധനയ്ക്കു ശേഷം എന്‍.എച്ച്.എസ്.ആര്‍.സി നിയമിക്കുന്ന ദേശീയതല വിദഗ്ധര്‍ നടത്തുന്ന പരിശോധനകള്‍ക്കു ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന സ്ഥാപനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണ് ഉള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more